You are here

കനത്ത മഴ രണ്ട് ദിവസം തുടരും; എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

  • അഗളി ടൗണിനടുത്ത് ഉരുൾപൊട്ടി

12:37 PM
21/10/2019
  • heavy-rain-03-211019.jpg
    മഴയിൽ വെള്ളം കയറിയ എറണാകുളത്തെ പോളിങ് ബൂത്ത്

തിരുവനന്തപുരം: കിഴക്ക് മധ്യ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തെതുടർന്ന് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. എറണാകുളം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കണയന്നൂർ, കൊച്ചി താലൂക്കുകളിലായി അഞ്ച് ഇടങ്ങളിലാണ് ക്യാമ്പുകൾ തുറന്നത്. 270 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. അഗളി ടൗണിന് സമീപം ഉരുൾപൊട്ടിയതിനെ തുടർന്ന് 10 കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കനത്ത മഴ രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പു നൽകി. 

എറണാകുളം, തൃശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് കനത്ത മഴ തുടരുന്നത്. എറണാകുളത്ത് സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകൾ വെള്ളത്തിലായി. ഇതോടെ ട്രെയിൻ സർവിസുകൾ നിലച്ചു. നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അഞ്ച് മണ്ഡലങ്ങളിലെ തെരെഞ്ഞെടുപ്പ് ദിവസമായ ഇന്ന് പെയ്ത കനത്ത മഴ മഞ്ചേശ്വരം മണ്ഡലം ഒഴികെയുള്ള ഇടങ്ങളിൽ വോട്ടെടുപ്പ് നടപടികളെ ബാധിച്ചിരിക്കുകയാണ്. എറണാകുളത്ത് പോളിങ് ബൂത്തുകളിൽ വെള്ളം കയറി. പലയിടത്തും മോശം പോളിങ്ങാണ് രാവിലെ രേഖപ്പെടുത്തിയത്.  എറണാകുളത്ത് മഴ ശക്തമായി തുടർന്നാൽ വോട്ടെടുപ്പ് മാറ്റി വെക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും എന്നാൽ നിലവിലെ സ്ഥിതി ഗുരുതരമല്ലെന്നാണ് വിലയിരുത്തലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസർ ടിക്കാറാം മീണ അറിയിച്ചു. ശക്തമായ മഴയെ തുടർന്ന് കൊച്ചി നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. നഗരത്തിൽ വൈദ്യുതി വിതരണം നിലച്ചു. മഴവെള്ളം കയറിയ പോളിംഗ് ലൊക്കേഷനുകളിൽ ബൂത്തുകൾക്കും വോട്ടർമാർക്കും ഫയർഫോഴ്സ് സൗകര്യമൊരുക്കുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ്. 

നെയ്യാർ ഡാമിന്‍റെ ഷട്ടറുകൾ ഉച്ചകഴിഞ്ഞ് മൂന്നോടെ 18 ഇഞ്ചായി ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. ഇരു കരയിലും ഉള്ളവർ ജാഗ്രത പാലിക്കണം. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 


ന്യൂനമർദപ്രഭാവം മൂലം ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് സർക്കാർ അറിയിച്ചു. കേരള, കർണാടക, മഹാരാഷ്​ട്ര, ലക്ഷദ്വീപ് തീരത്തും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ, മധ്യ-കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റുണ്ടാകുമെന്ന്​ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഈ മാസം 24വരെ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. വൈകുന്നേരങ്ങളിലെ കനത്ത മഴ മൂലം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും മലയോര മേഖലയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മഴ ശക്തമായതോടെ പാലക്കാടും കോഴിക്കോടും ഒാരോ ദുരിതാശ്വാസ ക്യാമ്പുകൾ വീതം തുറന്നിട്ടുണ്ട്. 42 കുടുംബങ്ങളിലെ 184 പേരാണ് ഇരുക്യാമ്പുകളിലുമായി കഴിയുന്നത്. 


കൊല്ലം ജില്ലയിൽ മഴ ശക്തം; വീടുകൾ തകർന്നു

കൊല്ലത്ത് മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങൾ വെള്ളത്തിനടിയിലായി. മണ്ണിടിച്ചിലും കൃഷിനാശവും ശക്തമാണ്. തെന്മല പരപ്പാർ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടി. പത്തനാപുരം ആവണീശ്വരത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 15 കുടുമ്പങളെ മാറ്റി പാർപ്പിച്ചു.

പുനലൂർ താലൂക്കിൽ ഇടമണ്ണിലാണ് വീട് പൂർണ്ണമായും തകർന്നത്. മൺറോതുരുത്തിൽ രണ്ടു വീടുകൾ തകർന്നു. പല വീടുകളിലും വെള്ളം കയറി. കൊട്ടാരകര താലൂക്കിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. എംസി റോഡിൽ വ്യാപാര സ്ഥാപനങളിൽ വെള്ളം കയറി നാശനഷ്ടം ഉണ്ടായി. കൊല്ലം ജില്ലയിൽ മറ്റ് താലൂക്കുകളിലും നേരിയ തോതിൽ മഴ തുടരുന്നു. പത്തനാപുരത്ത് ഏലകൾ വെള്ളത്തിനടിയിലായി.

നെടുവത്തൂരിലും വീടുകളിൽ വെള്ളം കയറി.കുന്നിക്കോട് കൂരാംകോട് നാന്ദിഗ്രാം പ്രദേശത്ത് 10 ഓളം വീടുകളിൽ വെള്ളം കയറി. ഇവരെ ബന്ധുവീടുകളിലേക്ക് മാറ്റി. ഞാറയ്ക്കൽ ഭാഗത്തുള്ള മലവെള്ള പാച്ചിലാണ് വെള്ളക്കെട്ടിനിടയാക്കിയത്. ശക്തമായ കാറ്റിൽ വൈദ്യത ബന്ധവും തകരാറിലായി. കുന്നിക്കാട് ദേശീയപാതയിൽ മണ്ണിടിഞ്ഞ ഗതാഗതം തടസ്സപ്പെട്ടു. നിലവിൽ കൊട്ടാരക്കര താലൂക്കിലും പുനലൂർ മുൻസിപ്പൽ പ്രദേശങളിലെ വിദ്യാഭ്യാസ സ്ഥാപനങൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു

Loading...
COMMENTS