വിശ്വസിക്കുക, നാം ഒരു തോറ്റ ജനതയല്ല
text_fieldsദുബൈ: കാത്തുകിട്ടിയ വാർഷിക അവധിക്ക് നാട്ടിൽ പോകുന്നവർ പെരുന്നാളിനും ഒാണത്തിനും മക്കൾക്കുള്ള കുപ്പായവും മിഠായികളുമല്ല മറിച്ച് നാടിെൻറ വേദന പോക്കാനുള്ള ദുരിതാശ്വാസ സാമഗ്രികളുമായാണ് വിമാനം കയറുന്നത് എന്നോർക്കുേമ്പാൾ ആരു കൈവിട്ടാലും തകരില്ല, തളരില്ല കേരളം എന്നുറപ്പിക്കാം.
കേരളത്തിലേക്ക് ദുരിതാശ്വാസവസ്തുക്കൾ എത്തിക്കാൻ ഗൾഫ്മാധ്യമവും മീഡിയവൺ ചാനലും പ്രവാസി സമൂഹത്തോട് ആഹ്വാനം ചെയ്തിരുന്നു. ഭക്ഷണം, പുതപ്പ്, വസ്ത്രങ്ങൾ, സാനിറ്ററി പാഡ് എന്നിവക്ക് പുറമെ ലൈഫ് ജാക്കറ്റുകളും ടോർച്ചുകളും എമർജൻസി ലൈറ്റുകളുമാണ് മുഖ്യമായി സ്വരൂപിക്കാൻ തീരുമാനിച്ചത്. എന്നാൽ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഏറെ സഹായകമാവുന്ന ലൈഫ്ബോട്ടുകൾ വരെ സംഭാവന നൽകിയാണ് യു.എ.ഇയിലെ സ്ഥാപനങ്ങളും മനുഷ്യസ്നേഹികളും സഹകരിച്ചത്.
വീട്ടമ്മമാരും കുഞ്ഞുങ്ങളും യുവജനങ്ങളുമുൾപ്പെടെ നൂറു കണക്കിനാളുകളാണ് പിന്തുണയുമാെയത്തിയത്. ഡി.എച്ച്.എൽ, ഡി.വി. ഷങ്കർ എന്നിവ മുഖേനയുള്ള ആദ്യ ഘട്ട കാർഗോ ഇതിനകം കേരളത്തിലെത്തി. പ്രമുഖ കാർഗോ-കൊറിയർ സ്ഥാപനങ്ങളായ 123 കാർഗോ, എ.ബി.സി കാർഗോ എന്നിവരും ഒരാഴ്ചക്കാലം സൗജന്യമായി ദുരിതാശ്വാസ സാമഗ്രികൾ ക്യാമ്പുകളിൽ എത്തിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളും പ്രവാസി സംഘടനകളും വ്യാപകമായി സാമഗ്രികൾ സ്വരൂപിച്ച് നാട്ടിലേക്ക് അയക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കുന്നതിന് സർവിസ് ചാർജ് ഒഴിവാക്കി ലുലു എക്സ്ചേഞ്ച്, യു.എ.ഇ എക്സ്ചേഞ്ച്, അൽ അൻസാരി എക്സ്ചേഞ്ച് എന്നീ പണമിടപാട് സ്ഥാപനങ്ങളും കേരളത്തെ ചേർത്തുപിടിക്കുന്നു. പെരുന്നാളിന് വരുേമ്പാൾ എനിക്ക് ഉടുപ്പു വേണ്ട, ക്യാമ്പിലുള്ളോർക്ക് കൊടുക്കാം എന്ന് വിളിച്ചുപറയുന്നു കുഞ്ഞുങ്ങൾ. ടോർച്ചുകൾ കൊണ്ടുവരണം, വീട്ടിലേക്കല്ല കരണ്ടുപോയ കോളനിയിലേക്ക് എന്ന് ഒാർമിപ്പിക്കുന്നു മാതാപിതാക്കൾ. ഇത്രയേറെ സ്നേഹം വേരാഴ്ത്തി നിൽക്കുേമ്പാൾ ഏതു പ്രളയത്തിനാണ് നമ്മെ കടപുഴക്കാനാവുക. വിശ്വസിക്കുക നമ്മൾ ഒരു തോറ്റ ജനതയല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
