മഴക്കെടുതി: എല്ലാ ജില്ലകളിലും ജാഗ്രത, സംസ്ഥാനത്ത് ആറ് മരണം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളിലും മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ ആറു മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഒരാളെ കാണാതായിട്ടുണ്ട്. അഞ്ചു വീടുകൾ പൂർണമായും 55 വീടുകൾ ഭാഗികമായും തകർന്നു. ദുരന്തനിവാരണ അതോറിറ്റിയുടെ ഓഫിസ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. അണക്കെട്ടുകളിലെ ജലനിരപ്പുകളിൽ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെക്കൻ കേരളത്തിൽ വ്യാപകമായി മഴ ലഭിക്കുകയാണ്. വരും ദിവസങ്ങളിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ വ്യാപകമാവും. മഴക്കെടുതി നേരിടാൻ നേരത്തേ മുന്നൊരുക്കം ആരംഭിച്ചിരുന്നു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മഴവെള്ളപ്പാച്ചിൽ എന്നിവ മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനം തുടങ്ങിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
അടുത്ത നാല് ദിവസത്തേക്ക് അതിതീവ്രതയോടെയുള്ള മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളത്. 2018 ലെ അനുഭവം നമ്മുടെ മുന്നിലുണ്ട്. തുടര്‍ന്നുള്ള വര്‍ഷത്തിലും രൂക്ഷമായ കാലവര്‍ഷക്കെടുതി ഉണ്ടായി. ആ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗങ്ങളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയാണ്.
ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍, മിന്നല്‍ പ്രളയം, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ടുകള്‍ തുടങ്ങിയ ദുരന്ത സാദ്ധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള ജാഗ്രതയും തയ്യാറെടുപ്പു
മാണ് നടത്തുന്നത്. റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ മാത്രമല്ല സമീപ ജില്ലകളിലും അതീവ ജാഗ്രതയും തയ്യാറെടുപ്പുകളും ആവശ്യമാണ്.
ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന രക്ഷാസേനകളുടേയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടേയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമെര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്‍റര്‍ സംസ്ഥാനതല കണ്‍ട്രോള്‍ റൂമായി പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കി. ഇതിനുപുറമെ എല്ലാ ജില്ലകളിലും താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും.
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള ഇടങ്ങളിലും വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങളെ മുന്‍കരുതലിന്‍റെ ഭാഗമായി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റുന്ന പ്രവര്‍ത്തനം ഉടനെ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും പോലീസിന്‍റെ പ്രത്യേക കണ്‍ട്രോള്‍ റൂമും ആരംഭിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

