നിസ്സാര കേസുകൾ മറച്ചുവെക്കുന്നത്ജോലിയിൽനിന്ന് പുറത്താക്കാൻ കാരണമല്ല
text_fieldsകൊച്ചി: നിസ്സാരമായ ക്രിമിനൽ കേസുകൾ മറച്ചുവെച്ചതിന്റെ പേരിൽ ജീവനക്കാരെ പിരിച്ചുവിടാനാവില്ലെന്ന് ഹൈകോടതി. മൈനർ കേസുകൾ വെളിപ്പെടുത്തിയില്ലെന്നത് ജോലിയിൽനിന്ന് പിരിച്ചുവിടാൻ മതിയായ കാരണമല്ലെന്ന സുപ്രീംകോടതി വിധിയടക്കം ഉദ്ധരിച്ചാണ് ജസ്റ്റിസ് സി.കെ. സിംഗിന്റെ ഉത്തരവ്. ജനറൽ റിസർവ് എൻജിനീയറിങ് ഫോഴ്സിലെ മെക്കാനിക്കൽ ഡ്രൈവറായിരുന്ന കൊല്ലം ശക്തികുളങ്ങര സ്വദേശി എസ്. ഹരിലാൽ നൽകിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. പുറത്താക്കിയ നടപടി പുനഃപരിശോധിക്കാനും ഉത്തരവിട്ടു.
ജോലിയിൽ പ്രവേശിച്ചപ്പോൾ നിലവിലുണ്ടായിരുന്ന രണ്ട് ക്രിമിനൽ കേസുകൾ മറച്ചുെവച്ചു എന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹരജിക്കാരനെ പിരിച്ചുവിടാൻ കമാൻഡിങ് ഓഫിസർ നടപടിയെടുത്തത്. എന്നാൽ, തനിക്കെതിരായ ആക്രമണക്കേസ് ഹൈകോടതി റദ്ദാക്കിയതായും റോഡ് ഗതാഗതം തടസ്സപ്പെടുത്തിയെന്ന കേസ് പിഴ അടച്ച് തീർപ്പാക്കിയതായും ഹരജിക്കാരൻ വാദിച്ചു.
കോളജ് വിദ്യാർഥിയായിരുന്ന കാലത്തെ കേസുകളാണിതെന്നും ചൂണ്ടിക്കാട്ടി. ജോലി നേടിയ സമയത്ത് നിലനിന്നിരുന്ന കേസുകൾ മറച്ചുെവച്ചത് അയോഗ്യതയാണെന്നായിരുന്നു കേന്ദ്രസർക്കാറിന്റെ വാദം. ഹരജിക്കാരനെതിരായ ഈ കുറ്റങ്ങൾ ഗുരുതര ധാർമിക പ്രശ്നങ്ങൾ ഉയർത്തുന്നതല്ലെന്നും കേസുകൾ തീർപ്പായതാണെന്നും കോടതി വിലയിരുത്തി. തുടർന്നാണ് പുറത്താക്കിയ നടപടി പുനഃപരിശോധിക്കാൻ നിർദേശിച്ചത്. ഹരജിക്കാരനെക്കൂടി കേട്ട് ഒരുമാസത്തിനകം നിയമപരമായ തീരുമാനമെടുക്കാനും കമാൻഡിങ് ഓഫിസർക്ക് നിർദേശം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.