മഴ അതിതീവ്രം: 215 സ്ഥലത്ത് ഉരുൾപൊട്ടി; 27 അണക്കെട്ടുകൾ തുറന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 215 ഇടങ്ങളിൽ ഉരുൾപൊട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒാഖി ഏൽപിച്ച ആഘാതത്തിൽ നിന്ന് കരകയറവെയാണ് രണ്ടാമത് ദുരന്തം വന്നത്. ഇതുവരെ 38 പേർ മരിച്ചു. നാലുപേരെ കാണാനില്ല. 20,000 വീടുകൾ പൂർണമായി തകർന്നു. 439 ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 10,000 കിലോമീറ്റർ മരാമത്ത് റോഡുകൾ തകർന്നു. പ്രാദേശികറോഡുകളും പല പാലങ്ങളും നശിച്ചു.
മിക്ക പാലങ്ങളും ബലപ്പെടുത്തുകയോ പുനർനിർമിക്കുകയോ വേണ്ടി വരും. ചില പ്രദേശങ്ങൾ പൂർണമായി ഒറ്റപ്പെട്ടു. കാർഷികവിഭവങ്ങൾ വലിയ തോതിൽ നശിച്ചു. ഉരുൾപൊട്ടലിെൻറ ഭാഗമായ പാരിസ്ഥിതികപ്രശ്നങ്ങൾ ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചരിത്രത്തിലാദ്യമായാണ് 27 ഡാമുകൾ ഒരുമിച്ച് തുറക്കേണ്ടിവന്നത്. നദികൾ പലയിടത്തും കവിഞ്ഞൊഴുകി വ്യാപകകൃഷിനാശമുണ്ടായി. വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ട നിരവധി കുടുംബങ്ങളുണ്ട്. കുടിവെള്ളവിതരണം തടസ്സപ്പെടുകയും ജലസംഭരണികൾ മലിനമാകുകയും ചെയ്തു. നിരവധിപേർ വീടുകളിൽ വെള്ളം കയറിയും വീട് തകർന്നും കഴിയുന്നു.
രണ്ടാംഘട്ട പ്രളയത്തെ തുടർന്ന് ക്യാമ്പുകളിലെത്തിയ 60,000 പേരിൽ പകുതിയോളം പേർ ഇപ്പോഴും ക്യാമ്പുകളിലാണ്. ഇവർ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ഇനിയും സമയമെടുക്കും. കിടപ്പാടം, കൃഷിഭൂമി, കടകൾ, വീട്ടുപകരണങ്ങൾ, ജീവനോപാധികൾ എന്നിവ നഷ്ടപ്പെട്ടവർ നിരവധി. താഴ്ന്നപ്രദേശങ്ങളിെല നിരവധി വീടുകളിൽ വെള്ളവും ചളിയും കെട്ടിക്കിടക്കുകയാണ്.
രക്ഷാപ്രവർത്തനം സമാനതകളില്ലാത്ത വിധം നടന്നു. മന്ത്രിമാർ ചുമതലയുള്ള ജില്ലകളിൽ നേതൃത്വം നൽകി. ജന-രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സാമൂഹിക സംഘടനകൾ എന്നിവർ സജീവമായി ഇടപെട്ടു. ദുരിതാശ്വാസകേന്ദ്രങ്ങളിൽ ഭക്ഷണം, വസ്ത്രം, വെള്ളം, ശുചിമുറി എന്നിവ സജ്ജീകരിച്ചു. 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ജില്ലകളിലും തലസ്ഥാനത്തും പ്രവർത്തിച്ചു.
ദുരന്തനിവാരണസേന, കര-നാവിക-വ്യോമ-തീരദേശസേനകളുടെയും റവന്യൂ-പൊലീസ്-ഫയർ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലെ രക്ഷാപ്രവർത്തനം ഏവരും ശ്ലാഘിച്ചു. സന്നദ്ധപ്രവർത്തകരും സജീവമായി രംഗത്തുണ്ടായിരുന്നു. ജില്ല കലക്ടർമാരുടെയും എറണാകുളം, വയനാട് ജില്ലകളിലേക്ക് പ്രത്യേകം ചുമതലപ്പെടുത്തിയ ഉയർന്ന ഉദ്യോഗസ്ഥരുടെയും പങ്ക് ശ്രദ്ധേയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പമ്പ നിറഞ്ഞൊഴുകുന്നു; തീർഥാടകരെ വിടില്ല
ഇടുക്കി/പത്തനംതിട്ട: പമ്പയാറ്റിൽ കുെത്താഴുക്കിന് ശമനമില്ല. ഇതോടെ നിറപുത്തരി ആഘോഷങ്ങൾക്ക് തീർഥാടകരെ കടത്തിവിടേണ്ടെന്ന് ദേവസ്വം ബോർഡ് തീരുമാനിച്ചു. കരകവിഞ്ഞ പമ്പ, പമ്പാമണപ്പുറവും വ്യാപാരസ്ഥാപനങ്ങളിലും എല്ലാം കയറിയൊഴുകുകയാണ്. ശബരിമലയിലെ നിറപുത്തരി ആഘോഷത്തിനായി നെൽകറ്റകൾ പമ്പയിൽ എത്തിച്ചെങ്കിലും സന്നിധാനത്തേക്ക് കൊണ്ടുപോകാനായില്ല. നാമമാത്ര തീർഥാടകരേ പമ്പയിലെത്തിയുള്ളൂ.
തന്ത്രി കണ്ഠരര് മഹേഷ് മോഹനരെ പുല്ലുമേട് വനമേഖലയിലൂടെ സന്നിധാനത്ത് എത്തിക്കാനുള്ള ശ്രമം നിർത്തിെവച്ചു. കനത്ത മഴയും മൂടൽമഞ്ഞും വന്യമൃഗങ്ങളുടെ ശല്യവും കണക്കിലെടുത്ത് വനം വകുപ്പിെൻറ നിർദേശത്തെ തുടർന്നാണിത്. ബുധനാഴ്ച കാലാവസ്ഥ അനുകൂലമായാൽ യാത്ര തുടരും. ബുധനാഴ്ച ആറിന് സന്നിധാനത്ത് നടത്താനിരുന്ന നിറപുത്തരിച്ചടങ്ങുകൾ ഇവർ എത്തിയ ശേഷമാകും നടത്തുക. തന്ത്രിയും സംഘവും പെരിയാർ കടുവ സങ്കേതം ക്യാമ്പിൽ താമസിക്കും. അതേസമയം, നിറപുത്തരി ഉത്സവത്തിനായി ശബരിമല നട തുറന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരിയാണ് ശ്രീകോവില്‍ നട തുറന്നത്.
ഇടുക്കി മുതിരപ്പുഴയാർ കരകവിഞ്ഞതിനെ തുടർന്ന് മൂന്നാർ പട്ടണം വെള്ളത്തിലായി. മാട്ടുപ്പെട്ടി അണക്കെട്ട് തുറന്നതും മഴ ശക്തമായതുമാണ് കാരണം. പഴയ മൂന്നാർ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. റെക്കോഡ് മഴയാണ് മേഖലയിൽ. ഇടുക്കി വൃഷ്ടിപ്രദേശത്തും മഴ കനത്തു. ജലനിരപ്പ് താഴ്ന്നതോടെ ഷട്ടറുകൾ രണ്ടെണ്ണം അടക്കുകയും മറ്റുമൂന്ന് ഷട്ടറുകളിൽനിന്ന് ഒഴുക്കിക്കളയുന്ന ജലത്തിെൻറ അളവ് കുറക്കുകയും െചയ്തിരുന്നു. എന്നാൽ, ചൊവ്വാഴ്ച ജലനിരപ്പ് കാര്യമായി ഉയർന്നു. ഇതോടെ അഞ്ചു ഷട്ടറുകൾ വീണ്ടും തുറന്നു.
പരമാവധി സംഭരണശേഷിയിലെത്തിയതോടെയാണ് മാട്ടുപ്പെട്ടി ഡാം തുറന്നുവിട്ടത്. മൂന്നാർ, മുതിരപ്പുഴ, കല്ലാർകുട്ടി, ലോവർപെരിയാർ മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു.
ശനിയാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒഡിഷ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചതാണ് കാരണം. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കൂടുതല്‍ ശക്തമായ സാഹചര്യത്തില്‍ വരുന്ന 48 മണിക്കൂര്‍ അതിശക്തമായ മഴക്കാണ് സാധ്യത.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ 11 സെ. മീറ്റര്‍ വരെ ശക്തിയുള്ള മഴയും മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും 20 സെ. മീറ്റര്‍ വരെ അതിശക്തമായ മഴയും പെയ്യുമെന്നാണ് മുന്നറിയിപ്പ്. സാധാരണ നിലയില്‍ ന്യൂനമര്‍ദം രൂപം കൊണ്ടാല്‍ മൂന്നുനാല് ദിവസം കൊണ്ട് ദുര്ബലമാകാറുണ്ടെങ്കിലും ഇക്കുറി പതിവ് തെറ്റി. മണിക്കൂറില്‍ 35 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാനിടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇടുക്കി: വീണ്ടും അഞ്ച് ഷട്ടറിലേക്ക്
തൊടുപുഴ: ഇടുക്കി-ചെറുതോണി അണക്കെട്ടിെൻറ തുറന്ന ഷട്ടറുകളുടെ എണ്ണം വീണ്ടും അഞ്ചായി വർധിപ്പിച്ചു. ജലനിരപ്പ് കുറഞ്ഞതോടെ അടച്ച ഒന്ന്, അഞ്ച് ഷട്ടറുകളാണ് ഒരു മീറ്റർ വീതം വീണ്ടും തുറന്നത്. രണ്ട്, മൂന്ന്, നാല് ഷട്ടറുകൾ പുറന്തള്ളുന്ന ജലത്തിെൻറ തോത് വർധിപ്പിക്കാൻ 1.4 മീറ്ററായി ഉയർത്തിയിട്ടുമുണ്ട്. ഇതോടെ പുറത്തേക്ക് വിടുന്ന ജലത്തിെൻറ അളവ് സെക്കൻഡിൽ മൂന്നുലക്ഷം ലിറ്ററിൽ നിന്ന് ആറു ലക്ഷം ലിറ്ററായി. 2397.16 അടിയാണ് രണ്ട് ഷട്ടറുകൾ കൂടി ഉയർത്തിയപ്പോഴത്തെ ജലനിരപ്പ്.
251 വില്ലേജുകൾ കൂടി പ്രളയബാധിതം
തിരുവനന്തപുരം: സംസ്ഥാനത്തെ 444 വില്ലേജുകളെ പ്രളയബാധിതമായി പ്രഖ്യാപിക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. ഇവിടത്തെ കാർഷികകടങ്ങൾക്ക് ഒരു വർഷത്തെ െമാറേട്ടാറിയം അനുവദിക്കും. രണ്ട് ദിവസത്തിൽ കൂടുതൽ വെള്ളം കെട്ടിനിന്നും മണ്ണിടിച്ചിൽ മൂലവും വീടുകൾ വാസയോഗ്യമല്ലാതായി മാറ്റിത്താമസിപ്പിക്കേണ്ടി വന്ന എല്ലാ കുടുംബങ്ങൾക്കും ആശ്വാസസഹായമായി 10,000 രൂപ വീതം നൽകും.
പൂർണമായി തകരുകയോ വാസയോഗ്യമല്ലാതാവുകയോ ചെയ്ത വീടുകൾ പുനർനിർമിക്കാൻ നാല് ലക്ഷം രൂപ വീതം നൽകും. വീടും സ്ഥലവും നഷ്ടമായവരുടെ കാര്യത്തിൽ മൂന്നുമുതൽ അഞ്ച് സെൻറുവരെ ഭൂമി വാങ്ങാൻ ആറ് ലക്ഷവും വീടിന് നാല് ലക്ഷവും അടക്കം പത്ത് ലക്ഷം രൂപ നൽകാനും തീരുമാനിച്ചതായി മന്ത്രിസഭയോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
193 വില്ലേജുകളെയാണ് നേരേത്ത പ്രളയബാധിതമായി പ്രഖ്യാപിച്ചിരുന്നത്. ഇതിനുപുറമെ ഇടുക്കി, വയനാട് ജില്ലകൾ പൂർണമായും കണ്ണൂർ, കോഴിക്കോട്, പാലക്കാട് അടക്കം മഴക്കെടുതി വന്ന ജില്ലകളിലെ വില്ലേജുകളും ഉൾപ്പെടെ 251 വില്ലേജുകൾ കൂടി പ്രളയബാധിതമായി പ്രഖ്യാപിക്കും. നാടിെൻറ ചില പ്രദേശങ്ങൾ പുനർനിർമിക്കുകയും ജനജീവിതം സാധാരണനിലയിലേക്കെത്തിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വെള്ളംകയറി രേഖകൾ നഷ്ടപ്പെട്ടവർക്ക് അവ വേഗത്തിൽ നൽകാൻ അദാലത് നടത്തും. രേഖ വീണ്ടും നൽകുന്നതിന് ഫീസ് വാങ്ങില്ല. തദ്ദേശസ്ഥാപന അടിസ്ഥാനത്തിലാകും െസപ്റ്റംബർ മൂന്നു മുതൽ 15 വരെ അദാലത്. ഫീസ് കൂടാതെ രേഖ അനുവദിക്കാൻ സെപ്റ്റംബർ 30 വരെ സമയം അനുവദിക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രിെയയും ഒരു സെക്രട്ടറിതല ഉദ്യോഗസ്ഥനെയും അദാലത് നടത്താൻ മന്ത്രിസഭ ചുമതലപ്പെടുത്തി. രേഖകൾക്കുള്ള അപേക്ഷകൾ അക്ഷയകേന്ദ്രങ്ങൾ സൗജന്യമായി സ്വീകരിക്കണം. അവരുടെ ഫീസ് സർക്കാർ നൽകും. ആളുകളുടെ കൈയിൽ നിന്ന് ഫീസ് വാങ്ങരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
