കോഴിക്കോട്: ജില്ലയുടെ മലയോരമേഖലയായ തിരുവമ്പാടി, കുറ്റ്യാടി മേഖലകളിൽ വൈകീട്ടോടെ കനത്ത മഴ. ഇടിമിന്നലോടെയാണ് മഴയെത്തിയത്. തിരുവമ്പാടി ടൗണില്‍ വെള്ളം കയറി. കൊടിയത്തൂരില്‍ മിന്നലില്‍ തെങ്ങുകള്‍ കത്തി.
കൊടിയത്തൂരില്‍ ടൗണിന് സമീപത്തെ വീട്ടിലെ രണ്ടു തെങ്ങുകളാണ് മിന്നലേറ്റ് കത്തിയത്. കോഴിക്കോട് കിഴക്കന്‍ മലയോര മേഖലയിലാണ് മഴ കനക്കുന്നത്. കക്കാടംപോയില്‍, ആനക്കാംപോയില്‍, കൂടരഞ്ഞി മേഖലകളിലും ശക്തമായ മഴയുണ്ട്.
താമരശേരി ഭാഗങ്ങളിലും മഴ ശക്തമാണ്. ഈങ്ങാപ്പുഴ പോലുള്ള താഴ്ന്ന പ്രദേശങ്ങഴില്‍ മഴ തുടര്‍ന്നാല്‍ ചെറുപുഴകളില്‍ വെള്ളം ഉയരും. വയനാട്ടില്‍ മഴ കനക്കുകയാണെങ്കില്‍ ഇരുവഴിഞ്ഞിയിലും വെള്ളമുയരും. തീരത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചക്രവാതച്ചുഴി രൂപപ്പെട്ടു; സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത
തിരുവനന്തപുരം: തെക്കൻ തമിഴ്നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതിന്‍റെ ഫലമായി വരുംദിവസങ്ങളിൽ കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യത.
ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച അതിശക്തമായ മഴ ലഭിക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
21ന് തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലും 22ന് കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും 23ന് കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 24ന് കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.