അതിതീവ്ര മഴ: എറണാകുളത്തും തൃശൂരും റെഡ് അലർട്ട്, എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്
text_fieldsകനത്ത മഴയെ തുടർന്ന് എറണാകുളം നഗരം വെള്ളക്കെട്ടിലായപ്പോൾ. ബുധനാഴ്ച രാത്രിയിലെ ദൃശ്യം
ചിത്രം: ബൈജു കൊടുവള്ളി
തിരുവനന്തപുരം: അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ എറണാകുളത്തും, തൃശൂരും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ശനിയാഴ്ച വരെ മഴതുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍നിന്നുള്ള വിമാനങ്ങള്‍ വൈകി. എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ അബുദാബി, മസ്‌കറ്റ് വിമാനങ്ങളാണ് വൈകുന്നത്.
ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പുണ്ടാകുംവരെ കേരള തീരത്തുനിന്ന് കടലിൽ പോകാൻ പാടില്ലെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മലങ്കര ഡാമിന്റെ നാലുഷട്ടറുകള്‍ ഉയര്‍ത്തി. ഇതേത്തുടര്‍ന്ന് തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ സംസ്ഥാനത്ത് കനത്ത നാശനഷ്ടമാണ് ഉണ്ടായത്. പല ജില്ലകളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. മണിക്കൂറുകളോളം തുടർച്ചയായി പെയ്ത മഴയിൽ കൊച്ചിയും കോഴിക്കോടും തൃശൂരും വെള്ളത്തിൽ മുങ്ങി.
കൊച്ചിയിൽ കടവന്ത്ര, സൗത്ത്, ചിറ്റൂർ റോഡ്, എംജി റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തെ കടകളിൽ വെള്ളം കയറി. കളമശേരി മൂലേപ്പാടത്തും ഇടക്കൊച്ചിയിലും വീടുകളിൽ വെള്ളം കയറി. ഇൻഫോപാർക്കിലെ വെള്ളക്കെട്ടിൽ പാർക്ക് ചെയ്ത വാഹനങ്ങൾ മുങ്ങി. തൃശൂർ നഗരത്തിൽ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. നഗരഹൃദയമായ സ്വരാജ് റൗണ്ടിലും വെള്ളം കയറി.
അതിശക്തമായ മഴയിൽ മെഡി.കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വെള്ളം കയറി. താഴെ നിലയിൽ വെള്ളം കയറിയത് കാരണം വാർഡുകളിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ ഒഴിപ്പിച്ചു.
ഐ.സി.യുവിലും വെള്ളം കയറിയത് പ്രതിസന്ധിക്കിടയാക്കി. ഐ.സി.യുവിലുണ്ടായിരുന്ന കുട്ടികളെ മറ്റ് യൂനിറ്റുകളിലേക്ക് മാറ്റി. ആശുപത്രിക്കകത്തുനിന്ന് രാത്രി വൈകിയും വെള്ളം പമ്പ് ചെയ്ത് മാറ്റാൻ ശ്രമം നടക്കുന്നുണ്ട്. ആശുപത്രിയുടെ മുൻഭാഗത്തും താഴെ നിലയിലും വെള്ളം കയറിയതോടെ കൂട്ടിരിപ്പുകാരും ബുദ്ധിമുട്ടിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

