മഴ കനത്തു, നാശനഷ്ടം, മൂന്നു മരണം കൂടി; ബുധനാഴ്ച മുതൽ മഴ ദുർബലമാകുമെന്ന് റിപ്പോർട്ട്
text_fieldsതൃശൂർ രാമവർമപുരം പൊലീസ് അക്കാദമിയിൽ വനിത പൊലീസ് കോൺസ്റ്റബ്ൾമാരുടെ പാസിങ്ഔട്ട് പരേഡിനിടയിൽ മഴ പെയ്തപ്പോൾ (ചിത്രം: ടി.എച്ച്. ജദീർ)
തിരുവനന്തപുരം: ശക്തമായ മഴയിൽ സംസ്ഥാനത്ത് കനത്ത നാശനഷ്ടം. രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്നു മരണം. പാലക്കാട് മണ്ണാർക്കാട് വീടിന്റെ തെങ്കര മണലടിയിൽ പള്ളിയാലിൽ താമസിക്കുന്ന ലക്ഷം വീട്ടിൽ പാത്തുമ്മാബി (80) മരിച്ചു.
കാസർകോട് ജില്ലയിൽ എട്ടു വയസ്സുകാരായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. എൻമകജെ ബാഡൂർ ഓണബാഗിലു സ്വദേശി മുഹമ്മദിന്റെയും ഖദീജത്ത് കുബ്റയുടെയും മകൾ ഫാത്തിമ ഹിബ കല്ലുവെട്ട് കുഴിയിൽ വീണും ബന്തിയോട് കൊക്കച്ചാലിലെ സാദാത്തിന്റെ മകൻ സുൽത്താൻ ഒഴുക്കിൽപെട്ടുമാണ് മരിച്ചത്.
കണ്ണൂർ കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ രണ്ടുപേരെ ബാവലിപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായി. കോഴിക്കോട് അത്തോളി സ്വദേശി നിഷാദ് (40), കാസർകോട് ഹോസ്ദുർഗ് സ്വദേശി അഭിജിത്ത് (28) എന്നിവരെയാണ് കാണാതായത്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ദേശീയപാത ബൈപാസ് കടന്നുപോകുന്ന തളിപ്പറമ്പ് പുളിമ്പറമ്പ് മഞ്ചക്കുഴി ഭാഗത്ത് വീണ്ടും മണ്ണിടിഞ്ഞു. പട്ടുവം ഭാഗത്തേക്ക് ഗതാഗതം പൂർണമായി നിരോധിച്ചു.
മഴ തുടങ്ങിയതുമുതൽ പ്രദേശത്ത് വ്യാപകമായി മണ്ണിടിയുകയാണ് കടലാക്രമണം രൂക്ഷമായതിനെ തുടർന്ന് കൊച്ചി കണ്ണമാലിയിൽ എട്ടു വീടുകൾ തകർന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള തീരപ്രദേശങ്ങളിൽ ഇന്ന് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച മുതൽ തെക്കൻ കേരളത്തിലും ബുധനാഴ്ച മുതൽ സംസ്ഥാനത്തും മഴ ദുർബലമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ കേരളത്തിലെ റെഡ് അലർട്ടുകൾ പിൻവലിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കണ്ണൂർ, കാസർകോട് ജില്ലകൾ ഓറഞ്ച് അലർട്ടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

