ഇന്ധന ക്ഷാമം രൂക്ഷമല്ല; പക്ഷേ,പമ്പുകളിൽ തിരക്ക് ‘രൂക്ഷമാണ്’
text_fieldsകോഴിക്കോട്: ജില്ലയിൽ രൂക്ഷമായ ഇന്ധനക്ഷാമമില്ലെങ്കിലും പമ്പുകളിൽ തിരക്കോട് തിരക്ക്. ഇന്ധന ക്ഷാമം രൂക്ഷമാണെന്ന തരത്തിൽ പ്രചാരണത്തെ തുടർന്ന് ജനങ്ങൾ കൂടുതലായി ഇന്ധനം ശേഖരിച്ചതാണ് പ്രശ്നമായത്. ഇതുകാരണം ഇന്ധനം സ്റ്റോക്കുള്ള പമ്പുകളിൽ വാഹനങ്ങളുെട നീണ്ട നിരയാണ്. ഇവിടങ്ങളിൽ ഇന്ധനം നിറക്കാൻ കുപ്പികളുമായെത്തിയവരും നിരവധിയാണ്. വയനാട് റോഡിൽ ഫാത്തിമ ഹോസ്പിറ്റലിനു സമീപമുള്ള പമ്പിൽ ശനിയാഴ്ച ഇന്ധനം നിറക്കാനെത്തിയവരുടെ വരി റോഡിലേക്കെത്തി. ഇതുതന്നെയാണ് മിക്ക പമ്പുകളുടെയും അവസ്ഥ.
ഇന്ധനം കഴിയാറായെന്ന പ്രചാരണം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോെട നിരവധിയാളുകൾ കൂടുതൽ ഇന്ധനം വാങ്ങി സ്റ്റോക്ക് ചെയ്തതാണ് പെെട്ടന്നുള്ള ക്ഷാമത്തിന് കാരണമെന്ന് പമ്പുടമകൾ തന്നെ പറയുന്നു. എറണാകുളം ഭാഗത്തു നിന്നുള്ള ടാങ്കർ ലോറികളുടെ വരവ് നിലച്ചതും ഇന്ധനക്ഷാമത്തിന് കാരണമായിട്ടുണ്ടെന്നും എന്നാൽ, വരുംദിവസങ്ങളിൽ ഇൗ പ്രശ്നത്തിന് പരിഹാരമാകുമെന്നും ഒാൾ കേരള ഫെഡറേഷൻ ഒാഫ് പെട്രോളിയം േട്രഡേഴ്സ് സംസ്ഥാന പ്രസിഡൻറ് കെ.പി. ശിവാനന്ദൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
ജില്ലയിൽ ചില കേന്ദ്രങ്ങളിലുണ്ടായ പെേട്രാൾ ക്ഷാമം പരിഹരിക്കാൻ ശനിയാഴ്ച രാവിലെ കലക്ടറുടെ ചേംബറിൽ നടന്ന എണ്ണ കമ്പനി പ്രതിനിധികളുടെ യോഗത്തിൽ തീരുമാനമായി. മംഗലാപുരത്തുനിന്ന് വാഗണിൽ ഇന്ധനം എത്തിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് യോഗം തീരുമാനിച്ചു. എച്ച്.പിയുടെ ചില പമ്പുകളിൽ ഡീസൽ ക്ഷാമമുണ്ട്. ഇത് ഞായറാഴ്ച പരിഹരിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്.
കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ജില്ല കലക്ടർ യു.വി. ജോസ് അധ്യക്ഷത വഹിച്ചു. സ്പെഷൽ ഓഫിസർ കെ. ബിജു, ജില്ല സപ്ലൈ ഓഫിസർ കെ. മനോജ്കുമാർ, ഐ.ഒ.സി.എൽ ഫറോക്ക് ഡിപ്പോ സീനിയർ മാനേജർ വി. സന്തോഷ്, അസി. മാനേജർ അശ്വിൻദാസ്, പി.പി. ദിനേഷ്കുമാർ, ആർ.വി. രവീന്ദ്രൻ, വി.എം. ഉണ്ണി, ഐ.ഒ.സി ചീഫ് മാനേജർ ആർ.കെ. നമ്പ്യാർ, സീനിയർ മാനേജർ അലക്സ് മാത്യു, എച്ച്.പി.സി.എൽ ചീഫ് മാനേജർ ആർ. ബിജു, ആർ.ടി.ഒ സി.ജെ. പോൾസൺ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
