ഹേമചന്ദ്രൻ കൊലക്കേസ്: സൗദിയിൽ നിന്ന് മടങ്ങിയ മുഖ്യപ്രതി നൗഷാദ് ബംഗളുരൂ വിമാനത്താവളത്തിൽ പിടിയിൽ
text_fieldsഅറസ്റ്റിലായ നൗഷാദ്, കൊല്ലപ്പെട്ട ഹേമചന്ദ്രൻ
കോഴിക്കോട്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിൽ മായനാട് വാടകക്ക് താമസിച്ചിരുന്ന ബത്തേരി സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയശേഷം വനത്തിൽ കുഴിച്ചുമൂടിയ കേസിൽ മുഖ്യപ്രതി പിടിയിൽ. സുൽത്താൻ ബത്തേരി പഴുപ്പത്തൂർ പുല്ലഭി വീട്ടിൽ നൗഷാദാണ് (35) ബംഗളൂരു വിമാനത്താവളത്തിൽ പിടിയിലായത്. നൗഷാദിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
സൗദിയിലായിരുന്ന ഇയാൾ വിസ കാലാവധി കഴിഞ്ഞതിനെത്തുടർന്ന് നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ ബംഗളൂരു വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. മെഡിക്കൽ കോളജ് ഇൻസ്പെക്ടറുടെ ചുമതലയുള്ള കെ.കെ. ആഗേഷ്, ജനേഷ്, ആദിൽ, വിനോദ്, ജിതിൻ എന്നിവരടങ്ങിയ പൊലീസ് സംഘം നൗഷാദിനെ ഇന്ന് കോഴിക്കോട്ടെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.
കേസിൽ സുൽത്താൻ ബത്തേരി സ്വദേശി ജ്യോതിഷ് കുമാർ, വള്ളുവാടി കിടങ്ങനാട് സ്വദേശി ബി.എസ്. അജേഷ്, നെന്മേനി മാടക്കര വേങ്ങശ്ശേരി വീട്ടിൽ വൈശാഖ് എന്നിവരെ നേരത്തെ അറസ്റ്റ്ചെയ്തിരുന്നു.
2024 മാർച്ച് 20നാണ് ഹേമചന്ദ്രനെ വാടകവീട്ടിൽനിന്ന് കാണാതായത്. ഭാര്യ സുഭിഷയുടെ പരാതിയിൽ ഏപ്രിൽ ഒന്നിന് മെഡിക്കൽ കോളജ് പൊലീസ് മിസിങ് കേസ് രജിസ്റ്റർ ചെയ്തു. മെഡി. കോളജ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
ഹേമചന്ദ്രന്റെ ഫോൺ രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കണ്ണൂർ സ്വദേശിയായ പെൺസുഹൃത്ത് വിളിച്ചതനുസരിച്ചാണ് വീട്ടിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോയതെന്നും തുടർന്ന് സുൽത്താൻ ബത്തേരി സ്വദേശികളായ നൗഷാദ്, ജ്യോതിഷ്‍കുമാർ, അജേഷ് എന്നിവർ കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും വ്യക്തമായി.
കഴിഞ്ഞമാസം ജ്യോതിഷ്‌കുമാറിനെയും അജേഷിനെയും അറസ്റ്റു ചെയ്തതോടെയാണ് ഹേമചന്ദ്രനെ കൊലപ്പെടുത്തിയ വിവരം അറിഞ്ഞത്. ബീനാച്ചിയിലെ നൗഷാദിന്റെ വീടിനോട് ചേർന്നുള്ള മറ്റൊരു വീട്ടിലായിരുന്നു ഹേമചന്ദ്രനെ താമസിപ്പിച്ചത്. ഇവിടെവെച്ച് നൗഷാദ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
2024 മാർച്ച് 22ന് നാലു പ്രതികളും ചേരമ്പാടി ഭാഗത്ത് ഒരുമിച്ച് കൂടുകയും മൃതദേഹം മറവുചെയ്യുന്നതിന് അവിടെയുള്ള പലസ്ഥലങ്ങളും നോക്കുകയും ഒടുവിൽ കാപ്പിക്കാടിനടുത്ത് ആനയിറങ്ങുന്ന കാട് തിരഞ്ഞെടുക്കുകയുമായിരുന്നു. ആദ്യം അറസ്റ്റു ചെയ്ത പ്രതികളുമൊത്ത് അന്വേഷണസംഘം ഇവിടെ പരിശോധന നടത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

