തകർത്ത് പെയ്ത് മഴ; സംസ്ഥാനത്ത് പരക്കെ നാശം
text_fieldsകോഴിക്കോട് മുക്കം ഇരുവഴിഞ്ഞിപ്പുഴ തെയ്യത്തുംകടവിൽ കാണാതായ ആൾക്കായി സ്കൂബ അംഗങ്ങളും മുങ്ങൽവിദഗ്ധരും തിരച്ചിൽ നടത്തുന്നു
തിരുവനന്തപുരം: പതിയെ തുടങ്ങി, കരുത്തു കാണിച്ചുതുടങ്ങിയ കാലവർഷത്തിൽ നന്നായി നനഞ്ഞ് കേരളം; ഒപ്പം കനത്ത നാശനഷ്ടവും. ചൊവ്വാഴ്ച മൂന്നു മരണങ്ങളുണ്ടായത്. ഒരാളെ കാണാതായി. പാലക്കാട് വടക്കഞ്ചേരിയിൽ പാടത്ത് ജോലിക്കിടെ തെങ്ങുവീണ് വീട്ടമ്മയും തൃശൂർ ഇരിങ്ങാലക്കുടയിൽ തോട്ടിൽ വീണ് പോളിടെക്നിക് വിദ്യാർഥിയും പത്തനംതിട്ട അടൂരിൽ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവറുമാണ് മരിച്ചത്.
കോഴിക്കോട്ട് ഒരാളെ ഒഴുക്കിൽപ്പെട്ട് കാണാതായി. ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്തുടനീളം 137 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. റോഡിലും റെയിൽപാളത്തിലും മരങ്ങൾ കടപുഴകി റെയിൽ ഗതാഗതവും റോഡ് ഗതാഗതവും തടസ്സപ്പെട്ടു. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ വൈകീട്ട് ഏഴ് മുതൽ രാവിലെ ആറുവരെ മലയോര മേഖലകളിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചു.
ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ഒഴികെ 12 ജില്ലകളും ഓറഞ്ച് അലർട്ടിലാണ്. കോവളം മുതൽ കാസർകോടുവരെ തീരപ്രദേശങ്ങളിൽ ശക്തമായ കടലാക്രമണത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുണ്ട്. കനത്ത മഴയിൽ വയലിലേക്ക് വീണ തെങ്ങിനടിയിൽപ്പെട്ട് വടക്കഞ്ചേരി കണക്കൻതുരുത്തി പല്ലാറോഡിലെ മിച്ചഭൂമിയിൽ താമസിക്കുന്ന മണിയുടെ ഭാര്യ തങ്കമണിയാണ് (53) മരിച്ചത്. തങ്കമണിയുടെ മക്കൾ: വിനു, വിനിത, വിൻസി, ജിൻസി, വിനീഷ്, ജിനീഷ്. മരുമക്കൾ: മുരളി, സന്തോഷ്, പ്രവീൺകുമാർ, സൗമ്യ. സംസ്കാരം ബുധനാഴ്ച ഐവർമഠത്തിൽ.
ഇരിങ്ങാലക്കുടയിൽ കൂട്ടുകാർക്കൊപ്പം മീന്‍പിടിക്കുന്നതിനിടെ കാല് വഴുതി തോട്ടില്‍ വീണാണ് അരിപ്പാലം വളവനങ്ങാടി കൊല്ലമാംപറമ്പില്‍ ആന്റണിയുടെ മകന് വെറോൺ (19) മരിച്ചത്. കല്ലേറ്റുംകര പോളിടെക്നിക്കിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: ലിസ. സഹോദരന്: സോളമൻ.
അടൂർ ബിനോബാജി നഗറിൽ തോട്ടിലേക്ക് ഓട്ടോ വീണ് തട്ട മല്ലിക മിനിഭവനിൽ വിമുക്ത ഭടൻ ഉണ്ണികൃഷ്ണക്കുറുപ്പാണ് (53) മരിച്ചത്. ഓട്ടോയുടെ അടിയിൽപെട്ട ഉണ്ണികൃഷ്ണക്കുറുപ്പിന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഭാര്യ: ദീപ. മകൾ: ഐശ്വര്യ.
കോഴിക്കോട്ട് ഇരുവഴിഞ്ഞിപ്പുഴയിലിറങ്ങി ഒഴുക്കിൽപെട്ട് കൊടിയത്തൂർ കാരക്കുറ്റി സ്വദേശി സി.കെ. ഉസ്സൻ കുട്ടിയെ (65) കാണാതായി. തിരച്ചിൽ തുടരുന്നു. സംസ്ഥാനത്ത് ഇതുവരെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇവിടെ ഏഴു കുടുംബങ്ങളിലായി 25 പേരെ മാറ്റിപ്പാർപ്പിച്ചു.
ആലപ്പുഴയിൽ 75 വീടുകൾ ഭാഗികമായി തകർന്നു. തിരുവനന്തപുരത്ത് 10 വീടുകളും കൊല്ലത്ത് 14 വീടുകളും പത്തനംതിട്ടയിൽ 10 വീടുകളും ഇടുക്കിയിൽ രണ്ടുവീടുകളും കോട്ടയത്ത് 15 വീടുകളും തകർന്നു.
മഴക്കെടുതി നേരിടാൻ സംസ്ഥാനം സുസജ്ജമാണെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു.
മഴയോടൊപ്പം ശക്തമായ കാറ്റുമുള്ളതിനാൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ സവിശേഷ ശ്രദ്ധ വേണം. പീരുമേട് ചൊവ്വാഴ്ച 100 മില്ലി മീറ്റർ മഴ ലഭിച്ചതായാണ് കണക്കെന്ന് മന്ത്രി പറഞ്ഞു.
എല്ലാ താലൂക്കിലും ഇൻസിഡൻസ് റെസ്പോൺസ് സിസ്റ്റം തയാറായിട്ടുണ്ട്. കാലവർഷക്കെടുതി നേരിടുന്ന പ്രദേശങ്ങളായി നേരത്തേ കണ്ടെത്തിയ ഇടങ്ങളിലെ റവന്യൂ ഉദ്യോഗസ്ഥരിൽ അവധിയിലുള്ളവർ 36 മണിക്കൂറിനുള്ളിൽ ഡ്യൂട്ടിക്ക് ഹാജരാകണമെന്ന് മന്ത്രി നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

