കോഴിക്കോട്: ജില്ലയിൽ ശനിയാഴ്ച അനുഭവപ്പെട്ടത് കനത്ത മഴ. ഇതിനെത്തുടർന്ന് പലയിടത്തും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിലെ കടകളിലും വീടുകളിലുമാണ് പ്രധാനമായും വെള്ളം കയറിയത്.
കാരശേരി തോട്ടക്കാട് മണ്ണിടിച്ചിലുണ്ടായി. എന്നാൽ ആളപായമില്ല. കനത്ത മഴയിൽ മൂഴിക്കലിലും വെള്ളമുയരുകയാണ്. നിർത്താതെ പെയ്യുന്ന മഴയിൽ മുക്കത്ത് കടകളിൽ വെള്ളം കയറി. റോഡുകളിൽ വെള്ളം കയറി പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. കസബ വില്ലേജിലെ തോപ്പയിലെ സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.
വൈകീട്ടോടെ തുടങ്ങിയ മഴ രാത്രി വൈകിയും തുടരുകയാണ്. തമിഴ്നാട് തീരത്തോട് ചേർന്നുള്ള ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെയും യെല്ലോ അലർട്ടാണ്.