സംസ്ഥാനത്ത് 45,000 ക്ലാസ് മുറികൾ ഹൈടെക് ആവുന്നു
text_fieldsമലപ്പുറം: സംസ്ഥാനത്തെ എട്ടു മുതല്‍ 12 വരെയുള്ള 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കുന്നതിെൻറ ഭാഗമായി 56,000 ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് പരിശീലനം നൽകുമെന്ന് ഐ.ടി അറ്റ് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഐ.ടിയില്‍ അധിഷ്ഠിതമായി എല്ലാ വിഷയങ്ങളും പഠിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നാല് നിയമസഭ മണ്ഡലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പദ്ധതിയാണ് സംസ്ഥാന വ്യാപകമാക്കുന്നത്.
മേയ് എട്ടിന് അധ്യാപകര്‍ക്ക് പരിശീലനം ആരംഭിക്കും. റിസോഴ്സ് ഗ്രൂപ്പുകളുടെത് ആറിനകം പൂര്‍ത്തിയാവും. മള്‍ട്ടിമീഡിയ പ്രസേൻറഷന് തയാറാക്കൽ, ഡിജിറ്റല്‍ വിഭവങ്ങള്‍ ഇൻറർനെറ്റും അനുബന്ധ സൗകര്യങ്ങളും ഉപയോഗിച്ച് ശേഖരിക്കൽ, ശേഖരിച്ചവ വീഡിയോയും ശബ്ദവുമുപയോഗിച്ച് പഠന വിഭവമാക്കൽ, ചിത്രം നിര്‍മിക്കൽ, ഭാഷ കമ്പ്യൂട്ടിങ് തുടങ്ങിയവയിലാണ് മൂന്നു ദിവസത്തെ പരിശീലനം. വിദഗ്ധർ പരിശീലനത്തിന് നേതൃത്വം നൽകും.
550 കേന്ദ്രങ്ങളില്‍ 11,000 റിസോഴ്സ് അധ്യാപകരുടെ കീഴിലാണ് പരിശീലനം. കാഴ്ച പരിമിതിയുള്ളവര്‍ക്ക് പ്രത്യേക സംവിധാനമൊരുക്കും. ഡിജിറ്റൽ സാങ്കേതിക വിദ്യ ക്ലാസ്മുറിയിലെത്തിക്കുന്ന പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ വിഭവ സമാഹരണത്തിന് സമഗ്ര വിഭവ പോര്‍ട്ടല്‍ തയാറാക്കുന്നുണ്ടെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു. ജൂലൈ, സെപ്റ്റംബർ, ഡിസംബര്‍ മാസങ്ങളിലായി മൂന്നു ഘട്ടമായാണ് ക്ലാസ്മുറികള് ഹൈടെക് ആക്കുക. ഇതിനായി കിഫ്ബി വഴി 400 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
