മരണത്തെ മുഖാമുഖം കണ്ട ദിനരാത്രങ്ങൾ
text_fieldsശബരിമല കാടുകളിൽനിന്ന് കുത്തിയൊലിെച്ചത്തിയ മലവെള്ളത്തിെൻറ തണുപ്പ് ശരീരത്തിൽനിന്ന് മാറിെയങ്കിലും മനസ്സിൽനിന്ന് ഒഴിയാൻ ഇനിയും നാളുകൾ വേണം. 32 മണിക്കൂർ...മരണത്തെ മുഖാമുഖം കണ്ടു എന്നല്ല, മരണം ഒഴിവാക്കാനാകില്ല എന്ന് മനസ്സുകൊണ്ട് ഉറപ്പിച്ച നിമിഷങ്ങൾ. വീടിെൻറ ആദ്യനില മുങ്ങി, രണ്ടാം നിലയിൽ വെള്ളം കയറിത്തുടങ്ങിയപ്പോഴാണ് കാര്യങ്ങൾ കൈവിട്ടുപോകുന്നുവെന്ന് ബോധ്യമായത്. വെള്ളം അരയറ്റം എത്തിയിട്ടും സഹായത്തിനായി എല്ലാവർക്കും സന്ദേശം അയച്ചിട്ടും ഒരു ബോട്ടുപോലും ആ വഴിക്ക് വന്നില്ല.
ഇന്നലെ രാവിലെവരെ ഒരു ബോട്ടിനും ആ വഴി വരാൻ ആകുമായിരുന്നില്ല. അത്രക്കായിരുന്നു ഒഴുക്ക്. ബുധനാഴ്ച രാത്രിയായിരുന്നു ഏറ്റവും ഭീകരം. വീടിന് ചുറ്റും ആർത്തലച്ച് ഒഴുകുന്ന കല്ലും ചളിയുമുള്ള മലവെള്ളം. കടുത്ത ഇരുട്ടും തണുപ്പും. ദൂരെ എവിടെയൊക്കെയോ ഉയരുന്ന നിലവിളികൾ. വളർത്തുമൃഗങ്ങളുടെ കരച്ചിൽ. രണ്ടാം നിലയിലെ സുരക്ഷിതമെന്ന് തോന്നിയ മൂലക്കിരുന്ന ഞങ്ങളുടെ കാലുകളിൽ വെള്ളം വന്നു തട്ടിയപ്പോൾ ഉള്ളൊന്ന് കാളി. പിന്നെ നേരം വെളുത്തേപ്പാഴേക്കും വെള്ളം അരയറ്റം. 82 വയസ്സുള്ള അമ്മയും ഭാര്യയും അമ്പരന്നിരുന്നു.
ഞാൻ പക്ഷേ, തകർന്നുപോയത് എന്നെ കെട്ടിപ്പിടിച്ച് അടുത്തിരുന്ന് നമശിവായ ചൊല്ലുന്ന 12 വയസ്സുകാരൻ മകെൻറ മുഖം കണ്ടപ്പോഴാണ്. അവനെ മാത്രം ആരെങ്കിലും രക്ഷിച്ചെങ്കിൽ എന്നുപോലും ആശിച്ചു...പക്ഷേ കടന്നുപോകുന്ന ഓരോ നിമിഷത്തോടും ഒപ്പം ആ പ്രതീക്ഷയും നശിക്കുകയായിരുന്നു. വിജയവാഡയിൽ പഠിക്കുന്ന മകളെ വിളിച്ചു. ഞങ്ങൾ പോയാൽ ചെയ്യേണ്ട കാര്യങ്ങൾ അവളോട് അക്കമിട്ട് പറഞ്ഞു. നിലവിളി മാത്രമായിരുന്നു മറുപടി...പക്ഷേ, പറയാതിരിക്കാൻ ആകുമായിരുന്നില്ല. സ്ഥിതിഗതികൾ അനുനിമിഷം മോശമാകുകയായിരുന്നു. കുടിവെള്ളവും തീർന്നു, ഒപ്പം മൊബൈലും നിശ്ചലമായി. ഒടുവിൽ ഇന്നലെ ഉച്ചയോടെ അവസാനമണിക്കൂറിെൻറ അവസാനത്തിൽ ഒരു മത്സ്യബന്ധന ബോട്ടിെൻറ വരവാണ് ഞങ്ങളെ ജീവിതത്തിലേക്ക് വീണ്ടും എത്തിച്ചത്.
ആശ്വാസം ഉണ്ട്. എങ്കിലും സന്തോഷം ഇല്ല...നാട് മുഴുവൻ ദുരിതക്കയത്തിൽ. ഞങ്ങളുടെ സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ആയിരക്കണക്കിന് മനുഷ്യർ. ഇന്ന് ഡോക്ടറെ കണ്ടശേഷം ആകുമെങ്കിൽ നാളെ അവിടേക്ക് തിരികെ പോകണം. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ചെറിയൊരു പങ്കുചേരലിനായി...ആരുടെയും പേര് എടുത്തുപറയുന്നില്ല. എങ്കിലും ഈ പരീക്ഷണത്തിൽപെട്ടപ്പോൾ രക്ഷിക്കാൻ പ്രവർത്തിച്ചവർക്കും പ്രാർഥിച്ചവർക്കും സ്നേഹം, നന്ദി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
