കോട്ടയം/തൊടുപുഴ: കോട്ടയം ജില്ലയുടെ കിഴക്കൻമേഖലകളിലും ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലും കനത്ത മഴ. കോട്ടയത്ത് മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലകളിൽ ഒന്നര മണിക്കൂറിലേറെയായി ശക്തമായ മഴയാണ് ലഭിക്കുന്നത്.
വണ്ടന്‍പതാല്‍ കൂപ്പു ഭാഗത്ത് ഉരുള്‍പൊട്ടിയതായി വിവരമുണ്ട്. വണ്ടന്‍പതാല്‍, അസംബനി ഭാഗങ്ങളിൽ മഴവെള്ളപ്പാച്ചില്‍ ശക്തമാണ്. നിരവധി വീടുകളിൽ വെള്ളം കയറി. രക്ഷാപ്രവര്‍ത്തനവും മേഖലയില്‍ ആരംഭിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയിലും വിവിധയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു. തൊടുപുഴ നഗരത്തിൽ വിവിധയിടങ്ങളിൽ വെള്ളം പൊങ്ങി. വീടുകളും കടകളിലും വെള്ളം കയറി. പലയിടങ്ങളിലും അരമണിക്കൂറോളം ഗതാഗത തടസത്തിനുമിടയാക്കി. തൊടുപുഴയിൽ ഫയർഫോഴ്സ് എത്തി വീടുകളിൽ നിന്ന് ആളുകളെ മാറ്റുകയും ഗതാഗതം പുന:സ്ഥാപിക്കുകയും ചെയ്തു.
തെക്കൻ തമിഴ്നാട് തീരത്ത് രൂപപെട്ട ചക്രവാത ചുഴിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴയുണ്ടാവുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്.