ഹേമ കമ്മറ്റി : ഡി.ജി.പി. ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് മഹിള കോൺഗ്രസ്
text_fieldsതിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളെ സംബന്ധിച്ച് വനിത ഐ.പി.എസ് ഓഫീസർ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി.യുടെ നേതൃത്വത്തിൽ വനിതകൾ ബുധനാഴ്ച രാവിലെ ഡി.ജി.പി. ഓഫീസിലേക്ക് മാർച്ച് നടത്തും. റിപ്പോർട്ട് പഠിക്കാനും നടപടി നിർദേശിക്കാനും വനിത ഐ.പി.എസ് ഓഫീസറെ സർക്കാർ നിയോഗിക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച്.
ഏറ്റവും തിളക്കവും പ്രതിഫലവുമുള്ള മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന വേദനിക്കുന്ന വിവരങ്ങൾ പുറത്ത് വന്നിട്ടും വനിത മന്ത്രിമാർ പ്രതികരിക്കുന്നില്ല. റിപ്പോർട്ട് നാലര വർഷം പൂഴ്ത്തിവച്ച മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി സജി ചെറിയാനുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണം. ഇവരാണ് യഥാർഥി സ്ത്രീ വിരോധികൾ. റിപ്പോർട്ടിന്മേൽ എന്ത് നടപടിയെടുക്കുമെന്ന് സർക്കാർ വ്യക്തമാക്കാത്തതും ദുരൂഹമാണെന്നും ജെബി മേത്തർ പറഞ്ഞു.

