കേരളം അധികമഴയിലേക്ക്: മൂന്നിടത്ത് പേമാരി; 61സ്ഥലങ്ങളിൽ അതിശക്ത മഴ
text_fieldsതൃശൂർ: മൂന്നിടത്ത് പേമാരി. 61 സ്ഥലങ്ങളിൽ അതിശക്ത മഴ. ബാക്കിയിടങ്ങളിൽ കനത്തമഴ. മൂന്നുദിവസമായി മഴ തിമിർക്കുകയാണ്. ഞായറാഴ്ച രാവിലെ 8.30 മുതൽ തിങ്കളാഴ്ച രാവിലെ 8.30 വരെ 24 മണിക്കൂർ നിലക്കാതെ പേമാരി പെയ്തിറങ്ങിയത് പടിഞ്ഞാറെ കൊച്ചി നേവൽബേസ് സ്റ്റേഷനിലും പിറവത്തും മൂന്നാറിലുമാണ്. 200 മില്ലിമീറ്ററിന് മുകളിൽ ലഭിക്കുന്ന മഴയാണ് കാലാവസ്ഥ വകുപ്പ് പേമാരിയായി കണക്കാക്കുക.
നേവൽ ബേസ് സ്റ്റേഷൻ -232 , പിറവം-221, മൂന്നാർ -202 മില്ലിമീറ്റർ എന്നിങ്ങനെ മഴ ലഭിച്ചു. പീരുമേട് (189), കൊച്ചി (162), ഇടുക്കി (153), കുമരകം(153), ചേർത്തല (140), മാെങ്കാമ്പ് (131), ആലപ്പുഴ (121), കൊടുങ്ങല്ലൂർ (110) തുടങ്ങി 30ൽ അധികം സ്ഥലങ്ങളിലാണ് 110 മുതൽ 200 മില്ലിമീറ്റർ വരെ അതിശക്ത മഴ ലഭിച്ചത്. ബാക്കി സ്ഥലങ്ങളിൽ 70 മുതൽ 110 മില്ലിമീറ്റർ വരെ കനത്തമഴയും ലഭിച്ചു. ഇതിൽ വടക്കൻ ജില്ലകളും തിരുവനന്തപുരം ജില്ലയും ഒഴികെ മറ്റുജില്ലകളിലെല്ലാം അതിശക്തമായ മഴയാണ് ലഭിച്ചത്.
ചൊവ്വാഴ്ച 23 സ്ഥലങ്ങളിലും ബുധനാഴ്ച എട്ടിടങ്ങളിലും അതിശക്ത മഴ ലഭിച്ചു. ഇതുവരെ 21 ശതമാനമാണ് അധികമഴ ലഭിച്ചത്. 1097 മി.മീ ലഭിക്കേണ്ടിടത്ത് 1328 മഴ ലഭിച്ചു. അടുത്തകാലത്തൊന്നും ഇത്രയേറെ അതിശക്ത മഴ കേരളത്തിന് ലഭിച്ചിട്ടില്ല. കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവുമാണ് ചെറിയ സമയത്തിനകം കനത്തമഴ ലഭിക്കുന്നതിന് കാരണം. 2002 ഒക്ടോബറിൽ കണ്ണൂരിൽ ലഭിച്ച 230 മി.മീ മഴയാണ് ഇതിന് അപവാദം.
1878, 1924, 1933, 1946, 1961, 1975, 2003, 2013 വർഷങ്ങളിലാണ് ഇതുവരെ വെള്ളപ്പൊക്കം അടക്കം ഉണ്ടായ കനത്ത മഴ ലഭിച്ചത്. അടുത്തിടെ തകർപ്പൻ മഴ ലഭിച്ച 2007, 2013 വർഷങ്ങളിൽ സമാന മഴ ലഭിച്ചിട്ടില്ലെന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.
ആദ്യഘട്ടത്തിൽ ശക്തമായ മൺസൂൺ ലഭിക്കുമെങ്കിൽ ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കേരളത്തിൽ മഴക്കുറവാണ് പതിവ്. ഇങ്ങനെയാണെങ്കിൽ ശരാശരിയിൽ അധികം മഴ ലഭിക്കുക മാത്രമേ ഉണ്ടാവൂ. എന്നാൽ, പതിവ് തെറ്റിച്ച് സമീപവർഷങ്ങളിൽ ആദ്യഘട്ടത്തിൽ മഴ കുറഞ്ഞ് രണ്ടാംഘട്ടത്തിൽ തകർത്തു പെയ്യുന്ന പ്രവണതയുമുണ്ട്. ഇൗ പ്രവണത ഇക്കുറി തുടർന്നാൽ കാര്യങ്ങൾ കുഴയും.
കേരളത്തിൽ നഗര, ഗ്രാമാസൂത്രണം അശാസ്ത്രീയമായതിനാൽ അത്ര മഴയെ ഉൾക്കൊള്ളാനാവാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് കാലാവസ്ഥ വ്യതിയാന ഗവേഷകൻ ഡോ. സി.എസ്. ഗോപകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.

ചങ്കിൽ കൊള്ളുന്ന വർത്തമാനം പറയല്ലേ കലക്ടറേ...
സ്വന്തം ലേഖകൻ
കൊച്ചി: ‘കലക്ടർക്ക് സെൻസ് വേണം, സെൻസിബിലിറ്റി വേണം, സെൻസിറ്റിവിറ്റി വേണ’മെന്നു കേട്ടാൽ രൺജി പണിക്കർ ഡയലോഗിനോട് ഇഷ്ടം കൂടി ആരെങ്കിലും പറയുന്നതാണെന്ന് കരുതിയെങ്കിൽ തെറ്റി. സംസ്ഥാനത്തെ ഏതെങ്കിലും കലക്ടറോടുള്ള ഡയലോഗ് ആയിരിക്കുമത്. മഴക്കാലത്ത് അവധി പ്രഖ്യാപിക്കാനും പ്രഖ്യാപിച്ചതിനു കലക്ടർമാർക്ക് നന്ദിയറിച്ചുമുള്ള സ്കൂൾ കുട്ടികളുടെ ഫേസ്ബുക്ക് പ്രതികരണങ്ങളാണ് ഇത്തരത്തിൽ വൈറലായിരിക്കുന്നത്. ബ്രോ, ചങ്ക് എന്നുതുടങ്ങി കനിവിൻ നിറകുടവും വിപ്ലവ സിംഹങ്ങളും പുലിയും വരെയായി മാറിയിരിക്കുകയാണ് കലക്ടർമാർ.
എറണാകുളം കലക്ടർ മുഹമ്മദ് വൈ. സഫീറുല്ലയാണ് താരമായത്. തുടർച്ചയായി രണ്ടുദിവസം അവധി നൽകിയതോടെ കലക്ടർ ബ്രോയും ചങ്കും കടന്ന് വിപ്ലവ സിംഹം വരെയായി. മഴ കുറഞ്ഞതോടെ ഗോ ടു യുവർ ക്ലാസസ് എന്ന മോഹൻലാൽ ഡയലോഗ് ഉൾപ്പെടുത്തി കലക്ടർ ചിത്രം പോസ്റ്റു ചെയ്തു. അതോടെ കുട്ടികൾ പരാതികളും പരിഭവങ്ങളുമായെത്തി. ചങ്കിൽ കൊള്ളുന്ന വർത്തമാനം പറയരുതേ എന്നു തുടങ്ങി അഞ്ചു ദിവസം തുടർച്ചയായി അവധി നൽകിയ മുൻ കലക്ടർ ഷെയ്ക് പരീതിനെ കണ്ടുപഠിക്കണമെന്നും മനസ്സുവെച്ചാൽ ആ റെക്കോഡ് നമുക്ക് തിരുത്താമെന്നും വരെയായി ഡയലോഗ്.
അവധിയിൽ പിശുക്ക് കാട്ടിയ കലക്ടർ ദമ്പതികളായ ഡോ. എസ് കാർത്തികേയൻ (കൊല്ലം), കെ. വാസുകി (തിരുവനന്തപുരം) എന്നിവരോട് അഭ്യർഥനകളായിരുന്നു. അവധി തന്നില്ലെങ്കിൽ മറ്റു ജില്ലകളിൽ അവധി ലഭിച്ച കുട്ടികൾ ഞങ്ങളെ വിളിച്ചു കളിയാക്കുമെന്നാണ് കാർത്തികേയെൻറ പേജിലുണ്ടായിരുന്നത്. അവധി നൽകാൻ കലക്ടർമാർ മത്സരിക്കുമ്പോൾ മാഡം ഒട്ടും പിന്നിൽ പോകരുതെന്നായിരുന്നു വാസുകിയോടുള്ള അഭ്യർഥന.
അവധി നൽകിയതിലും എതിർപ്പുണ്ടായിരുന്നു. തുടർച്ചയായ അവധി തെൻറ ഭാവി ഇല്ലാതാക്കുമെന്ന കമൻറ് പ്രത്യക്ഷപ്പെട്ടത് പാലക്കാട് കലക്ടർ ഡി. ബാലമുരളിയുടെ പേജിലാണ്. അവധി പ്രഖ്യാപനം വൈകിയതിന് പത്തനംതിട്ടയിൽ പി.ബി. നൂഹും ഇടുക്കിയിൽ കെ. ജീവൻബാബുവും ആലപ്പുഴയിൽ എസ്. സുഹാസുമൊക്കെ കുട്ടികളുടെ രോഷമറിഞ്ഞു.
അവധിയിൽനിന്ന് പ്രഫഷനൽ കോളജുകളെ ഒഴിവാക്കിയതിലുള്ള പ്രതികരണവും രസാവഹമായിരുന്നു. കലക്ടർ സിംഹമേ... മലപ്പുറത്തിെൻറ രാജാവേ... ഈ ഉള്ളവർക്ക് കൂടി അങ്ങ് അവധി അനുവദിച്ചാലും, ഞങ്ങളും വെള്ളത്തിൽ മുങ്ങുന്നവരാണ്.. അല്ലാതെ ആമ്പലോ കുളവാഴേയാ ഒന്നും അല്ലെന്നായിരുന്നു മലപ്പുറത്തെ അമിത് മീണയുടെ ഫേസ്ബുക്കിൽ വന്ന പ്രതികരണം. ചിലതൊക്കെ അതിരുകടന്നെങ്കിലും സുഹൃത്തുക്കളോടെന്നപോലെ വിദ്യാർഥികൾ ഇടപെട്ടത് പൊതുസമൂഹവുമായുള്ള അകൽച്ച കുറയാൻ കാരണമായെന്ന് പല കലക്ടർമാരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
