ശക്തമായ മഴ; തലസ്ഥാനം വെള്ളത്തിൽ -കരമനയാറിൽ ഓറഞ്ച് അലർട്ട്
text_fieldsതിരുവനന്തപുരം: കഴിഞ്ഞ ദിവസം രാത്രിമുതൽ പെയ്യുന്ന ശക്തമായ മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിലായി. ജില്ലയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. തേക്കുമൂട് ബണ്ട് കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് 122 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കണ്ണമ്മൂല ഭാഗത്തും നിരവധി വീടുകളിൽ വെള്ളം കയറി. പുത്തൻപാലത്ത് വെള്ളം കയറിയതിനെ തുടർന്ന് 45 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. പോത്തൻകോട് ഏഴ് വീടുകളിൽ വെള്ളം കയറി. ടെക്നോപാർക്കിലും െവള്ളം കയറി. ടെക്നോപാർക്കിലെ ഹോസ്റ്റലിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പോത്തൻകോട് കല്ലുവിളയിൽ മതിലിടിഞ്ഞ് വീണ് യുവാവിന് പരിക്കേറ്റു. കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കരമനയാറിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നെയ്യാർ നദിയിലെ അരുവിപ്പുറം സ്റ്റേഷൻ, വാമനപുരം നദിയിലെ അയിലം സ്റ്റേഷൻ എന്നിവിടങ്ങളിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ക്യാമ്പുകളുള്ള സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കഴക്കൂട്ടം, പേട്ട, കേശവദാസപുരം, ഉള്ളൂർ തുടങ്ങിയ സെക്ഷനുകളുടെ പരിധിയിലെ 16ലേറെ ട്രാൻസ്ഫോമറുകളിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു.
കൊച്ചു വേളി റെയിൽവേ സ്റ്റേഷനിൽ വെള്ളം കയറിയതിനെ തുടർന്ന് ഉച്ചക്ക് 12.30ന് പുറപ്പെടേണ്ട തിരുവനന്തപുരം ന്യൂഡൽഹി കേരള എക്സ്പ്രസ് ഏഴു മണിക്കൂർ വൈകും. അസാധാരണ സാഹചര്യമാണ് തിരുവനന്തപുരത്ത് നിലനിൽക്കുന്നതെന്ന് യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

