മഴ കനക്കുന്നു; വൈദ്യുതി ഉൽപാദനം കൂട്ടും
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മഴ കനക്കുന്ന സാഹചര്യത്തിൽ വൈദ്യുതോൽപാദനം വർധിപ്പിക്കാൻ കെ.എസ്.ഇ.ബി. കെ.എസ്.ഇ.ബി ഡാമുകളിലെല്ലാം ജലനിരപ്പ് ഉയർന്നു. ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള കഴിഞ്ഞ ദിവസത്തെ ആകെ ഉൽപ്പാദനം 32.39 ദശലക്ഷം യൂനിറ്റായിരുന്നു. വരുംദിവസങ്ങളിൽ ഇത് കൂടാം. ഉൽപാദനം കൂട്ടിയാൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങലിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ദിവസം 42.2076 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് പുറത്തുനിന്ന് വാങ്ങിയത്. സോളാർ ഉൾപ്പെടെ വിവിധ സ്രോതസുകളിൽ നിന്നുള്ള ആകെ ആഭ്യന്തര ഉൽപാദനം 34.6961 ദശലക്ഷം യൂനിറ്റായിരുന്നു. മഴ ശക്തമാവുന്നതോടെ വൈദ്യുതി ഉപഭോഗവും കുറയും. കഴിഞ്ഞദിവസത്തെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 76.9037 ദശലക്ഷം യൂനിറ്റായിരുന്നു. ആഭ്യന്തര ഉൽപാദനം കൂട്ടിയാലും നേരത്തേയുള്ള കരാറുകൾ വഴിയുള്ള വൈദ്യുതി വാങ്ങൽ ഒഴിവാക്കാനാവില്ല.
അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കമ്പനികളുമായുള്ള കൈമാറ്റ കരാറുകൾ വഴി അഭ്യന്തരമായി ഉൽപാദിപ്പിക്കുന്ന അധിക വൈദ്യുതി നൽകാം. ഇടുക്കിയിൽ സംഭരണശേഷിയുടെ 78 ശതമാനമാണ് ജലനിരപ്പ്. തുലാവർഷ തുടക്കത്തിൽ തന്നെ മഴ ശക്തമായതോടെ വിവിധ ഡാമുകളിൽ റെഡ് അലർട്ട് നൽകി. കെ.എസ്.ഇ.ബിക്ക് കീഴിലുള്ള മാട്ടുപ്പെട്ടി, ആനയിറങ്ങൽ, കുണ്ടള, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, കല്ലാർ ഡാമുകളിലാണ് റെഡ് അലർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

