നിലയില്ലാക്കയത്തിൽ ചെങ്ങന്നൂർ
text_fieldsപത്തനംതിട്ട: ദുരിതക്കടലിലായ ചെങ്ങന്നൂരിലെ പാണ്ടനാട്ടുകാർ കരകയറാൻ കിണഞ്ഞു ശ്രമിക്കുകയാണ്. ആയിരങ്ങളെ രക്ഷപ്പെടുത്തിയിട്ടും ഇനിയും ആയിരങ്ങളാണ് വീടുകളിൽ കുടുങ്ങിക്കിടക്കുന്നത്. ഞായറാഴ്ച വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്. വെള്ളപ്പൊക്കത്തിന് നേരിയ ശമനം മാത്രേമ ഉണ്ടായിട്ടുള്ളൂ. കിലോമീറ്ററുകൾ ചുറ്റളവിൽ കുടുംബങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ട വീടുകളിൽ കഴിയുകയാണ്. ഇനിയും എത്തിപ്പെടാനാകാത്ത സ്ഥലങ്ങൾ നിരവധിയാണെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. പലയിടത്തും വീടുകളിൽ കുടങ്ങിയവർ ക്യാമ്പുകളിലേക്ക് വരാൻ വിസമ്മതിക്കുന്നതിനാൽ അവർക്ക് വീടുകളിൽ തന്നെ ഭക്ഷണം എത്തിക്കുന്ന പ്രവർത്തനമാണ് നടക്കുന്നത്. ഇത്രയധികം പേർക്ക് ബോട്ടുകളിലും മറ്റും ഭക്ഷണം വീടുകളിൽ എത്തിക്കുന്നത് രക്ഷാ സംഘത്തിന് വലിയ വെല്ലുവിളിയാണ്.
രക്ഷാസംഘത്തിന് എത്താൻ കഴിയാത്ത ഇടങ്ങളിൽ മരണങ്ങൾ നിരവധിയുണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അധികൃതർ നിഷേധിച്ചു. മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് പ്രധാനമായും രക്ഷാപ്രവർത്തനം.ഹെലികോപ്ടറുകളിലും രക്ഷാ പ്രവർത്തനം സജീവമാണ്. നേവിയുടെ ഹെലികോപ്ടറുകൾ എപ്പോഴും റോന്തുചുറ്റുന്നുണ്ട്. രക്ഷക്കായി അഭ്യർഥിക്കുന്നവരെ അപ്പോൾ തെന്ന രക്ഷിക്കുകയാണ്. മറ്റുള്ളവർക്ക് ഭക്ഷണസാധനങ്ങൾ മുകളിൽനിന്ന് എറിഞ്ഞുനൽകും.
സൈന്യവും ഇവിടെ എത്തിയിട്ടുണ്ട്. അവരുടെ ബോട്ടുകൾ ജങ്കാറിന് സമാനമാണ്. അവക്ക് ഇടുങ്ങിയ സ്ഥലങ്ങിലേക്ക് കടന്നു ചെല്ലാനാകുന്നില്ല. നൂറോളം മത്സ്യത്തൊഴിലാളികൾ 50ഒാളം േബാട്ടുകളിലായി രാപകൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഇരുനില വീടുകളിൽ കഴിയുന്നവർ രണ്ടാം നിലയിലാണ് കഴിയുന്നത്. പുറത്ത് താമസിക്കുന്ന അവരുടെ മക്കളും ബന്ധുക്കളും അവരെ രക്ഷപ്പെടുത്തണമെന്ന് മുറവിളി കൂട്ടുന്നുണ്ട്. വിദേശത്തു നിന്നുപോലും ബന്ധുക്കൾ രക്ഷാസംഘത്തെ നിരന്തരം വിളിച്ചുകൊണ്ടിരിക്കുകയാണ്. അവർ പറയുന്നതനുസരിച്ച് വീടുകൾ കണ്ടെത്തി കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്ന പ്രവൃത്തിയാണ് നടന്നുവരുന്നത്. പുറത്തുള്ളവരുടെ അഭ്യർഥനമാനിച്ച് വീട് കണ്ടെത്തി രക്ഷാപ്രവർത്തകർ എത്തുേമ്പാൾ പലരും വീടുവിട്ടുവരാൻ കൂട്ടാക്കുന്നില്ലെന്ന് രക്ഷാ പ്രവർത്തകർ ‘മാധ്യമ’ത്തോട് പറഞ്ഞു. ക്യാമ്പുകളിലേക്ക് മാറാനുള്ള ബുദ്ധിമുട്ട് മൂലം ഭക്ഷണം എത്തിച്ചാൽ മതിയെന്നാണ് അവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
