You are here
പ്രളയം: വൈദ്യുതി ബോർഡിന് 150 കോടി നഷ്ടം
തിരുവനന്തപുരം: പ്രളയത്തിൽ 150 കോടി രൂപയുടെ നഷ്ടമുണ്ടായതായി വൈദ്യുതി ബോർഡ്. സംസ്ഥാനത്തൊട്ടാകെ 21.6 ലക്ഷത്തോളം വൈദ്യുതി കണക്ഷനുകളാണ് മഴയുടെ തുടക്കദിവസങ്ങളില്‍ കേടായത്. ഇതില്‍ 1.7 ലക്ഷം കണക്ഷനുകള്‍ മാത്രമാണ് പുനഃസ്ഥാപിക്കാൻ ബാക്കി. മഴക്കെടുതിയില്‍ 422 വിതരണ ട്രാന്‍സ്ഫോര്‍മറുകൾ നിലച്ചു.
2457 ഹൈടെൻഷന്‍ പോസ്റ്റുകളും 13316 ലോ ടെന്‍ഷന്‍ പോസ്റ്റുകളും നശിച്ചതായും വൈദ്യുതി ബോർഡിെൻറ അവലോകനത്തിൽ വ്യക്തമായി. വെള്ളം കയറി വയറിങ് പൂര്‍ണമായും നശിച്ച പാവപ്പെട്ടവരുടെ വീടുകളില്‍ വൈദ്യുതി എത്തിക്കാൻ ബോർഡ് തന്നെ വയറിങ് ഏറ്റെടുക്കും. എത്രയുംവേഗം എല്ലാവര്ക്കും വൈദ്യുതി എത്തിക്കാനാണ് ശ്രമമെന്നും ബോർഡ് ചെയർമാൻ എൻ.സി. പിള്ള അറിയിച്ചു.
1055 കോടിയുടെ കൃഷിനാശം
തിരുവനന്തപുരം: പെരുമഴയിൽ സംസ്ഥാനത്ത് 1055.14 കോടി രൂപയുടെ കൃഷിനാശം. ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് പാലക്കാടാണ് -219.79 കോടി. വയനാട്ടിൽ 218.96 കോടിയുടെയും തൃശൂരിൽ 132.25 കോടിയുടെയും നഷ്ടമുണ്ടായി. സംസ്ഥാനത്ത് മൊത്തം 72,310 ഏക്കറിലെ കൃഷി നശിച്ചു. വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മൂലം 1.13 ലക്ഷം കർഷകർ ദുരിതത്തിലായി. അടിയന്തര നഷ്ടപരിഹാരമായി 189.03 കോടി രൂപ നൽകേണ്ടിവരുമെന്ന് കൃഷിവകുപ്പ് അറിയിച്ചു. പാലക്കാട് -27.42 കോടി, വയനാട് -36.48 കോടി, തൃശൂർ -44.72 കോടി എന്നിങ്ങനെയാണ് അടിയന്തര നഷ്ടപരിഹാരം അനുവദിച്ചത്.
കെ.എസ്.എഫ്.ഇ ജീവനക്കാർ ഒരു ദിവസത്തെ ശമ്പളം നൽകും
കൊച്ചി: മഴക്കെടുതിയിൽപെട്ടവർക്ക് സഹായവുമായി കെ.എസ്.എഫ്.ഇ ജീവനക്കാർ. കെ.എസ്.എഫ്.ഇയിലെ ഏഴായിരത്തോളം ജീവനക്കാർ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. ഇത് ഏകദേശം 1.206 കോടി രൂപ വരുമെന്ന് കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസും മാനേജിങ് ഡയറക്ടർ എ. പുരുഷോത്തമനും അറിയിച്ചു.