ഭിന്നലിംഗക്കാരുടെ പരാതി പരിഹരിക്കാന്‍ വിമുഖത പാടില്ല -ഡി.ജി.പി
text_fieldsതിരുവനന്തപുരം: ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ടവരുടെ പരാതി പരിഹരിക്കുന്നതില്‍ വിമുഖതയുണ്ടാകാന്‍ പാടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നൽകി. പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഭിന്നലിംഗക്കാരോട് മോശമായ പെരുമാറ്റമോ വീഴ്ചയോ ഉണ്ടായാല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ടവര്‍ നീതിനിഷേധം സംബന്ധിച്ചോ അതിക്രമവുമായി ബന്ധപ്പെട്ടോ പരാതി നല്‍കിയാല്‍ അത് പരിശോധിച്ച് ഉടന്‍തന്നെ നിയമനടപടി സ്വീകരിക്കണം. ഒരുകാരണവശാലും അവരോട് മോശമായി പെരുമാറാന്‍ പാടില്ല.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗം എന്ന നിലയില്‍ ഭിന്നലിംഗത്തില്‍പ്പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ഇവരെ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ എത്തിക്കുന്നതും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ ഉന്നമനത്തിന് അവരെ പ്രാപ്തരാക്കുന്നതും സര്‍ക്കാറിന്‍റെ ലക്ഷ്യമാണ്. അതിനാല്‍ ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടു.