കനത്ത പേമാരി: ജില്ലകളിലേക്ക് മന്ത്രിമാര്‍; സൈന്യത്തിന്‍റെ സേവനം തേടി
text_fieldsതിരുവനന്തപുരം: കനത്ത പേമാരി തുടരുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ദുരിതബാധിത പ്രദേശങ്ങളിലെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനത്തിന് ജില്ലാ ഭരണകൂടങ്ങളെ സഹായിക്കാന്‍ കൂടുതല്‍ ഉദ്യോ ഗസ്ഥരെ ജില്ലകളില്‍ നിയോഗിക്കും. വയനാട്ടിലേക്ക് പി.ആര്‍.ഡി ഡയറക്ടര്‍ യു.വി. ജോസ്, ഇടുക്കിയിലേക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് എജ്യുക്കേഷന്‍ ജീവന്‍ ബാബു എന്നിവര്‍ പോകും.
ജില്ലാ ഭരണ സംവിധാവുമായി യോജിച്ച് രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും നടത്താന്‍ പൊലീസ്, ഫയര്‍ ആന്‍റ് റസ്ക്യൂ മേധാവികള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ദേശീയ ദുരന്തപ്രതികരണ സേനയുടെ 13 യൂണിറ്റ് കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട് ഇടുക്കി, മലപ്പുറം ജില്ലകളില്‍ എന്‍.ഡിആര്‍എഫ് ടീം എത്തിക്കഴിഞ്ഞു. സൈന്യത്തിന്‍റെ സേവനവും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്ഷണ പാക്കറ്റുകള്‍ എത്തിക്കാനും സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എഞ്ചിനീയറിങ് ടാസ്ക് ഫോഴ്സിന്‍റെ സേവനവും തേടിയിട്ടുണ്ട്. ഡി.എസ്.സി വിഭാഗങ്ങളെ ഇതിനകം തന്നെ വിവിധ ജില്ലകളില്‍ നിയോഗിച്ചിട്ടുണ്ട്. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മതിയായ സൗകര്യങ്ങളോടെ ആവശ്യാനുസരണം ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കും.
അണക്കെട്ടുകളുടെ നില സദാ നിരീക്ഷിച്ചു വരികയാണ്. തിരുവനന്തപുരത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍റര്‍ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാണ്. അടിയന്തര സാഹചര്യം നേരിടാന്‍ പൊലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ, എന്‍.ഡി.ആര്‍.എഫ് എന്നിങ്ങനെ വിവിധ സേനകളുടെ പ്രതിനിധികള്‍ സെന്‍ററിൽ തയ്യാറാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
