മാള, കൊടുങ്ങല്ലൂർ മേഖലയിൽ സ്ഥിതി ഗുരുതരം
text_fieldsതൃശൂർ: രക്ഷാപ്രവർത്തനം ഉൗർജിതമാകുേമ്പാഴും മനുഷ്യ ജീവന് ഭീഷണിയായി മാള, കൊടുങ്ങല്ലൂർ മേഖലയിൽ ജലനിരപ്പ് ഉയരുന്നു. ജില്ലയിലെ കോൾനിലങ്ങളിലും വെള്ളപ്പൊക്കം കടുത്ത ഭീഷണി ഉയർത്തുന്നുണ്ട്. വൈദ്യുതി വിതരണവും വാർത്താവിനിമയ സംവിധാനവും കാര്യക്ഷമമല്ലാത്തത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്.മാള അന്നമനട, കുഴൂർ, പാലിശ്ശേരി, കൊച്ചുകടവ്, പൊയ്യ പ്രദേശങ്ങളിൽ സ്ഥിതി ഗുരുതരമാണ്. ദുരിതാശ്വാസ ക്യാമ്പുകളിലെ താമസക്കാരെപ്പോലും ഒഴിപ്പിക്കേണ്ട അവസ്ഥയുണ്ട്. രോഗം ബാധിച്ചും മറ്റും പ്രദേശത്തെ ക്യാമ്പുകളിൽ ചിലർ മരിച്ചതായി വിവരമുണ്ട്. ഇവിടെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന വി.ആർ. സുനിൽ കുമാർ എം.എൽ.എ കടുത്ത ഭീഷണി തൃണവൽഗണിച്ചാണ് കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്.
വെള്ളം കയറി ചെറുപാലങ്ങൾ തകർന്നിട്ടുണ്ട്. ക്യാമ്പുകളിൽ വേണ്ടത്ര ഭക്ഷണവും മരുന്നും എത്തിയിട്ടില്ല. ജില്ലയിൽ ഇന്നലെ അഞ്ച് കോപ്ടറുകൾ രക്ഷാപ്രവർത്തനത്തിനും ഭക്ഷണ വിതരണത്തിനുമായി ഉണ്ടെങ്കിലും അപര്യാപ്തമാണ്. മാള കോട്ടമുറി-പാളയംപറമ്പ് റോഡ് നെടുകെ പിളർന്നു. മാള ഹോളി ഗ്രേസ് കേന്ദ്രീകരിച്ച് ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. വീടുകളിലും കെട്ടിടങ്ങളിലും കുടുങ്ങിയവരെ ബോട്ടുകളിൽ ഒഴിപ്പിക്കുന്നുണ്ടെങ്കിലും അതും അപര്യാപ്തമാണ്. ഇതിനിടെ, കുഴൂരിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ബോട്ട് മറിഞ്ഞതായി വിവരമുണ്ട്.
കൊടുങ്ങല്ലൂരും ജല ഭീഷണിയിലാണ്. ടൗണിലെ കിഴക്കേ നടയിൽ ഇന്നലെ ഉച്ചകഴിഞ്ഞതോടെ കയറിയ വെള്ളം ഇറങ്ങിയിട്ടില്ല. കടലേറ്റം ഉള്ളതിനാൽ വെള്ളം വലിഞ്ഞിട്ടില്ല. പ്രദേശത്ത് ജനജീവിതം അക്ഷരാർഥത്തിൽ സ്തംഭിച്ചു.ജില്ലയിലെ കോൾപാടങ്ങളിൽ ഭയാനകമായ രീതിയിൽ വെള്ളം ഉയർന്നിട്ടുണ്ട്. ഏനാമാവ് ബണ്ട് കര കവിഞ്ഞതാണ് പ്രധാന കാരണം. കോൾ മേഖലയിൽ മുന്നറിയിപ്പ് നൽകാനുള്ള സംവിധാനവും രക്ഷാപ്രവർത്തനവും വേണ്ടത്ര എത്തിയിട്ടില്ല. ചാലക്കുടിയിൽ ശനിയാഴ്ച വെള്ളപ്പൊക്കത്തിന് നേരിയ അയവുണ്ട്. ഇതുവഴി ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. എങ്കിലും പലയിടത്തായി കുടുങ്ങിയവർ രക്ഷതേടുകയാണ്. കോപ്ടർ മുഖേന ഇവരെ ഒഴിപ്പിക്കുകയും ക്യാമ്പുകളിൽ ഭക്ഷണം എത്തിക്കുകയും ചെയ്യുന്നുണ്ട്. പോട്ട ധ്യാനകേന്ദ്രത്തിൽ മൂന്ന് പേർ മരിച്ചു. തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തും വെള്ളമെത്തി. ജില്ലയിൽ കൂടുതൽ ക്യാമ്പുകൾ തുറക്കുന്ന അവസ്ഥയുണ്ട്.
തൃശൂർ-പാലക്കാട് ദേശീയപാത തുറന്നിട്ടില്ല. ഷൊർണൂർ വഴി പാലക്കാേട്ടക്കും വടക്കാഞ്ചേരി, കുന്നംകുളം വഴി കോഴിക്കോേട്ടക്കും കെ.എസ്.ആർ.ടി.സി നാമമാത്ര സർവിസ് നടത്തുന്നുണ്ട്. അങ്കമാലി വരെയും ബസുകൾ അയക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ദേശമംഗലം പള്ളത്തുണ്ടായ ഉരുൾപൊട്ടലിൽപെട്ട ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി. ഇതോടെ മരണം നാലായി. കുറാഞ്ചേരി ഉരുൾപൊട്ടലിൽ മരിച്ച 18 പേരുടെ മൃതദേഹം സംസ്കരിച്ചു. ജില്ലയിൽ ഇന്നലെ മഴ കുറവായിരുന്നു. ശക്തമായ ജലപ്രവാഹത്തിൽ പഴയന്നൂരിനടുത്ത് ചീരക്കുഴി ഡാം തകർന്നു.
പാളത്തിലെ മെറ്റലുകൾ ഒഴുകിപ്പോയി; പാളത്തിൽ മണ്ണിടിഞ്ഞു
തൃശൂർ: തൃശൂരിനടുത്ത് നെല്ലായിലും ചാലക്കുടിയിലും റെയിൽവെ പാളത്തിന്നടിയിൽ നിന്ന് മെറ്റലുകൾ ഒഴുകിപ്പോയി. അതോടെ സ്ലീപ്പറുകൾ ഇളകുകയും പാളങ്ങൾക്ക് ഉറപ്പില്ലാതാകുകയും ചെയ്തു. തൃശൂർ-വടക്കാഞ്ചേരിക്കടുത്ത് കുറാഞ്ചേരിയിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി നടക്കുന്നുണ്ടെങ്കിലും ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ മൂന്ന് ദിവസമെങ്കിലുമെടുക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം പുഴകളിൽ െവള്ളം ക്രമാതീതമായി ഉയർന്നതിനെ തുടർന്നുണ്ടായ ശക്തമായ ഒഴുക്കിലാണ് മെറ്റലുകൾ ഒഴുകിപ്പോയത്. റെയിൽവേ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ അറ്റകുറ്റപ്പണികൾക്ക് നേതൃത്വം നൽകുന്നു. റെയിൽവേ പൊലീസും സ്ഥലത്തുണ്ട്. കുറാഞ്ചേരിയിലും ഇരു പാളത്തിലും മണ്ണിടിഞ്ഞ് കിടക്കുകയാണ്. ഇതും നീക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ പണി നടക്കുകയാണ്. ഇതുമൂലം തൃശൂർ-എറണാകുളം, തൃശൂർ-ഷൊർണൂർ റൂട്ടിൽ ഗതാഗതം നിലച്ചു. അടുത്ത 48 മണിക്കൂർ കഴിഞ്ഞാലേ ഗതാഗതം പുനഃസ്ഥാപിക്കൂ എന്നാണ് റെയിൽവേ പൊലീസിന് ലഭിച്ച വിവരം. എന്നാൽ, ഇനി ഒരറിയിപ്പ് ലഭിക്കും വരെ സർവിസ് നിർത്തിവെച്ചെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
കനത്ത മഴമൂലം ഗതാഗതം നിർത്തിവെച്ചെന്ന വിവരമാണ് നേരത്തെ പുറത്തു വന്നത്. അതിനിടെ, പെരിയാറിൽ ജലനിരപ്പ് താഴുകയും പാലത്തിനു മുകളിലൂടെ യാത്ര സുരക്ഷിതമാണെന്ന് ഉറപ്പു വരികയും ചെയ്താലേ ഇൗ റൂട്ടിലൂടെ സർവിസ് പുനഃസ്ഥാപിക്കൂവെന്ന് അധികൃതർ പറഞ്ഞു.
ഗുരുവായൂര്‍: ഗുരുവായൂര്‍ - തൃശൂര്‍ റെയില്‍പാതയിലെ പാളത്തിനടിയിലെ മണ്ണ് ഒലിച്ചുപോയി. വാക ഭാഗത്താണ് പാടശേഖരത്തിലൂടെ കടന്നുപോകുന്ന പാതയുടെ മണ്ണ് പൂര്‍ണമായും ഒലിച്ചു പോയത്. ഒന്നേകാല്‍ കിലോമീറ്ററോളം ഭാഗത്തെ മണ്ണ് ഒലിച്ചുപോയിട്ടുണ്ട്. കോണ്‍ക്രീറ്റ് സ്ലീപ്പറിന് മുകളില്‍ പാളംഘടിപ്പിച്ചതിെൻറ താഴെയുള്ള കരിങ്കല്‍ ചീളും മണ്ണുമെല്ലാം പൂര്‍ണമായി ഒലിച്ചുപോയി താഴ്ഭാഗത്ത് വെള്ളം കുതിച്ചൊഴുകുകയാണ്. ഇതുവഴിയുള്ള റെയില്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ ഒരാഴ്ചയെങ്കിലും കഴിയും.
ചീരക്കുഴി അണക്കെട്ട് തകർന്നു
പഴയന്നൂർ (തൃശൂർ): ചീരക്കുഴി അണക്കെട്ടിെൻറ ഏഴു ഷട്ടറുകളിൽ മൂന്നെണ്ണം പൂർണമായും ബാക്കിയുള്ളത് ഭാഗികമായും തകർന്നു. ഷട്ടറുകളുടെ തൂണുകളിൽ കോൺക്രീറ്റ് പൊട്ടിയടർന്നു. തൂണുകൾ വിണ്ടു നിൽക്കുകയാണ്. അണക്കെട്ടിന് അനുബന്ധമായി നിർമിച്ച വാച്ച് ടവറിെൻറ അടിത്തറ അടക്കം കനൽ റെഗുലേറ്ററും അനുബന്ധ റോഡുകളും വൈദ്യുതി തൂണുകളും പൂർണമായും ഒലിച്ചുപോയി. അണക്കെട്ടിേനാട് ചേർന്ന് സഞ്ചാരികൾ നിൽക്കാറുണ്ടായിരുന്ന ഭാഗം പൂർണമായും ഒലിച്ചു പോയി. ഉയർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. പൂർണ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
