വരുംദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യത; തൃശൂരിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് (ജൂലൈ 17) തൃശൂർ ജില്ലയിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചുകൊണ്ട് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്.
ഇന്ന് തൃശൂർ കൂടാതെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ 10 ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തുടർന്നുളള ദിവസങ്ങളായ ജൂലൈ 18-ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, 19-ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് ബാധകമായിരിക്കും. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണിത്.
ഉരുൾപൊട്ടൽ സാധ്യത, ജാഗ്രത പാലിക്കണം
തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും ഉള്ളവരും ജാഗ്രത പാലിക്കണം. ദുരന്തസാധ്യതാ പ്രദേശങ്ങളിലുള്ളവർ പകൽസമയത്തുതന്നെ തദ്ദേശ-റവന്യൂ അധികാരികളുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണം.
യാത്രകൾ ഒഴിവാക്കുക, ജലാശയങ്ങളിൽ ഇറങ്ങരുത്
ശക്തമായ മഴയുള്ളപ്പോൾ നദികൾ മുറിച്ചുകടക്കാനോ, കുളിക്കാനും മീൻപിടിക്കാനുമായി ജലാശയങ്ങളിൽ ഇറങ്ങാനോ പാടില്ല. മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുന്നതും സെൽഫി എടുക്കുന്നതും ഒഴിവാക്കണം. വെള്ളച്ചാട്ടങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകളും വിനോദയാത്രകളും മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. ജലാശയങ്ങൾ കരകവിഞ്ഞൊഴുകുന്ന റോഡുകളിലൂടെ വാഹനം ഓടിക്കരുത്.
ശക്തമായ കാറ്റ്, എമർജൻസി കിറ്റുകൾ കരുതുക
അടച്ചുറപ്പില്ലാത്തതും മേൽക്കൂര ശക്തമല്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവർ കാറ്റിനെതിരെ പ്രത്യേക മുൻകരുതൽ എടുക്കണം. മരങ്ങൾ കടപുഴകിയും പോസ്റ്റുകൾ തകർന്നും അപകടമുണ്ടാകാൻ സാധ്യതയുള്ളതിനാൽ സ്വകാര്യ-പൊതു ഇടങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റണം. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പൊതുജനങ്ങൾ എമർജൻസി കിറ്റുകൾ തയ്യാറാക്കി വെക്കേണ്ടതാണ്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ല കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. അപകടസാധ്യത മുന്നിൽ കാണുന്ന ഘട്ടങ്ങളിൽ സഹായത്തിനായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം. കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് അനുസരിച്ച് മുന്നറിയിപ്പുകളിൽ മാറ്റം വരാമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

