ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍ പരിഹരിക്കണം: ചെന്നിത്തല
text_fieldsതിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിനുണ്ടായ വീഴ്ച അടിയന്തരമായി പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പതിനായിരക്കണക്കിന് ആളുകളാണ് ഇപ്പോഴും സഹായത്തിനായി നിലവിളിച്ചു കൊണ്ട് വെള്ളം മുങ്ങിയ കെട്ടിടങ്ങളുടെ മുകളില്‍ ഇരിക്കുന്നത്. അവര്‍ക്ക് സഹായമെത്തിക്കാന്‍ കഴിയുന്നില്ല. ഭക്ഷണവും ശുദ്ധജലവും കിട്ടാതെ ജനങ്ങള്‍ അവശരായി മാറിക്കഴിഞ്ഞിരിക്കുന്നു. വൈദ്യുതി ഇല്ലാത്തു കാരണം മൊബൈലുകള്‍ ഓഫായതോടെ ഒറ്റപ്പെട്ടു പോയവര്‍ക്ക് പുറം ലോകമായി ബന്ധപ്പെടാന്‍ പോലും കഴിയുന്നില്ല.
വൃദ്ധരും കുട്ടികളും അടക്കമുള്ള ജനങ്ങള്‍ നരകയാതന അനുഭവിക്കുകയാണ്. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ പോലും ഭക്ഷ്യ വസ്തുക്കളോ ശുദ്ധജലമോ എത്തിക്കുന്നതിന് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം മലബാര്‍ മേഖലയിലെ നിരവധി പ്രദേശങ്ങളും ക്യാമ്പുകളും താന്‍ സന്ദര്‍ശിച്ചു. ഇന്ന് സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്ന അപ്പര്‍ കുട്ടനാട്ട് മേഖലയില്‍ സന്ദര്‍ശനം നടത്തുകയാണ്. ഇവിടെയെല്ലാം ദുരിതാശ്വാസ ക്യാമ്പുകളില്‍ ജനങ്ങള്‍ കഷ്ടപ്പെടുന്നതാണ് തനിക്ക് കാണാന്‍ കഴിയുന്നത്. സന്നദ്ധ സംഘടനകള്‍ ചെയ്യുന്ന സഹായങ്ങള്‍ മാത്രമാണ് ക്യാമ്പുകളില്‍ കാണുന്നത്. സര്‍ക്കാറിന്‍റെ സഹായം കാര്യമായി എത്തുന്നില്ല.
അടിയന്തിരമായി കുടിവെള്ളവും ഭക്ഷണവും വൈദ്യസഹായവും എത്തിക്കുന്നതിന് നടപടി സ്വീകരിക്കണം. പ്രളയമുണ്ടായ സ്ഥലങ്ങളില്‍ പകര്‍ച്ച വ്യാധികള്‍ പിടിപെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ആര്യോഗ്യ രക്ഷാപ്രവര്‍ത്തകരെ അടിയന്തിരമായി നിയോഗിക്കണം. കേരളത്തിന്‍റെ ഇപ്പോഴത്തെ അപകടകരമായ അവസ്ഥ കണക്കിലെടുത്ത് ഇത് കൈകാര്യം ചെയ്യാന്‍ കഴിയുന്ന കൂടുതല്‍ സേനയെയും വിദഗ്ധരെയും എത്തിക്കണം. വിരമിച്ച സൈനികരുടെ സഹായം സര്‍ക്കാര്‍ തേടണം. കൊല്‍ക്കത്തയില്‍ എയര്‍ഫോഴ്‌സിന്‍റെ മുങ്ങല്‍ വിദ്ഗധ സംഘത്തിന്‍റെ സേവനവും പ്രയോജനപ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
