കേരളത്തിൽ അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
text_fieldsതിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നൽകിയത്. മഴ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
മത്സ്യത്തൊഴിലാളികൾ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കന്യാകുമാരി തീരം, വടക്കൻ തമിഴ്നാട് അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആന്ധ്രപ്രദേശ് തീരം അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ശ്രീലങ്കൻ തീരത്തിന്റെ തെക്കു ഭാഗം, കേരള തീരം, ലക്ഷദ്വീപ് - മാലിദ്വീപ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
ബുധനാഴ്ച വടക്കൻ ആന്ധ്രപ്രദേശ് തീരം, അതിനോട് ചേർന്ന വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.