ഇടുക്കിയിൽ മരണം 13; കാണാതായവർ അഞ്ച്
text_fieldsതൊടുപുഴ: ഇടുക്കിയിൽ മഴ കൊണ്ടുപോയത് 13 ജീവൻ. കാണാതായത് അഞ്ച് പേർ. 3890.61 ഹെക്ടറിലായി 26,01,79,975 രൂപയുടെ കൃഷിനാശം സംഭവിച്ചതായും മന്ത്രിമാരായ എം.എം. മണി, കെ. രാജു എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന അവലോകന യോഗം വിലയിരുത്തി. 22 പേർക്കാണ് പരിക്കേറ്റത്. 56 വീട് പൂർണമായും 929 വീട് ഭാഗികമായും തകർന്നു. 13 കന്നുകാലികൾ ചത്തു. 35.012 കി.മീ ദേശീയപാതയും 293.776 കി.മീ. പൊതുമരാമത്ത് വകുപ്പ് റോഡും 798.225 കി.മീ. പഞ്ചായത്ത് റോഡും മഴയിൽ തകർന്നു. ജില്ലയിലാകെ 17 ദുരിതാശ്വാസ ക്യാമ്പാണ് പ്രവർത്തിക്കുന്നത്. 1058 പേർ ക്യാമ്പിൽ കഴിയുന്നു. ഇടുക്കി ഡാം തുറന്നതിനുശേഷമുള്ള സ്ഥിതിയും യോഗം വിലയിരുത്തി.
ദേശീയ ദുരന്തനിവാരണ സേനയുടെ 37 പേരടങ്ങുന്ന സംഘം മൂന്നാറിലും കരസേനയുടെ 76 പേരടങ്ങിയ സംഘം അടിമാലിയിലും ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് കലക്ടർ ജീവൻ ബാബു അറിയിച്ചു. തകർന്ന റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ ഗതാഗതയോഗ്യമാക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുേത്രസ്യ പൗലോസ് ആവശ്യപ്പെട്ടു. എല്ലാ വകുപ്പ് മേധാവികളും അതത് വകുപ്പുകൾ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളും ശേഖരിച്ച വിവരങ്ങളും നാശനഷ്ട കണക്കുകളും അവതരിപ്പിച്ചു. റോഡുകളുടെ പുനർനിർമാണത്തിന് 250 കോടി ആവശ്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.
ഇടുക്കി ഡാമിലെ ജലസ്ഥിതി നിയന്ത്രണവിധേയമാണെന്നും രണ്ട് ദിവസംകൂടി നിലവിലെ സ്ഥിതി തുടരുമെന്നും ജലനിരപ്പ് 2400 അടിയിൽ കുറച്ച് നിർത്തുകയാണ് ലക്ഷ്യമെന്നും കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. ദുരന്തമേഖലകളിലും മറ്റും സുരക്ഷകാരണങ്ങളാൽ വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ട്. രണ്ടു ദിവസംകൊണ്ട് എല്ലാ മേഖലയിലും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുമെന്നും ചെയർമാൻ എൻ.എസ്. പിള്ള അറിയിച്ചു. മഴക്കെടുതിയിൽ തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കാൻ വേണ്ടിവരുന്ന എസ്റ്റിമേറ്റ് പൊതുമരാമത്ത് നിരത്ത്, ദേശീയപാത വിഭാഗം, എൽ.എസ്.ജി.ഡി വിഭാഗം എന്നിവ ഈ മാസം 20നകം റിപ്പോർട്ട് നൽകണമെന്ന് കലക്ടർ നിർദേശിച്ചു. അപകടാവസ്ഥയിലുള്ള സ്കൂളുകൾ, അംഗൻവാടികൾ എന്നിവ സംബന്ധിച്ച റിപ്പോർട്ട് 25നകം നൽകണം.
പഞ്ചായത്ത് പരിധിയിൽ അടച്ചുകെട്ടിയ കലുങ്കുകൾ രണ്ട് ദിവസത്തിനകം തുറക്കണമെന്നും കലക്ടർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
