മാനന്തവാടിയിൽ രണ്ടു കോടിയുടെ ഹെറോയിൻ പിടികൂടി; അഞ്ചുപേര്‍ അറസ്റ്റില്‍
text_fieldsമാനന്തവാടി: വയനാട്ടിൽ രണ്ടുകോടിയുടെ ഹെറോയിൻ വേട്ട. മാനന്തവാടി നഗരത്തിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽക്കാൻ ശ്രമിക്കുന്നതിനിടെ ഉത്തർപ്രദേശ് സ്വദേശി ഉൾപെടെ അഞ്ചു പേർ പൊലീസ് പിടിയിലായി. ഒരു കിലോ തൂക്കം വരുന്ന ഹെറോയിൻ ഇവരിൽനിന്ന് കണ്ടെടുത്തു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. സംസ്ഥാനത്ത് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളില്‍ ഒന്നാണിത്.
ഉത്തര്‍പ്രദേശ് മഥുര മസൂംനഗർ അജയ് സിങ് (42), പയ്യന്നൂര്‍ പീടികത്താഴ മധുസൂദനന്‍ (56), കാഞ്ഞങ്ങാട് ബേക്കല്‍ കുന്നുമ്മല്‍ വീട് അശോകന്‍ (45), കാസര്‍കോട് ചീമേനി കനിയന്‍തോല്‍ ബാലകൃഷ്ണന്‍ (47), കണ്ണൂര്‍ ചെറുപുഴ ഉപരിക്കല്‍ വീട് ഷൈജു (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അന്തര്‍ സംസ്ഥാന ലഹരി വില്‍പന സംഘത്തിലെ കണ്ണികളാണിവർ. വെള്ളിയാഴ്ച ഉച്ചയോടെ മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഉത്തർപ്രദേശിലെ ബരാഗപുരില്‍നിന്ന് അജയ് സിങ് കൊണ്ടുവന്ന ഹെറോയിന്‍ ആണ് പിടികൂടിയത്. ഇവരുടെ കൈയില്‍നിന്നു ഹെറോയിന്‍ വാങ്ങാന്‍ എത്തുമെന്ന് അറിയിച്ചിരുന്ന റഫീഖ്, ബിജുലാല്‍ എന്നിവരെ പിടികൂടാന്‍ സാധിച്ചില്ല.
മാനന്തവാടി കേന്ദ്രീകരിച്ച് വന്‍ ലഹരി മരുന്ന് വിൽപന നടക്കുന്നുണ്ടെന്ന് ജില്ല പൊലീസ് മേധാവി അരുള്‍ ബി. കൃഷ്ണക്ക് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തില്‍ ആൻറി നാർകോട്ടിക്ക് സ്ക്വാഡ്, എസ്.പിയുടെ സ്പെഷല്‍ സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിൽ മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യ, മാനന്തവാടി പൊലീസ് ഇൻസ്പെക്ടർ പി.കെ. മണി, എസ്.ഐ മഹേഷ്, അഡീഷണല്‍ എസ്.ഐ അബ്ദുല്ല എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 60 എം 8124 എന്ന നമ്പറിലെ കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തൊണ്ടിമുതലും വാഹനവും വടകരയിലെ മയക്കുമരുന്ന് കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ ഹാജരാക്കും.
ഡൽഹിയിൽനിന്ന് പരിചയപ്പെട്ടു; ‘ബിസിനസിൽ’ പങ്കാളിയായി
എരുമത്തെരുവിലെ ലോഡ്ജില്‍ ഹെറോയിന്‍ വില്‍ക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ ഉത്തര്‍പ്രദേശ് മഥുര സ്വദേശി അജയ് സിങും കാഞ്ഞങ്ങാട് സ്വദേശി അശോകനും തമ്മിൽ പരിചയപ്പെടുന്നത് ഡൽഹിയിൽെവച്ച്. ഈ ബന്ധം ശക്തമായതോടെ അജയ് സിങ്, അശോകനോട് ഹെറോയിൻ കൈവശമുള്ള കാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവർ മധുസൂദനൻ, ബാലകൃഷ്ണൻ, ഷൈജു എന്നിവരെ ഒപ്പംകൂട്ടി ലഹരിമരുന്ന്‍ വില്‍ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അശോകെൻറ സുഹൃത്തായ ബിജുലാൽ, റഫീഖ് എന്നിവര്‍ക്ക് ഹെറോയിന്‍ ആവശ്യമുണ്ടെന്ന് മനസ്സിലാക്കിയ സംഘം മാനന്തവാടി എരുമത്തെരുവിെല ലോഡ്ജിൽ ഇത് കൈമാറാൻ പദ്ധതി തയാറാക്കി. ഇതിനിടെയാണ് പൊലീസിെൻറ വലയിലാകുന്നത്.
അജയ് സിങ്ങിന് ഹെറോയിൻ ലഭിച്ചത് സുഹൃത്തായ കസ്റ്റംസ് ഉദ്യോഗസ്ഥനിൽനിന്നാണെന്ന് സൂചനയുണ്ട്. സംഘത്തിലെ മറ്റു കണ്ണികളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തിവരുകയാണെന്നും ഉത്തര്‍പ്രദേശ്, പയ്യന്നൂർ, ഡൽഹി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനായി സംഘത്തെ അവിടങ്ങളിലേക്ക് കൊണ്ടുപോകുമെന്നും പൊലീസ് അറിയിച്ചു. ഇത്രയും വലിയ അളവില്‍ ഹെറോയിന്‍ എവിടെനിന്ന് ലഭിച്ചുവെന്ന കാര്യം വിശദമായ അന്വേഷണത്തിന് ശേഷമേ പറയാന്‍ സാധിക്കുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം സംഘത്തെ പിടികൂടിയെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയായത്. പിടികൂടിയ ലഹരിമരുന്ന് ബ്രൗണ്‍ ഷുഗര്‍ ആണെന്ന് ആദ്യം സംശയം ഉണ്ടായിരുന്നെങ്കിലും പിന്നീട് നടത്തിയ പരിശോധനയില്‍ ഹെറോയിന്‍ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഹെറോയിൻ വേട്ട: നാർകോട്ടിക് കിറ്റില്ലാത്തത് പൊലീസിന് ദുരിതമാകുന്നു
മയക്കുമരുന്ന് കേസുകൾ പിടിക്കുമ്പോൾ ഏതുതരത്തിലുള്ളതാണെന്നും അതിൽ എത്രത്തോളം മയക്കുമരുന്നിെൻറ അംശം അടങ്ങിയിട്ടുണ്ടെന്നും പരിശോധിക്കുന്നതിനുള്ള നാർകോട്ടിക് കിറ്റ് ഇല്ലാത്തത് പൊലീസിന് ദുരിതമായി. കൂടാതെ, ഇത് കണ്ടെത്തുന്നതിനുള്ള വിദഗ്ധ പരിശീലനം സേനാംഗങ്ങൾക്ക് ലഭിക്കാത്തതും പൊലീസിന് തലവേദന സൃഷ്ടിക്കുന്നു. കിറ്റില്ലാത്തതിനാൽ വ്യാഴാഴ്ച മാനന്തവാടിയിലെ ലോഡ്ജിൽനിന്നും പിടികൂടിയ മയക്കുമരുന്ന് ഏത് വിഭാഗത്തിലുള്ളതാണെന്ന് അറിയാൻ എട്ടുമണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു.
ബ്രൗൺഷുഗറാണോ, ഹെറോയിനാണോ എന്ന് വ്യക്തത വരുത്താൻ കഴിയാതെയാണ് പോലീസ് വലഞ്ഞത്. ഇത്തരം കേസുകളിൽ പോലീസ് വഞ്ചിക്കപ്പെടുകയും വകുപ്പുതല നടപടികൾക്ക് വിധേയരാകുകയും ചെയ്ത സംഭവങ്ങൾ സംസ്ഥാനത്ത് നിരവധിതവണ റിപോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ സംഭവം വളരെ ശ്രദ്ധയോടെയാണ് പൊലീസ് കൈകാര്യം ചെയ്തത്. എക്സൈസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിട്ടും വ്യക്തത വരുത്താൻ കഴിയാത്തതിനെ തുടർന്ന് എക്സൈസ് നാർകോട്ടിക് സ്ക്വാഡിെൻറ മീനങ്ങാടി ഓഫിസിൽനിന്ന് കിറ്റ് കൊണ്ടുവന്ന് പരിശോധിച്ചപ്പോഴാണ് പിടികൂടിയത് വിപണിയിൽ രണ്ടുകോടി രൂപയോളം വിലയുള്ള ഹെറോയിനാണെന്ന് മനസ്സിലായത്.
കിറ്റിൽ അടങ്ങിയിട്ടുള്ള ലായനി മയക്കുമരുന്നിൽ കലർത്തി നടത്തുന്ന പരിശോധനയിൽ ലഭിക്കുന്ന നിറവിത്യാസങ്ങൾ ഉപയോഗിച്ചാണ് ഏത് വിഭാഗത്തിൽപ്പെടുന്നതാണെന്നതും ഇതിൽ എത്രത്തോളം മയക്കുമരുന്നിെൻറ അംശം അടങ്ങിയിട്ടുണ്ടെന്നും കണ്ടെത്തുന്നത്. നാർകോട്ടിക് കൺട്രോൾ ബ്യൂറോയാണ് എക്സൈസ് വകുപ്പിന് കിറ്റുകൾ നൽകുന്നത്. ജില്ലയിലെ െപാലീസിന് മുമ്പ് ഒരു നാർകോട്ടിക് കിറ്റ് ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴത് ഉപയോഗശൂന്യമാണ്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ അതിർത്തി പങ്കിടുന്ന ജില്ല എന്നനിലയിലും മയക്കുമരുന്ന് കടത്തും വിൽപനയും വർധിച്ചുവരുന്ന സാഹചര്യത്തിലും അടിയന്തരമായി കിറ്റ് ലഭ്യമാക്കിയില്ലെങ്കിൽ പൊലീസിന് ഇത്തരം കേസുകളിൽ നെട്ടോട്ടമോടേണ്ടിവരുന്ന അവസ്ഥയാണുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
