
ഹൈടെക്ക് സ്കൂൾ നവീകരണ പദ്ധതിയും സ്വർണക്കടത്തിന് മറയായി ഉപയോഗിച്ചു -രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: ലൈഫ് പദ്ധതി പോലെ തന്നെ ഹൈടെക്ക് സ്കൂൾ നവീകരണ പദ്ധതിയും സ്വർണ്ണക്കടത്തിനുള്ള മറയായി ഉപയോഗിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യാനുള്ള കരാർ ഉറപ്പിച്ചത് സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികൾ ആണെന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ഇന്ന് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.
സർക്കാർ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ഹൈടെക്ക് സ്കൂൾ പദ്ധതി ഉപയോഗിച്ചാണ് മുഖ്യപ്രതി കെ.ടി. റമീസ് നയതന്ത്ര പാഴ്സൽ സ്വർണക്കടത്തിന് നിക്ഷേപം സമാഹരിച്ചത് എന്നും ഇപ്പോൾ വാർത്തകൾ പുറത്തുവരുന്നു. ഹൈടെക്ക് സ്കൂൾ നവീകരണം, ഐ.ടി അറ്റ് സ്കൂൾ പദ്ധതി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയുമായി ബന്ധപ്പെട്ട് നടന്ന എല്ലാ ഇടപാടുകളും ഇ.ഡി അന്വേഷിക്കണം.
ഈ പദ്ധതികളുമായി ബന്ധപെട്ട് ഉപകരണങ്ങൾ വിതരണം ചെയ്ത കമ്പനികൾ ആരുടെയെല്ലാം ബിനാമികളാണെന്ന് കണ്ടെത്തണം. പാവപ്പെട്ടവർക്കായുള്ള വീടുകളിൽനിന്ന് കോടികളുടെ കമീഷൻ വാങ്ങിയ മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചുള്ള മാഫിയാ സംഘം വിദ്യാഭ്യാസ മേഖലയെയും വെറുതെ വിടുമെന്ന് തോന്നുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.