മുണ്ടക്കൈയിലും സമീപ പ്രദേശങ്ങളിലും പെരുമഴ, ‘നോ ഗോ സോണിൽ’ പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ്
text_fieldsകൽപ്പറ്റ: വയനാട്ടിൽ പെരുമഴ തുടരുന്നു. കഴിഞ്ഞ രാത്രി മുതൽ കനത്ത മഴയാണ് മുണ്ടക്കൈയിലും സമീപ പ്രദേശത്തുമുണ്ടായത്. നേരത്തേ ഉണ്ടായ ഉരുൾപൊട്ടലുകളിലെ മണ്ണും അവശിഷ്ടങ്ങളും മഴവെള്ളത്തോടൊപ്പം താഴേക്ക് ഒഴുകി വരുന്നുണ്ട്. പുഴയും അതിനോട് ചേർന്നുള്ള ‘നോ ഗോ സോൺ’ ഭാഗങ്ങ്ിലേക്കും പ്രവേശിക്കരുതെന്ന് പൊതുജനങ്ങൾക്ക് അധികൃതര്‍ നിർദേശം നൽകി.
അതിനിടെ, വയനാട്ടിലെ പുഞ്ചിരിമട്ടത്തിന് മുകളിലുള്ള വനത്തിനുള്ളിൽ പുതിയ ഉരുൾപൊട്ടലുണ്ടായതായി സ്ഥിരീകരണമില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. പുന്നപ്പുഴയിൽ ബെയിലി പാലത്തിനു സമീപം വലിയ കുത്തൊഴുക്കാണ്. കല്ലുകളും മരങ്ങളും പുഴയിലൂടെ ഒലിച്ചുവരുന്നുണ്ട്. പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഫയർഫോഴ്സും മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.
വയനാട്ടിൽ കഴിഞ്ഞവർഷം ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലും ചൂരൽമലയിലും കനത്ത മഴയാണ്. കനത്ത മഴയിൽ പുന്ന പുഴയിൽ ഒഴുക്ക് ശക്തമാണ്. മുണ്ടക്കൈയിലും ചൂരൽ മഴയിലും മഴ ശക്തമായതിന് പിന്നാലെ നാട്ടുകാർ കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. സ്ഥലത്തെത്തിയ വില്ലേജ് ഓഫിസറേയും റവന്യു ഉദ്യോഗസ്ഥരേയും നാട്ടുകാർ തടഞ്ഞു.
ഉരുൾപൊട്ടൽ ധനസഹായവുമായി ബന്ധപ്പെട്ട് സർക്കാർ വാക്ക് പാലിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ധനസഹായം വിതരണം ചെയ്തതിൽ പാകപ്പിഴ ഉണ്ടായെന്നും സുരക്ഷിതമല്ലാത്ത സ്ഥലങ്ങൾ പോലും സുരക്ഷിതമെന്ന് അറിയിച്ചെന്ന് ജനങ്ങളെ താമസിപ്പിച്ചെന്നും നാട്ടുകാർ പറയുന്നു. പ്രതിഷേധം ശക്തമായതോടെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.
ഇവരേയും നാട്ടുകാർ തടഞ്ഞു. ഇതോടെ വില്ലേജ് ഓഫിസറും ഉദ്യോഗസ്ഥരും സ്ഥലത്ത് നിന്ന് പിൻവാങ്ങുകയായിരുന്നു. നിലവിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ടെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. മണ്ണൊഴുകി വരുന്നത് മൂലമാണ് ചളിവെള്ളം പുഴയിലൂടെ എത്തുന്നതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ പറഞ്ഞു. ചൂരൽമലയിലും മുണ്ടക്കൈയിലുമുള്ള തൊഴിലാളികളെ സ്ഥലത്ത് നിന്ന് മാറ്റി. കനത്തമഴയാണ് പെയ്തതെന്നും ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നും ഇക്കരയെത്തിയ തൊഴിലാളികളും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

