ദുരിതാശ്വാസ ക്യാമ്പുകളിൽ 10,40,688 പേർ
text_fieldsമഹാപ്രളയം മാറി വെയിൽ പരന്നിട്ടും ദുരന്തബാധിത പ്രദേശങ്ങളിൽ ദുരിതമൊഴിയുന്നില്ല. നാടും വീടും തകർന്ന ലക്ഷക്കണക്കിന് പേർ സ്വന്തം പുരയിടത്തിലേക്ക് മടങ്ങാനാവാതെ ദുരിതാശ്വാസ ക്യാമ്പുകളിൽ തന്നെ. പ്രളയമെടുത്ത ആലപ്പുഴ, തൃശൂർ, എറണാകുളം, കോട്ടയം എന്നീ ജില്ലകളിൽ ലക്ഷങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. വ്യാഴാഴ്ച വൈകീട്ട് വരെ 2774 ക്യാമ്പുകളിൽ 10,40,688 പേരാണുള്ളത്. കുട്ടനാട്, മീനച്ചിൽ, മണിമല, പമ്പ, അച്ചൻകോവിൽ, മൂവാറ്റുപുഴ, കോടൂർ തുടങ്ങിയ ഇടങ്ങളിൽ മിക്ക ഭാഗങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്.
മിക്കയിടത്തും കുടിവെള്ള വിതരണവും വൈദ്യുതിബന്ധവും പുനഃസ്ഥാപിക്കാനായിട്ടില്ല. പ്രധാന പാതകളിൽ ഗതാഗതം സുഗമമായിട്ടുണ്ടെങ്കിലും ഉൾപ്രദേശങ്ങളിൽ റോഡുകൾ തകർന്നനിലയിലാണ്. പമ്പയുടെ തീരങ്ങളെല്ലാം തകർന്നത് ശബരിമല തീർഥാടനത്തിനുപോലും തടസ്സം സൃഷ്ടിക്കുന്നു. നെടുമ്പാശ്ശേരിയിൽനിന്നുള്ള വിമാന സർവിസ് 29നേ ആരംഭിക്കൂ. ട്രെയിൻ ഗതാഗതവും വേഗം കുറച്ച് സർവിസ് നടത്തിയിരുന്ന കൊച്ചി മെട്രോയും പൂർവസ്ഥിതിയിലേക്ക് മാറി. പ്രളയക്കെടുതിയിൽ ഇതുവരെ 242 പേർ മരിച്ചതായാണ് കണക്ക്. 33 പേരെ കാണാതായിട്ടുണ്ട്.
സംസ്ഥാനത്ത് വിവിധ ക്യാമ്പുകളിലാണ് ബുധനാഴ്ച ബലിപെരുന്നാൾ ആഘോഷിച്ചതും ഒാണാഘോഷങ്ങൾക്ക് ഒരുങ്ങുന്നതും. ഇവർക്ക് വീടുകളിലേക്ക് മടങ്ങുകയെന്നത് വൻ കടമ്പയാണ്. വീടും പരിസരവും ചളിയും മണ്ണും നിറഞ്ഞ് കിടക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ പേർ ക്യാമ്പുകളിൽ കഴിയുന്നത്. 699 ക്യാമ്പുകളിലായി 83,593 കുടുംബങ്ങളിലെ 3,08,628 പേർ.
ദുരിതബാധിതര്‍ക്ക് ഒരുമാസത്തെ സൗജന്യ മരുന്ന്
തിരുവനന്തപുരം: ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒരുമാസത്തെ സൗജന്യ മരുന്നുകള്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ക്യാമ്പുകളിലുള്ളവര്‍ക്കും ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയവര്‍ക്കുമാണ് മരുന്നുകള്‍ നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആവശ്യമായ മരുന്ന് സ്റ്റോക്കുണ്ട്. ഏതെങ്കിലും ക്യാമ്പുകളില്‍ മരുന്നിെൻറ കുറവുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയോ കണ്ട്രോള് റൂമിലോ വിവരമറിയിച്ചാല്‍ മരുന്നുകള്‍ ലഭ്യമാക്കും. മരുന്നിന് കുറവുണ്ടെന്ന് ബോധ്യമായാല്‍ മറ്റ് സംസ്ഥാനങ്ങള്‍ സഹായിക്കാമെന്നേറ്റിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മരുന്നിെൻറയോ ഡോക്ടര്‍മാരുടെയോ കുറവുണ്ടായാല്‍ വിളിച്ചറിയിക്കാന്‍ സ്റ്റേറ്റ് കണ്ട്രോള് റൂമും ജില്ലകള്‍ തോറും ജില്ല കണ്ട്രോള് റൂമും സജ്ജീകരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടറും അഡീഷനല്‍ ഡയറക്ടറുമാണ് ചുമതല വഹിക്കുന്നത്. ഇതുകൂടാതെ ആരോഗ്യമന്ത്രിയുടെ ഓഫിസിലും കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വേഗത്തില്‍ നടപടിയെടുക്കാനാകുമെന്നും മന്ത്രി അറിയിച്ചു. കണ്ട്രോള് റൂം നമ്പർ: 18001231454.
പ്രളയബാധിതർക്ക് ഉടൻ നഷ്ടപരിഹാരം നൽകണം -മേധ പട്കർ
ആലുവ: പ്രളയദുരന്തത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം ഉടൻ നൽകാൻ നടപടിയെടുക്കണമെന്ന് സാമൂഹികപ്രവർത്തക മേധ പട്കർ. പെരിയാർ കരകവിഞ്ഞതിനെത്തുടർന്ന് നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചശേഷം അൻവർ സാദത്ത് എം.എൽ.എയുമായി ചർച്ച നടത്തുകയായിരുന്നു അവർ. ദുരന്തത്തിൽപെട്ടവർക്ക് പണമായിതന്നെ നഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ഇതേ ആവശ്യംതന്നെയാണ് താനും ഉന്നയിച്ചിട്ടുള്ളതെന്ന് എം.എൽ.എയും പറഞ്ഞു. ആലുവയിലുണ്ടായ ദുരന്തങ്ങളെക്കുറിച്ച് എം.എൽ.എ വിശദീകരിച്ചു.
പെരിങ്ങൽക്കുത്ത് നിലയത്തിന് വൻ നാശം
തൃശൂർ: വാൽപാറയിലെ അതിവർഷവും മലക്കപ്പാറ-ഷോളയാർ മേഖലയിലെ ഉരുൾെപാട്ടൽ പരമ്പരയും മൂലം പെരിങ്ങൽക്കുത്ത് വൈദ്യുതി നിലയങ്ങൾക്കുണ്ടായത് വൻ നാശം. നിലയം അറ്റക്കുറ്റപണി ചെയ്ത് പൂർവസ്ഥിതിയിൽ ഉൽപാദനം തുടങ്ങാൻ ഒരു മാസത്തിലേറെ എടുക്കും. മൊത്തം 23.83 കോടിയുടെ നഷ്ടമാണ് വൈദ്യുതി ബോർഡിനുണ്ടായത്. 36, 16 മെഗാവാട്ട് ശേഷിയുള്ള രണ്ട് നിലയങ്ങളാണ് പെരിങ്ങൽക്കുത്തിലുള്ളത്. മണ്ണും കല്ലും അടിഞ്ഞ് രണ്ട് നിലയങ്ങൾക്കും കേട് പറ്റി. ടർബൈനുകൾ മണ്ണ് മൂടി കിടക്കുന്നു. അനുബന്ധ ഉപകരണങ്ങളും നശിച്ചു. രണ്ട് പെൻസ്റ്റോക്കിെൻറ വഴിയിലും ഉൽപാദനശേഷം വെള്ളം പുഴയിലേക്ക് വിടുന്ന ടെയിൽ റേസിലും മണ്ണടിഞ്ഞു. നിലയങ്ങളുെട ഭിത്തികളിൽ കല്ലുകൾ വന്നിടിച്ചും കേടുണ്ട്. ആഗസ്റ്റ് 16ന് പുലർച്ച മൂന്നോടെ ഇവിടെ ഉൽപാദനം നിർത്തി.
വൈദ്യുതിബന്ധം നഷ്ടമായത് 25 ലക്ഷം പേർക്ക്
തൊടുപുഴ: പേമാരിയിൽ സംസ്ഥാനത്തെ 25 ലക്ഷം പേരുടെ വൈദ്യുതിബന്ധം നശിച്ചതായി മന്ത്രി എം.എം. മണി. കാലവർഷത്തിൽ വൈദ്യുതി ബോർഡിന് 400 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഇത്രയും പേരുടെ കണക്ഷൻ പുനഃസ്ഥാപിക്കുക ശ്രമകരമാണ്. ഇതിനായി കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽനിന്നുള്ള ഇലക്ട്രിസിറ്റി വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തും.
തകരാറിലായ ബോട്ടുകൾക്ക് 2.50 കോടിയുടെ പദ്ധതി
തിരുവനന്തപുരം: പേമാരിയിൽ സഹായഹസ്തവുമായി വന്ന മത്സ്യത്തൊഴിലാളികളുടെ പൂർണമായി തകർന്നതും ഭാഗീകമായി തകരാറിലായതുമായ യാനങ്ങൾക്ക് 2.50 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ.15 മുതൽ 20 വരെ 669 വള്ളങ്ങളാണ് സജ്ജമാക്കിയത്. 257 ബോട്ടുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഇത്തരം ബോട്ടുകളിലേതുൾപ്പെടെ 3525 മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിന് പങ്കെടുത്തത്. 65000ലധികം ആളുകളെയാണ് മത്സ്യത്തൊഴിലാളികൾ രക്ഷിച്ചത്. 669 വള്ളങ്ങളിൽ ഏഴെണ്ണം പൂർണമായി നശിച്ചു. 459 വള്ളങ്ങൾക്ക് കേടുപറ്റി. ഇക്കാര്യം കണക്കിലെടുത്താണ് സാമ്പത്തികസഹായം നൽകുന്നത്.
മൂഴിയാര്‍ ഡാമിെൻറ ഷട്ടറുകള്‍ തുറക്കും
പത്തനംതിട്ട: കക്കാട് പവര്‍ ഹൗസിെൻറ അറ്റകുറ്റപ്പണിയോടനുബന്ധിച്ച് രണ്ട് ജനറേറ്ററുകളും നിര്ത്തിെവക്കുന്നതുമൂലം കക്കാട്ടാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മൂഴിയാര്‍ ഡാമിെൻറ ഷട്ടറുകള്‍ തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കും. മൂഴിയാര്‍ മുതല്‍ കക്കാട് പവര്‍ഹൗസ് വരെ കക്കാട്ടാറിെൻറ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
