വിറങ്ങലിച്ച് കേരളം; ആറു മരണം കൂടി, കോട്ടയത്ത് ട്രെയിനിന് റെഡ് അലർട്ട്
text_fieldsകോട്ടയം: കനത്തമഴയിൽ സംസ്ഥാനമാകെ ജീവിതം നിശ്ചലം. മധ്യകേരളം വിറങ്ങലിച്ചുനിൽക്കുകയാണ്. ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത് ആറുപേർ മരിച്ചു. മൂന്നുപേരെ കാണാതായി. ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലകളിൽ രണ്ടുേപർ വീതമാണ് മരിച്ചത്. ആലപ്പുഴ ചെന്നിത്തലയിൽ വള്ളം മറിഞ്ഞ് തൃപ്പെരുന്തുറയിൽ മാത്യുവും (ബാബു-62) കുറത്തിക്കാട് കനാലിൽ കാൽവഴുതി വീണ് രാമകൃഷ്ണനും (69) ആണ് മരിച്ചത്. കോട്ടയം ജില്ലയിലെ കാരിക്കോട് മൂർക്കാട്ടുപടി ഇറമ്പിൽ പാടശ്ശേഖരത്തിലെ വെള്ളക്കെട്ടിൽ വീണ് പത്താം ക്ലാസ് വിദ്യാർഥി അലൻ (14) മരിച്ചു. കോട്ടയം അഴുതയാറ്റില്‍ കാൽവഴുതിവീണ് കാണാതായ കോരുത്തോട് അമ്പലവീട്ടില്‍ ദീപുവിെൻറ (34) മൃതദേഹം കണ്ടെത്തി.
മലപ്പുറം മേലാറ്റൂരിൽ വെള്ളംനിറഞ്ഞ വയലിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് വലിയപറമ്പ് വെള്ളോടി നഗറിലെ എരുത്തൊടി നാരായണൻ (68) മരിച്ചു. കഴിഞ്ഞദിവസം തേഞ്ഞിപ്പലത്തുനിന്ന് കടലുണ്ടിപ്പുഴയിൽ കാണാതായ മുഹമ്മദ് റബീഹിെൻറ (ഏഴ്) മൃതദേഹം കെണ്ടത്തി. വള്ളിക്കുന്ന് അരിയല്ലൂർ ബീച്ചിലാണ് ചൊവ്വാഴ്ച വൈകീട്ട് മൃതദേഹം കണ്ടെത്തിയത്.
സംസ്ഥാനത്ത് 18 വരെ കനത്തമഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെൻറ മുന്നറിയിപ്പ്. തീരത്ത് മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 29 വീട് പൂർണമായും 436 എണ്ണം ഭാഗികമായും തകർന്നു.
കോട്ടയത്ത് ട്രെയിനിന് റെഡ് അലർട്ട്
കനത്ത മഴയിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേരള, എം.ജി സർവകലാശാലകൾ ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട്. കോട്ടയം ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾെപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും ബുധനാഴ്ച ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു.
കോട്ടയത്ത് ദേശീയ ദുരന്തനിവാരണ സേനയെത്തി
കോട്ടയം: വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ നൂറുകണക്കിന് കുടുംബങ്ങളെ രക്ഷിക്കാൻ ദേശീയ ദുരന്തനിവാരണ സേനയെത്തി. കാരക്കോണം നാലാം ബറ്റാലിയന് കീഴിലുള്ള തൃശൂർ റീജനൽ റെസ്പോൺസ് സെൻറിലെ 45 അംഗസംഘമാണ് ജില്ലയിൽ എത്തിയത്. അസി. കമാൻഡ് പി.എം. ജിതേഷിെൻറ നേതൃത്വത്തിൽ 22 അംഗങ്ങൾ വീതമുള്ള രണ്ട് സംഘമായി തിരിഞ്ഞ് വെള്ളത്തിൽ കുടുങ്ങിയവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന പ്രവർത്തനം ആരംഭിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിൽ പ്രവർത്തനം വിലയിരുത്തിയശേഷമാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
