'കാസ'ക്ക് ഫണ്ട് ചെയ്യുന്നത് ബി.ജെ.പി, ലക്ഷ്യം വർഗീയ ധ്രുവീകരണം, കാസ എന്ന പേരിട്ട് അവരെ വിളിക്കരുത് -ഹൈബി ഈഡൻ എം.പി
text_fieldsകൊച്ചി: തീവ്ര ക്രിസ്ത്യൻ വർഗീയ സംഘടനയായ 'കാസ' ബി.ജെ.പി ഉൽപന്നമാണെന്ന് കോൺഗ്രസ് നേതാവും കെ.പി.സി.സി സോഷ്യൽ മീഡിയ സെൽ ചെയർമാനുമായ ഹൈബി ഈഡൻ എം.പി. ആ സംഘടനയെ 'കാസ' എന്ന് പേര് വിളിക്കാൻ പാടില്ലെന്നും സി.എ.എസ്.എ എന്നാണ് ആ സംഘടനയുടെ പേരെന്നും അദ്ദേഹം പറഞ്ഞു. ഒരു ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഹൈബി ഈഡന്റെ പ്രതികരണം.
'കാസ' എന്നത് ക്രൈസ്തവർ വിശ്വസിക്കുന്ന അവരുടെ വിശുദ്ധമായ ഒരു സംഘത്തിന്റെ പേരാണ്. അതിനെ ഏതെങ്കിലും ബി.ജെ.പി ഹാൻഡിലുകളിൽ നിന്ന് കൈകാര്യം ചെയ്യുന്ന സാമൂഹ്യമാധ്യമങ്ങളുടെ പേരായി താൻ വിളിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഹൈബി ഈഡൻ തുറന്നടിച്ചു. ഇവർക്ക് ഫണ്ട് ചെയ്യുന്നത് ബി.ജെ.പിയാണ്, അവരുടെ ലക്ഷ്യം വർഗീയ ധ്രുവീകരണമാണ്. തനിക്കെതിരെ അവർ ഉയർത്തുന്ന വിമർശനങ്ങളെ കാര്യമാക്കുന്നില്ലെന്നും ഹൈബി പറഞ്ഞു.
പള്ളുരുത്തി സ്കൂളിലെ ശിരോവസ്ത്ര വിവാദത്തിൽ തന്റെ പേര് വലിച്ചിഴച്ചതിലും ഹൈബി പ്രതികരിച്ചു. "ഞാൻ വിദേശത്തായിരിക്കുമ്പോഴാണ് സംഭവം നടക്കുന്നത്. രാവിലെ നാട്ടിൽ ലാൻഡ് ചെയ്തു. ഉച്ചക്ക് മുൻപ് തന്നെ സ്കൂളിൽ പോയി. ഡി.സി.സി പ്രസിഡന്റ് ഷിയാസുമുണ്ട്. മാനേജ്മെന്റ് പ്രതിനിധികളുമായും കുട്ടിയുടെ പിതാവുമായും സംസാരിച്ചു. അവർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ, സാമുദായിക സൗഹാർദം നിലനിൽക്കണം എന്ന് കരുതിയുള്ള ഒരു നിലപാടാണ് സ്വീകരിച്ചത്.
കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയെന്നാണ് എനിക്കെതിരെ വന്ന പ്രധാനവിമർശനം. അങ്ങനെ ഞാൻ ഭീഷണിപ്പെടുത്തി എന്ന് അദ്ദേഹം എന്റെ മുന്നിൽ വന്ന് പറഞ്ഞാൽ, ആ സമയം, ഞാൻ എന്റെ എം.പി സ്ഥാനം രാജിവെക്കും. കാരണം, അദ്ദേഹം രാത്രി 11 മണിവരെ എന്റെ വീട്ടിലുണ്ടായിരുന്നു. എന്റെ വിമർശനം അവസരം മുതലെടുക്കുന്ന ബി.ജെ.പിക്കതിരെയായിരുന്നു. അവിടെത്തെ പി.ടി.എ പ്രസിഡന്റിന്റെ രാഷ്ട്രീയത്തെയും ചോദ്യം ചെയ്തു. അതിനെതിരെയും എനിക്കെതിരെ വിമർശനം ഉയർന്നു. ഞാൻ ചെയ്തത് എന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. കമ്യൂണലി സെൻസിറ്റീവായ വിഷയം ആളി കത്തിക്കണ്ട, അത് മുതലാക്കാൻ നിൽക്കുന്ന ഫാഷിസ്റ്റുകൾക്ക് വളംവെച്ച് കൊടുക്കേണ്ട എന്ന വളരെ ക്ലിയാറായ സ്റ്റാൻഡായിരുന്നു എടുത്തത്.'-ഹൈബി ഈഡൻ പറഞ്ഞു.
ആർ.എസ്.എസ് കഴിഞ്ഞ കാൽനൂറ്റാണ്ടായി കേരളത്തിൽ പലപദ്ധതികളും പരീക്ഷിച്ച് പരാജയപ്പെട്ടപ്പോൾ ക്രിസ്ത്യാനികളേയും മുസ്ലിംകളെയും അകറ്റുക എന്ന ജോലിയാണ് അവർ ചെയ്തതെന്നും അത് ഒരു പരിധിവരെ വിജയിച്ചതാണ് തൃശൂർ ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ടതെന്നും ഹൈബി പറഞ്ഞു. പരമാവധി വിദ്വേഷം പടർത്തി ന്യൂനപക്ഷങ്ങളെ അകറ്റാണ് അവർ നിരന്തരം ശ്രമിച്ചത്. ഇതിന്റെ ഫലമായി കേരളത്തിൽ ഒരു സാമുദായി കലാപം ഉണ്ടാകുമോ എന്ന ഭയമാണ് ഞങ്ങളെ പോലുള്ള ജനപ്രതിനിധികൾ ഭയക്കുന്നത്. അത് ഇല്ലാതാകാനുള്ള ഇടപെടലാണ് ഞങ്ങൾ പരാമാവധി നടത്തുന്നതെന്നും ഹൈബി കൂട്ടിച്ചേർത്തു.
കെ.പി.സി.സി ഡിജിറ്റല്‍ മീഡിയയുടെ ഏറ്റവും പുതിയ ചെയര്‍മാനാണ് ഹൈബി ഈഡന്‍ എം.പി. ഡിജിറ്റൽ മീഡിയ സെൽ ചെയർമാനായ വി.ടി. ബൽറാമിനെ മാറ്റിയാണ് മറ്റൊരു വൈസ് പ്രസിഡന്റായ ഹൈബി ഈഡനു ചുമതല നൽകിയത്. കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെല്ലിന്റെ പേരും മാറ്റി. ഇനി മുതൽ സോഷ്യൽ മീഡിയ സെൽ എന്നായിരിക്കും അറിയപ്പെടുക. ദേശീയ തലത്തിലും മറ്റു സംസ്ഥാന ഘടകങ്ങളിലും സോഷ്യൽ മീഡിയ സെൽ എന്നാണ് അറിയപ്പെടുന്നത്. കേരളത്തിൽ മാത്രമായിരുന്നു ഇതുവരെ ഡിജിറ്റൽ മീഡിയ സെൽ എന്ന് അറിയപ്പെട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

