മഴ കനക്കുന്നു: ആറു മരണം കൂടി, നാലുപേരെ കാണാതായി
text_fieldsതിരുവനന്തപുരം: പ്രളയഭീതി വിതച്ച് സംസ്ഥാനത്ത് മഴ കനക്കുന്നു. ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ആറു പേർകൂടി മരിച്ചു. കണ്ണൂർ പേരാവൂരിൽ തിങ്കളാഴ്ച രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ മൂന്നു പേർ മരിച്ചു.
കണിച്ചാർ പഞ്ചായത്തിലെ നെടുംപുറംചാൽ നദീറയുടെ മകൾ നൂമ തസ്മീൻ (രണ്ടര), വെള്ളറ കോളനിയിലെ മണ്ണാളി ചന്ദ്രൻ (55), അരുവിക്കൽ രാജേഷ് (45) എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസം മുണ്ടക്കയം കൂട്ടിക്കലിൽ ഒഴുക്കിൽപെട്ട് കാണാതായ റിയാസിന്‍റെയും (45) കോതമംഗലം ഉരുളൻതണ്ണിയിൽ വനത്തിൽ കാണാതായ പൗലോസിന്‍റെയും (65) മുളന്തുരുത്തിയിൽ കാണാതായ ടി.ആർ. അനീഷിന്‍റെയും (36) മൃതദേഹം കണ്ടെത്തി. ഇതോടെ മഴക്കെടുതിയിലും കടൽക്ഷോഭത്തിലും മരിച്ചവരുടെ എണ്ണം 13 ആയി.
അതേ സമയം, ചാവക്കാട് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല. തിരുവനന്തപുരം പുല്ലൂവിള സ്വദേശികളായ മണിയൻ, ഗിൽബർട്ട് എന്നിവരെയാണ് ഇനിയും കണ്ടെത്താനാവാത്തത്. തിങ്കളാഴ്ച വൈകീട്ട് ആറോടെ ആഴക്കടൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഫൈബർ വഞ്ചി തിരയിൽപെട്ട് മറിഞ്ഞത്. കാണാതായ ഫൈബർ വഞ്ചിയും വലയുൾപ്പെടെ ഉപകരണങ്ങളും കരക്കടിഞ്ഞു.
പത്തനംതിട്ടയിൽ പമ്പയാറ്റിൽ ഒഴുക്കിൽപെട്ട് കാണാതായ റജി (54), കൊല്ലത്ത് ഇത്തിക്കരയാറിൽ കുണ്ടുമൺ ഭാഗത്ത് കുളിക്കാനിറങ്ങിയ കിളികൊല്ലൂർ അനുഗ്രഹ നഗർ സജീന മൻസിലിൽ നൗഫൽ (21) എന്നിവർക്കായി തിരച്ചിൽ തുടരുന്നു.
10 ജില്ലകളിൽ റെഡ് അലർട്ട്; 11 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
അതിതീവ്രമഴ മുന്നറിയിപ്പിനെ തുടർന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ അംഗൻവാടികൾ മുതൽ പ്രഫഷനൽ കോളജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർമാർ അവധി പ്രഖ്യാപിച്ചു. നേരത്തേ നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

