പ്രളയമാസത്തിൽ ഇത്തവണയും അതിതീവ്ര മഴ
text_fieldsതൃശൂർ: കഴിഞ്ഞ വർഷങ്ങൾക്ക് സമാനം ഇക്കുറിയും ആഗസ്റ്റിൽ കേരളത്തിന്‍റെ നെഞ്ചിടിപ്പ് ഉയരുന്നു. 2018ലെ മഹാപ്രളയം മുതൽ 2020ലെ മിനിപ്രളയം വരെ തിമിർത്തുപെയ്ത് നാശം വിതച്ച പേമാരി കഴിഞ്ഞവർഷം അത്ര ശക്തമായില്ലെങ്കിലും ഒറ്റപ്പെട്ട പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. മുൻവർഷങ്ങളിൽ ആഗസ്റ്റ് ഏഴ് മുതൽ ഒമ്പത് വരെയും 13 മുതൽ 17 വരെയുമാണ് മഴ താണ്ഡവമാടിയത്.
എന്നാൽ, ഇത്തവണ ആഗസ്റ്റിൽ നേരത്തേ എത്തി. തെക്കൻ കേരളത്തിൽനിന്ന് തുടങ്ങി കേരളമാകെ വ്യാപിക്കുന്ന മഴയാണ് ഈ മാസം അഞ്ചുവരെ പ്രവചിച്ചിരിക്കുന്നത്.
കേരള-തമിഴ്നാട്-കർണാടക തീരത്തെ ചക്രവാതച്ചുഴിയാണ് ചില മേഖലകളിലെ അതിത്രീവ മഴയും ഉരുൾപൊട്ടലും ഇതര നാശനഷ്ടങ്ങളും ഉണ്ടാക്കിയത്. പിന്നാലെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടേക്കാവുന്ന ന്യൂനമർദം മഴ സജീവമായി നിലനിർത്താൻ കാരണമാകും. പടിഞ്ഞാറൻ കാറ്റ് ശക്തമായതിനാൽ ബംഗാൾ ഉൾക്കടലിന്‍റെ അസ്ഥിരത സ്വഭാവം കൂടുതൽ പ്രകടമാകാനും സാധ്യത ഏറെയാണ്. കാലവർഷം താൽക്കാലിക വിരാമത്തിന് പിന്നാലെ കൂടുതൽ സജീവമാകുമ്പോൾ തെക്കൻ കേരളത്തിൽ പെയ്യുന്ന മഴ കേരളത്തിൽ വ്യാപകമാവും. മൺസൂണിന് അന്യമായ കനത്തമഴ പെയ്യുന്ന കൂമ്പാരമേഘങ്ങളുടെ സാന്നിധ്യമാണ് പ്രശ്നം രൂക്ഷമാക്കുന്നത്. ജൂലൈ മധ്യത്തിൽ കേരളത്തിന് ലഭിച്ച തരക്കേടില്ലാത്ത മഴ ഈ മേഘങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു.
നിലവിൽ അതിതീവ്രവും അതിശക്തവുമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഉരുൾപൊട്ടലും മണ്ണിടിച്ചിൽ സാധ്യതയുമുള്ള ഹൈറേഞ്ചുകളിലും അതിലോല ഭൂപ്രകൃതി മേഖലകളിലും അതിജാഗ്രത വേണ്ടതുണ്ട്. രണ്ട്-മൂന്ന് ദിവസങ്ങളിലെ 10 മുതൽ 20 സെ.മീ. മഴ സജീവ മൺസൂണിൽ സാധാരണമാണ്. എന്നാൽ, തുടർച്ചയായ ദിവസങ്ങളിലെ തീവ്രമഴയും ഒരു ദിവസത്തിൽതന്നെ കുറഞ്ഞ സമയത്ത് വർഷിക്കുന്ന അതിതീവ്ര മഴയും കാര്യങ്ങൾ കൈവിടും. ഒപ്പം ഒരുദശകത്തിൽ ഏറെയായി ആദ്യപാദത്തിൽ കുറഞ്ഞ് രണ്ടാം പകുതിയിൽ മഴ കൂടുന്ന തലതിരിഞ്ഞ പ്രതിഭാസംകൂടിയുണ്ട്. ഞായറാഴ്ച രാവിലെ 8.30 മുതൽ തിങ്കളാഴ്ച രാവിലെ 8.30വരെ 21.7 മില്ലിമീറ്റർ മഴയാണ് കേരളത്തിന് ലഭിച്ചത്. ഞായറാഴ്ച 961.1 മി.മീ. ലഭിച്ച മഴ തിങ്കളാഴ്ച 982.8 ആയി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

