കണ്ണൂരിൽ മാവോവാദികൾക്കായി ഹെലികോപ്ടർ നിരീക്ഷണം
text_fieldsകേളകം: മാവോവാദികളെ കണ്ടെത്താൻ കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിൽ ഹെലികോപ്ടർ നിരീക്ഷണം. സംസ്ഥാന സർക്കാർ വാടകക്കെടുത്ത ഹെലികോപ്ടറിലാണ് മണിക്കൂറുകൾ നീണ്ട തിരച്ചിൽ നടത്തിയത്. ആറളം-കൊട്ടിയൂർ വനമേഖലകളിൽ ഇരിട്ടി എ.എസ്.പി തപോഷ്ബസു മതാരിയുടെ നേതൃത്വത്തിലായിരുന്നു ആകാശ നിരീക്ഷണം.
മാനന്തവാടി-തലപ്പുഴ കമ്പമലയിൽ ദിവസങ്ങൾക്കുമുമ്പ് വനവികസന കോർപറേഷൻ ഡിവിഷൻ ഓഫിസ് അടിച്ചു തകർത്തതോടെയാണ് മേഖലയിൽ നിരീക്ഷണം ശക്തമാക്കിയത്. ഏതാനും ദിവസംകൂടി വനാതിർത്തി മേഖലകളിൽ ഹെലികോപ്ടർ ഉപയോഗിച്ച് പരിശോധന നടത്തും. വയനാട് തലപ്പുഴ-കമ്പമല പ്രദേശങ്ങളിൽനിന്ന് മാവോവാദികൾ ആറളം, കൊട്ടിയൂർ മേഖലകളിലേക്ക് കടക്കാനുള്ള സാധ്യത മുൻനിർത്തി മേഖലയിൽ തണ്ടർബോൾട്ട് സേനയെയും നിയോഗിച്ചിട്ടുണ്ട്.

