കോഴിക്കൂട് അടക്കാനെത്തി; സാജിദയെ മരണം കൂടെ കൂട്ടി
text_fieldsനിലമ്പൂർ: വഴിക്കടവ് ആനമറിയിൽ ഉരുൾപൊട്ടലിൽ സാജിദയെ മരണം തട്ടിയെടുത്തത് കോ ഴിക്കൂട് അടക്കാനെത്തിയപ്പോൾ. മാതാവിനെയും മരുമകളെയും സുരക്ഷിത സ്ഥലങ്ങളിലാക് കിയ ശേഷം കോഴിക്കൂട് അടക്കാൻ വീട്ടിലേക്ക് എത്തിയതായിരുന്നു സഹോദരികളായ മൈമൂനയും സാജിദയും.
ഇരുവരും വനംവകുപ്പിലെ താൽക്കാലിക പാചകക്കാരികളാണ്. വ്യാഴാഴ്ച രാവിലെ അധികൃതരെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നിർദേശിച്ചിരുന്നു. രാവിലെ തന്നെ മരുമകൾ ശുഹൈബയെ അവളുടെ വീട്ടിലാക്കി. ഉച്ചയോടെ മാതാവ് കദീജയെ ബന്ധുവീട്ടിലുമാക്കി. മൈമൂന വീട്ടുമുറ്റത്ത് അയൽക്കാരി വിജയകുമാരിയോട് സംസാരിച്ച് നിൽക്കവെയാണ് ഉരുൾപൊട്ടിയത്.
ഈ സമയം സാജിദ കോഴിക്കൂട് അടക്കുകയായിരുന്നു. മലവെള്ളപ്പാച്ചിലാണ് ആദ്യം ഉണ്ടായത്. വിജയകുമാരി ഓടി രക്ഷപ്പെട്ടു. ഓടുന്നതിനിടെ തിരിഞ്ഞുനോക്കിയപ്പോൾ മൈമൂനയുടെ വീട് മണ്ണ് മൂടുന്നതാണ് കണ്ടത്. കനത്ത മഴയായതിനാൽ രാത്രി തിരച്ചിൽ നടന്നില്ല. വെള്ളിയാഴ്ച രാവിലെയാണ് മണ്ണ് മാന്തി യന്ത്രത്തിെൻറ സഹായത്തോടെ തിരച്ചിൽ തുടർന്നത്.
വീടിെൻറ 300 മീറ്ററകലെ നാടുകാണി ചുരത്തിെൻറ താഴ്വാരത്താണ് ഉരുൾപൊട്ടിയത്. 200ഓളം മീറ്റർ താഴ്ചയിലേക്ക് കൂറ്റൻ പാറകളോടൊപ്പം മണ്ണടിഞ്ഞിരുന്നു. വീട് നിന്നിടത്ത് നിന്ന് 15 മീറ്റർ താഴെ 11.50ഓടെ മണ്ണിനടിയിൽനിന്നാണ് സാജിദയുടെ മൃതദേഹം കിട്ടിയത്. ഉടൻ നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. മൈമൂനക്കായി തിരച്ചിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
