കനത്ത മഴ: വിവിധ വകുപ്പുകൾക്ക് പ്രത്യേക നിർദേശം
text_fieldsതിരുവനന്തപുരം : വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചതിനാൽ റവന്യൂ, പോലീസ്, തദ്ദേശസ്ഥാപന വകുപ്പ്, അഗ്നിരക്ഷാ സേന, ഫിഷറീസ് വകുപ്പ്, തീരദേശ പൊലീസ്, ജലസേചന, വൈദ്യുത വകുപ്പുകൾക്ക് പ്രത്യേക നിർദേശം നൽകി.
ഇടുക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പത്തനംതിട്ട, എറണാകുളം, കോട്ടയം തുടങ്ങിയ സമീപ ജില്ലകളിലെ മഴ കൂടി പരിശോധിക്കണം. സമീപ ജില്ലകളിലെയും വനമേഖലയിലെയും മഴയുടെ സ്ഥിതി വനം വകുപ്പുമായും പ്രാദേശിക ജനതയുമായും സന്നദ്ധ സംഘടനകളുമായും സഹകരിച്ച് ശേഖരിച്ച് ആസൂത്രണം നടത്തണം. നിലവിലെ മുന്നറിയിപ്പിൻറെ പശ്ചാത്തലത്തിൽ ഓറഞ്ച് ബുക്ക് 2023 ൽ വൾനറബിൾ ഗ്രൂപ്പ് എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന വിഭാഗങ്ങൾക്കായി ക്യാമ്പുകൾ തയാറാക്കി ആവശ്യമായ ഘട്ടങ്ങളിൽ ആളുകളെ മുൻകൂട്ടി മാറ്റി താമസിപ്പിക്കണം..
താലൂക്ക് കൺട്രോൾ റൂമുകളും ജില്ലാ കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തണം. അതിശക്തമായ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ പ്രാദേശികമായ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. അതിനാൽ ജില്ലയിലെ ദുരന്ത സാധ്യത മേഖലകളിലെ ദുരന്ത പ്രതികരണ സംവിധാനങ്ങളെ മഴ തുടരുന്ന സാഹചര്യത്തിൽ അലർട്ട് ആക്കി നിർത്തേണ്ടതാണ്.
മലയോര മേഖലയിൽ മഴ തുടരുന്ന സാഹചര്യം പരിശോധിച്ച് അതിനനുസൃതമായ നടപടികൾ സ്വീകരിക്കണം. തദ്ദേശസ്ഥാപന തലത്തിലും വില്ലേജ് തലത്തിലും ജാഗ്രത നിർദേശം നൽകുകയും ശക്തമായ മഴ തുടരുന്ന സാഹചര്യമുണ്ടെങ്കിൽ മലയോര മേഖലയിലേക്കുള്ള ഗതാഗതം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുകയും അപകടാവസ്ഥയിൽ (വൾനറബിൾ ഗ്രൂപ്പിൽ ഉൾപ്പെട്ടവരെ) മാറ്റി താമസിപ്പിക്കുകയും ചെയ്യണം. ഇത്തരം സാഹചര്യം അന്വേഷിച്ച് ഉറപ്പാക്കി പൊലീസ്, വനംവകുപ്പ്, ഫയർ ഫോഴ്‌സ്, തദ്ദേശ സ്ഥാപനങ്ങൾ, റവന്യു ഉദ്യോഗസ്ഥർ, ഡാം ഓപ്പറേറ്റർമാർ എന്നിവർക്ക് ജാഗ്രത നിർദേശം നൽകുകയും ഇവരുടെയെല്ലാം ഏകോപനം ഉറപ്പാക്കുകയും ചെയ്യണം.
ഡാമുകളുടെ റൂൾ കർവുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെറിയ ഡാമുകളിൽ നേരത്തെ തന്നെ തയാറെടുപ്പുകൾ നടത്താനും കെ.എസ്.ഇ..ബി, ഇറിഗേഷൻ, കെ.ഡബ്ല്യു.എ വകുപ്പുകൾക്ക് നിർദേശം നൽകേണ്ടതാണ്. നദികളിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പ്രത്യേകം നിരീക്ഷിക്കേണ്ടതാണെന്നും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

