പെയ്തൊഴിയാതെ പേമാരി; 350 ലേറെ വീടുകൾ തകർന്നു
text_fieldsവ്യാഴാഴ്ച ഉച്ച കഴിഞ്ഞ് പെയ്ത കനത്ത മഴയിൽ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ
വെള്ളം കയറിയപ്പോൾ
തിരുവനന്തപുരം: സംസ്ഥാനത്ത് അതി തീവ്രമഴയിൽ വ്യാപക നാശനഷ്ടം. കഴിഞ്ഞ 24 മണിക്കൂറിനിടെ, 359 വീടുകൾ ഭാഗികമായും എട്ട് വീടുകൾ പൂർണമായും തകർന്നു. ഇതോടെ, സംസ്ഥാനത്ത് അഞ്ച് ദിവസത്തിനിടെ തകർന്ന വീടുകളുടെ എണ്ണം 1500 കവിഞ്ഞു. വടക്കൻ കേരളത്തിലാണ് കൂടുതൽ വീടുകൾ തകർന്നത്. കനത്തമഴയുടെ പശ്ചാത്തലത്തിൽ കണ്ണൂർ, എറണാകുളം, കാസർകോട്, കോട്ടയം, തൃശൂർ, ഇടുക്കി, വയനാട്, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ജില്ല കലക്ടർമാർ അവധി പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ വെള്ളിയാഴ്ച റെഡ് അലർട്ടും മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. ജൂൺ ഒന്നുമുതൽ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ പ്രവചനം.
നിലവിൽ സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ഇതിൽ 391 കുടുംബങ്ങളിലെ 1318 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കൂടുതൽ ക്യാമ്പുകൾ വയനാട് ജില്ലയിലാണ്. ഇവിടെ 18 ക്യാമ്പുകളിലായി 208 കുടുംബങ്ങളിലെ 739 പേരാണുള്ളത്. കോട്ടയത്ത് 15 ക്യാമ്പുകളിലായി 75 കുടുംബങ്ങളിലെ 228 പേരാണുള്ളത്.
കാലവർഷ മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വൈദ്യുതി പോസ്റ്റുകൾക്കും ലൈനുകൾക്കുമേലും വീണതിനെ തുടർന്ന് വിതരണമേഖലയിൽ ഏകദേശം 120 കോടി 81 ലക്ഷം രൂപയുടെ നഷ്ടം കെ.എസ്.ഇ.ബിക്കുണ്ടായി. 2190 ഹൈ ടെൻഷൻ പോസ്റ്റുകളും 16,366 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു.
2345 സ്ഥലങ്ങളിൽ ഹൈ ടെൻഷൻ ലൈനുകളും 45,459 സ്ഥലങ്ങളിൽ ലോ ടെൻഷൻ ലൈനുകളും പൊട്ടി വീണു. 57,33,195 ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ സംഭവിച്ചു.
മഴക്കെടുതി നേരിടുന്നതിന് ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ സംഘത്തെ വീതം ഇടുക്കി, മലപ്പുറം കാസർകോട്, തൃശൂർ ജില്ലകളിൽ വിന്യസിച്ചു. ജൂൺ ഒന്നിന് ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ ടീമുകളെ വിന്യസിക്കും. മഴക്കാലം കഴിയുന്നതു വരെ ഇവർ ഈ ജില്ലകളിലുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മോശം കാലാവസ്ഥയും കടൽക്ഷോഭവും തുടരുന്നതിനാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

