ശക്തമായ മഴ: തൃശൂർ ജില്ലയിൽ മലയോരത്ത് രാത്രിയാത്ര നിരോധിച്ചു
text_fieldsതൃശൂർ: തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിനെ തുടർന്ന് തൃശൂരിൽ മുൻകരുതൽ നടപടികൾ ആരംഭിച്ചു. ജില്ലയിൽ മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രികാലയാത്ര ഒക്ടോബർ 16 മുതൽ 18 വരെ നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. വൈകീട്ട് 7 മുതൽ രാവിലെ 6 വരെയാണ് നിരോധനം.
കൂടാതെ വയൽ, മലയോരം, പുഴയുടെ തീരം, മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ ഉള്ളവർ ഉദ്യോഗസ്ഥരുടെ നിർദേശം ലഭിക്കുന്ന മുറയ്ക്ക് ബന്ധു വീടുകളിലേക്കോ ക്യാമ്പുകളിലേക്കോ മാറി താമസിക്കണം. പുഴയിൽ ഇറങ്ങുന്നതും കുളിക്കുന്നതും മത്സ്യബന്ധനം നടത്തുന്നതും നിരോധിച്ചു. കടലിലുള്ള മത്സ്യബന്ധനത്തിന് ബോട്ടുകൾ പോകരുത്. മണ്ണെടുപ്പ്, ഖനനം, മണലെടുപ്പ് എന്നിവയും ഒക്ടോബർ 18 വരെ അനുവദനീയമല്ല. നദീതീരങ്ങൾ, പാലം, മലഞ്ചേരിവ്, ബീച്ചുകൾ എന്നിവിടങ്ങളിൽ വിനോദത്തിന് പോകുന്നതിനും വിലക്ക് ഏർപ്പെടുത്തി.
ഡാമുകളിൽ ജലനിരപ്പ് ഉയർന്ന സാഹചര്യം കണക്കിലെടുത്ത് തൃശൂരിൽ ഷോളയാർ ഡാം ഒഴികെയുള്ള എല്ലാ ഡാമുകളും തുറന്ന് വെള്ളം ഒഴുക്കുന്ന നടപടികളും സ്വീകരിച്ചിട്ടുണ്ട്. ജലാശയങ്ങളിൽ വെള്ളം ഉയരാൻ സാധ്യത ഉള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. കൂടാതെ കുട്ടികൾ തോടിലും വെള്ളക്കെട്ടിലും ഇറങ്ങുന്നില്ലെന്ന് മാതാപിതാക്കൾ ഉറപ്പ് വരുത്തണമെന്നും കലക്ടർ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

