കോഴിക്കോട്: മലയോര മേഖലയിൽ കനത്ത മഴയിൽ വൻ നാശനഷ്ടം. കുറ്റ്യാടി ചുരത്തിൽ ഉരുൾപൊട്ടി ഗതാഗതം തടസപ്പെട്ടു. ചാത്തൻകോട്ട് നടയിൽ മുളവട്ടം, ഇരുട്ട്വളവ് എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്. തൊട്ടിൽ പാലം പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. വയനാട്ടിലേക്കുള്ള പക്രന്തളം ചുരത്തിൽ ഉരുൾപൊട്ടി ഗതാഗതം തടസപ്പെട്ടു. റോഡിന്‍റെ ഒരുഭാഗം തകർന്നിട്ടുണ്ട്. ഇവിടെ താൽക്കാലികമായി ഗതാഗതം നിർത്തിവെച്ചു. നിരവധി വാഹനങ്ങൾ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. ചാത്തൻകോട്ട് സമീപമുള്ള വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
നേരത്തെ, വയനാട് ചുരത്തിലും അടിവാരത്തുമായി ചൊവ്വാഴ്ച പെയ്ത കനത്ത മഴയിൽ അടിവാരം ടൗണിൽ വെള്ളം കയറിയിരുന്നു. ഇതുമൂലം കോഴിക്കോട് വയനാട് ദേശീയ പാതയിൽ ഗതാഗതം ഏറെനേരം തടസപ്പെട്ടു.
ചുരത്തിന്‍റെ താഴേഭാഗത്ത് കനത്ത മഴ പെയ്തതോടെ അടിവാരം ഭാഗത്തെ പുഴകളും തോടുകളും നിറഞ്ഞു കവിഞ്ഞ് ഒഴുകുകയാണ്. ഇതോടെ പല വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.
എട്ട് ജില്ലകളിൽ നേരത്തെ കനത്ത മഴയുണ്ടാവുെമന്ന വിവരത്തെ തുടർന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു.