പേമാരി, ഉരുൾപൊട്ടൽ; 22 മരണം
text_fieldsതിരുവനന്തപുരം: കാലവർഷം സംഹാര താണ്ഡവമാടിയ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 22 മരണം. ഇടുക്കിയിൽ അഞ്ചിടങ്ങളിലുണ്ടായ ഉരുൾ പൊട്ടലിൽ രണ്ട് കുട്ടികളുൾപ്പെടെ ഒരുകുടുംബത്തിലെ അഞ്ചുപേരടക്കം 11 പേർ മരിച്ചു. രണ്ടുപേരെ കാണാതായി. മലപ്പുറം ജില്ലയിലെ നിലമ്പൂർ ചാലിയാർ ഗ്രാമപഞ്ചായത്തിലെ ആഢ്യൻപാറക്ക് സമീപം ചെട്ടിയംപാടത്ത് ഉരുൾപൊട്ടി കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ഒരാളെ കാണാതായി. വയനാട് മൂന്നു പേരും എറണാകുളത്ത് രണ്ടും കോഴിക്കോട് ഒരാളും മരിച്ചു.
ഇടുക്കിയിൽ അടിമാലി, കൊരങ്ങാട്ടി, കമ്പിളികണ്ടം, കീരിത്തോട്, രാജപുരം എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്. അടിമാലി പുതിയകുന്നേൽ ഹസൻകുട്ടിയുടെ ഭാര്യ പാത്തുമ്മ (60), മകൻ മുജീബ് (35), ഭാര്യ ഷെമീന (30), മക്കളായ ദിയ ഫാത്തിമ (ഏഴ്), നിയ മുജീബ് (അഞ്ച്), കമ്പിളികണ്ടം കുരുശുകുത്തി പന്തപ്പിള്ളിൽ മാണിയുടെ ഭാര്യ തങ്കമ്മ (46), െകാരങ്ങാട്ടി കുറുമ്പനാനിക്കൽ മോഹനൻ (52), ഭാര്യ ശോഭ (48), കീരിത്തോട് പെരിയാർവാലിയിൽ കൂട്ടാക്കുന്നേൽ ആഗസ്തി (65), ഭാര്യ ഏലിക്കുട്ടി (60), മുരിക്കാശേരി രാജപുരം കരികുളം മീനാക്ഷി (80) എന്നിവരാണ് മരിച്ചത്. മീനാക്ഷിയുടെ മക്കളായ രാജൻ, ഉഷ എന്നിവരെയാണ് കാണാതായത്. ആഢ്യൻപാറക്ക് സമീപം ചെട്ടിയംപാടത്ത് ബുധനാഴ്ച രാത്രി പത്തോടെയുണ്ടായ ഉരുൾപൊട്ടലിൽ പറമ്പാടൻ കുഞ്ഞി (56), മരുമകൾ ഗീത (24), മക്കളായ നവനീത് (ഒമ്പത്), നിവേദ് (മൂന്ന്), കുഞ്ഞിയുടെ സഹോദരിപുത്രൻ മിഥുൻ (16) എന്നിവരാണ് മരിച്ചത്. കുഞ്ഞിയുടെ മകൻ സുബ്രഹ്മണ്യനെയാണ് (30) കാണാതായത്.
അടിമാലി എട്ടുമുറി പുതിയകുന്നേൽ വീട്ടിൽ ഉറങ്ങിയ ഏഴുപേരിൽ അഞ്ചുപേരാണ് മരിച്ചത്. സാരമായി പരിക്കേറ്റ ഹസൻകുട്ടി (68), ഷെമീനയുടെ പിതൃസഹോദരൻ കൊല്ലം പുത്തൻവിളതെക്കേതിൽ സൈനുദ്ദീൻ (50) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ച മൂന്നോടെയാണ് വീടിന് മുകൾഭാഗത്ത് 200 മീറ്റർ ഉയരത്തിൽ നിന്ന് ഉരുൾപൊട്ടിയത്. മുകളിലെ റോഡടക്കം ഇടിഞ്ഞ് വീട് പൂർണമായും മണ്ണുമൂടി.

പുലർച്ച അഞ്ചോടെയാണ് വീട്ടിലേക്ക് മണ്ണിടിഞ്ഞ് കൊരങ്ങാട്ടിയിൽ ആദിവാസി ദമ്പതികളായ മോഹനനും ശോഭനയും മരിച്ചത്. യാത്രമാർഗം അടഞ്ഞതിനാൽ ഇവരുടെ മൃതദേഹം നാല് മണിക്കൂർ ചുമന്നാണ് അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. കീരിത്തോട് പെരിയാർവാലിയിൽ ഡാം തുറക്കുമ്പോൾ പെരിയാർ കരകവിഞ്ഞൊഴുകി അപകടമുണ്ടാകുമെന്നതിനാൽ മാറ്റി പാർപ്പിച്ച വീട് ഉരുൾപൊട്ടലിൽ തകർന്നാണ് ആഗസ്തിയും ഭാര്യയും മരിച്ചത്. ഇവർ താമസിച്ചിരുന്ന വീടിെൻറ അരകിലോമീറ്റർ മുകളിൽനിന്ന് പൊട്ടിവന്ന ഉരുൾ വലിയ ശബ്ദത്തോടെ വീടിനുമുകളിലേക്ക് പതിക്കുകയായിരുന്നു. മകെൻറ ഭാര്യ െജസിയും (22) ഒന്നരവയസ്സുള്ള കുട്ടിയും രക്ഷപ്പെട്ടു.
പുലർച്ച 4.30നുണ്ടായ ഉരുൾപൊട്ടലിൽ വീട് പൂർണമായും ഒലിച്ചുപോയാണ് രാജപുരം കരികുളത്ത് മീനാക്ഷി മരിച്ചത്. മക്കളായ രാജനും ഉഷക്കും വേണ്ടി തിരച്ചിൽ തുടരുകയാണ്.
വയനാട് പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് കൂടുതല്‍ നാശം. മലയോരമേഖലകളിലെ റോഡുകള്‍ ഇല്ലാതായി. നൂറോളം വീട് തകര്‍ന്നു. സംസ്ഥാനത്തിെൻറ പലഭാഗത്തും വൈദ്യുതിബന്ധം തടസ്സപ്പെട്ടിരിക്കുകയാണ്. ദുരിതാശ്വാസക്യാമ്പുകളില്‍ ആയിരങ്ങൾ അഭയം പ്രാപിച്ചു. സൈന്യത്തിെൻറ സേവനം ദുരന്തമേഖലകളിൽ ലഭ്യമാക്കിയിട്ടുണ്ട്. വിവിധ ജില്ലകളിൽ 129 ദുരിതാശ്വാസ ക്യാമ്പ് തുറന്നു.

കോഴിക്കോട് പുതുപ്പാടി മലവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയതിനെ തുടർന്ന് ഒരാൾ മരിച്ചു. പുതുപ്പാടി മട്ടികുന്ന് പരപ്പൻപാറ മാധവിയുടെ മകൻ രജിത്ത് മോൻ റജി (24) സഞ്ചരിച്ച കാറാണ് ഒഴുകിപ്പോയത്. ബുധനാഴ്ച രാത്രി 11.30ന് കൂട്ടുകാരോടൊപ്പം മട്ടിക്കുന്നിലെ വീട്ടിലേക്ക് കാറിൽ പോകവേയാണ് അപകടത്തിൽപെട്ടത്. ഉരുൾെപാട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിൽ കണ്ട് സുഹൃത്തുക്കൾ കാറിൽനിന്ന് ഇറങ്ങിയോടി. ഡ്രൈവിങ് സീറ്റിലായിരുന്ന രജിത്ത് കാർ പിറകോെട്ടടുക്കാൻ ശ്രമിച്ചെങ്കിലും കാറുൾെപ്പടെ ഒഴുകിപ്പോയി. വ്യാഴാഴ്ച ഉച്ചയോടെ മണൽ വയലിനടുത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്.

വയനാട് ജില്ലയിൽ മണ്ണിടിഞ്ഞും ഉരുൾപൊട്ടിയും ദമ്പതികളടക്കം മൂന്നു പേർ മരിച്ചു. മാനന്തവാടി തലപ്പുഴക്ക് സമീപം മക്കിമലയിൽ ഉരുൾപൊട്ടലിൽ വീട് തകർന്ന് മംഗലശേരി വീട്ടിൽ റസാഖ് (40), ഭാര്യ സീനത്ത് (32), വൈത്തിരി പൊലീസ് ക്വാർട്ടേഴ്സിനടുത്തുള്ള ലക്ഷംവീട് കോളനിയിൽ ബുധനാഴ്ച രാത്രി മണ്ണിടിഞ്ഞ് തോളിയിലത്തറ ജോർജിെൻറ ഭാര്യ ലില്ലി (62) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ച മൂന്നോടെയാണ് തലപ്പുഴക്ക് സമീപം മക്കിമലയിൽ ഉരുൾപൊട്ടിയത്. റസാഖും സീനത്തും ഉറങ്ങിക്കിടന്ന മുറിയുടെ മുകളിൽ കല്ലും മണ്ണും പതിക്കുകയായിരുന്നു. ഇവരുടെ മക്കളായ റജ്മൽ, റജിനാസ്, റിഷാൽ എന്നിവർ ഓടിരക്ഷപ്പെട്ടു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഉച്ച 12.30ഓടെയാണ് മൃതദേഹം പുറത്തെടുത്തത്.

എറണാകുളം കോലഞ്ചേരിയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് രണ്ട് പ്ലസ് ടു വിദ്യാർഥികൾ മരിച്ചു. കീഴില്ലം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ മണ്ണൂർ കൊല്ലേരിമൂലയിൽ ജിജിയുടെ മകൻ ഗോപീകൃഷ്ണൻ (17), ഐരാപുരത്ത് വാടകക്ക് താമസിക്കുന്ന ചെല്ലാനം കണ്ടക്കടവ് കോയിൽപറമ്പിൽ തോമസിെൻറ മകൻ അലൻ തോമസ് (17) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് കണ്ണൂർ ഇരിട്ടിയിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ട് പേരും മരിച്ചിട്ടുണ്ട്.

കണ്ണൂരിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്ന് കേളകം, ആറളം, കൊട്ടിയൂർ പഞ്ചായത്തുകളിൽ വ്യാപക ഉരുൾപൊട്ടൽ. കേളകം പഞ്ചായത്തിലെ ശാന്തിഗിരി, വെണ്ടേക്കംചാൽ, കൊട്ടിയൂർ പഞ്ചായത്തിലെ പൊയ്യ മല, അമ്പായത്തോട്, ആറളം, ചതിരൂർ 110 കോളനി എന്നിവിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. കൊട്ടിയൂർ, ആറളം വനങ്ങളിലും ഉരുൾപൊട്ടലിനെ തുടർന്ന് ചീങ്കണ്ണി, ബാവലി പുഴകൾ കരകവിഞ്ഞ് നൂറോളം വീടുകളിൽ വെള്ളം കയറി. കൊട്ടിയൂർ പാൽച്ചുരം താഴെ കോളനി, ചതിരൂർ 110 കോളനി, വിയറ്റ്നാം കോളനി എന്നിവിടങ്ങളിലെ നൂറ്റമ്പതോളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.
ചീങ്കണ്ണി പുഴ വെള്ളപ്പൊക്കത്തിൽ വളയഞ്ചാൽ തൂക്ക് പാലം ഒലിച്ച് പോയി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സേനയുടെ സേവനം ലഭ്യമാക്കണമെന്ന് അഡ്വ.സണ്ണി ജോസഫ് എം. എൽ.എ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. വെള്ളപ്പൊക്കത്തിൽ പുഴയോരങ്ങളിലെ കോളനിവാസികളെ മാറ്റിപ്പാർപ്പിച്ചു. കനത്ത മണ്ണിടിച്ചിലിൽ കൊട്ടിയൂർ -വയനാട് ചുരം പാത വിവിധയിടങ്ങളിൽ തകർന്നതിനെ തുടർന്ന് ഗതാഗതം നിലച്ചു. പാതയുടെ വിവിധ ഭാഗങ്ങളിൽ വിള്ളലുണ്ടായി. വാഹനങ്ങൾ നിടുംപൊയിൽ ചുരം പാത വഴി തിരിച്ചുവിട്ടു.

പാലക്കാട് കോങ്ങാട് മേഖലയിൽ കനത്ത മഴയിൽ മണിക്കശേരി പുഴ പാലം കവിഞ്ഞ് ഒഴുകുന്നു. തീരദേശങ്ങൾ വെള്ളത്തിൽ മുങ്ങി. കാഞ്ഞിക്കുളം- കോങ്ങാട് ഉൾനാടൻ പ്രധാന പാതയിൽ വാഹനഗതാഗതം മുടങ്ങി. സമീപ സ്ഥലങ്ങളിലെ തോടുകളിലും പറമ്പിലും വെള്ളം കയറിയിട്ടുണ്ട്.

കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പട്ടു. തൃശൂർ കുതിരാൻ തുരങ്കത്തിന് മുന്നിൽ മണ്ണിടിഞ്ഞു. എറണാകുളത്ത് ഐരാപുരം തട്ടുപാലം തോട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ ഒഴുക്കിൽപെട്ടു. ഫയർഫോഴ്സ് തിരച്ചിൽ നടത്തുന്നു. പട്ടാമ്പി കാമാനം വഴി പഴകടവ് നമ്പ്രം റോഡിൽ വെള്ളം കയറി.
കോഴിക്കോട്, മലപ്പുറം, വയനാട്, ഇടുക്കി എന്നിവിടങ്ങളിലേക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരോ സംഘം വീതം രക്ഷാപ്രവർത്തനങ്ങൾക്കായി തിരിച്ചിട്ടുണ്ട്. മഴക്കെടുതി വിലയിരുത്താനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി റവന്യൂ മന്ത്രി വിളിച്ച അടിയന്തരയോഗം തുടങ്ങി.
വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു: ദുരന്തനിവാരണത്തിന് പ്രഥമ പരിഗണന
ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയദുരന്തത്തെ അഭിമുഖീകരിക്കുന്ന വയനാട് ജില്ലയിൽ ജില്ലാ ഭരണകൂടം റെഡ് അലർട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാം ഒഴിവാക്കി ദുരന്ത നിവാരണത്തിൽ മാത്രം ശ്രദ്ധയൂന്നുന്നതിനാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത്. ജനങ്ങൾക്കുള്ള അതീവ ജാഗ്രതാ മുന്നറിയിപ്പാണിത്.
സൈന്യം ഉടന്‍ രക്ഷാപ്രവര്‍ത്തിനെത്തും.
വയനാട്ടിലെ കാലവര്‍ഷക്കെടുതി നേരിടുന്നതിന് കൊച്ചിയില്‍ നിന്ന് 5 ബോട്ടുമായി നേവി വയനാട്ടിലേക്ക് തിരിച്ചു. എന്‍ഡിആര്‍എഫിന്റെ യൂണിറ്റ്,നേവിയുടെ രണ്ട് ഹെലികോപ്റ്റര്‍ മാനന്തവാടി, വൈത്തിരി എന്നിവിടങ്ങളില്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങും. കണ്ണൂര്‍ ഡിഎസ്സിയുടെ ഒരു കമ്പനിയും വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. റവന്യ വകുപ്പിന്റെ മുഴുവന്‍ സംവിധാനവും രക്ഷാപ്രവര്‍ത്തനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
