കണ്ണൂരിൽ ഓട്ടോക്ക് മുകളിൽ മരം വീണ് വിദ്യാർഥിനി മരിച്ചു
text_fieldsമഴ കനത്തതോടെ സംസ്ഥാനത്ത് ദുരിതവും വർധിച്ചു. ഞായറാഴ്ച മാത്രം ആറു വീടുകൾ പൂർണമായും തകർന്നു. ഈ സീസണിൽ ഭാഗികമായി തകർന്ന വീടുകളുടെ എണ്ണം 7500 കവിഞ്ഞതായി സംസ്ഥാന കൺട്രോൾ റൂം അറിയിച്ചു. ചൊവ്വാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ മുന്നറിയിപ്പ്. പലയിടങ്ങളിലും ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവക്കും സാധ്യതയുണ്ട്.കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗത്തിലും ചില ഘട്ടങ്ങളിൽ 70 കിലോമീറ്റർ വേഗത്തിലും ശക്തമായ കാറ്റടിക്കാൻ ഇടയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
മരങ്ങൾ കടപുഴകി വൈദ്യുതി പോസ്റ്റുകളും ലൈനുകളും ട്രാൻസ്ഫോർമറുകളും തകർന്നതോടെ പല ഗ്രാമപ്രദേശങ്ങളും ഇരുട്ടിലാണ്. ഇൻറർനെറ്റും തകരാറിലായി. കൊല്ലം ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. എന്നാൽ, വയനാട്ടിൽ മഴക്ക് നേരിയ ശമനമുണ്ടായതോടെ കൂടുതൽ കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് വീടുകളിലേക്ക് മടങ്ങി.
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോക്ക് മുകളിൽ മരം വീണ് യാത്രക്കാരിയായ വിദ്യാർഥിനി മരിച്ചു. കോളയാട് ആര്യപ്പറമ്പിലെ കാഞ്ഞിരക്കാട്ട് സിറിയക്കിെൻറയും സെലിെൻറയും മകൾ സിത്താര സിറിയക്കാണ് (20) ദാരുണമായി മരിച്ചത്. പേരാവൂർ-ഇരിട്ടി റോഡിൽ കല്ലേരിമല ഇറക്കത്തിൽ ഞായറാഴ്ച മൂന്നുമണിയോടെയാണ് അപകടം. സിത്താരയും കുടുംബവും പട്ടാരത്ത് ധ്യാനത്തില്‍ പങ്കെടുക്കാന്‍ പോകവെ, ഓട്ടോക്ക് മുകളിൽ വീഴുകയായിരുന്നു. അഡ്വ. സണ്ണിജോസഫ് എം.എല്‍.എ പേരാവൂര്‍ ഭാഗത്തേക്ക് പോകുന്നതിനിടെ തൊട്ടുമുന്നില്െവച്ചായിരുന്നു അപകടം. ഓട്ടോയില്‍നിന്ന് പുറത്തെടുത്ത സിത്താരയെ എം.എൽ.എയുടെ വാഹനത്തില്‍ കയറ്റി ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഓട്ടോറിക്ഷ പൂർണമായും തകർന്നു. സിത്താരയുടെ ഏക സഹോദരൻ സിജോ സിറിയക് മാസങ്ങൾക്ക് മുമ്പ് ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചിരുന്നു. ആലപ്പുഴയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് വൈദ്യുതാഘാതമേറ്റ് മത്സ്യവിൽപനക്കാരിയായ വീട്ടമ്മ മരിച്ചു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് എട്ടാം വാർഡ് മണപ്പുറം ഫിഷർമെൻ കോളനിയിൽ പുരഹരെൻറ ഭാര്യ സുഭദ്രയാണ് (60) മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതോടെ മാക്കേക്കടവിനു സമീപമായിരുന്നു സംഭവം. വൈദ്യുതികമ്പി വസ്ത്രങ്ങൾ ഉണക്കാനിടുന്ന അഴയാണെന്നു കരുതി കൈകൊണ്ട് നീക്കുന്നതിനിടെ വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
