മലപ്പുറത്ത് മഴ കുറയുന്നു; ഇനി വീണ്ടെടുപ്പിെൻറ നാളുകൾ
text_fieldsമലപ്പുറം: ജില്ലയിൽ ഒരാഴ്ചയോളമായി പെയ്യുന്ന കനത്ത മഴക്ക് ശമനം. മഴ കുറഞ്ഞതോടെ ക്യാമ്പുകളിൽ താമസിച്ചിരുന്നവർ അടക്കം വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണികൾ നിലനിൽക്കുന്നതിനാൽ മലയോര മേഖലയിലുള്ളവർ ഇപ്പോഴും ക്യാമ്പിൽ തുടരുകയാണ്. പ്രതികൂല കാലാവസ്ഥ മാറിയതിന് ശേഷം മാത്രമേ ഇവരെ വീടുകളിലേക്ക് മാറ്റുകയുള്ളൂ. മഴ ഒഴിഞ്ഞെങ്കിലും വീടുകൾ വാസയോഗ്യമാക്കുന്നതിന് വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ജില്ലയിൽ പലയിടത്തും ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, പമ്പുകളിൽ ആവശ്യത്തിന് ഇന്ധനം എത്തുന്നില്ല എന്നത് വെല്ലുവിളിയാണ്.
പെരിന്തൽമണ്ണ: വെള്ളം ഇറങ്ങിത്തുടങ്ങി. 26 ക്യാമ്പുകളിൽ നാലെണ്ണം നിർത്തി. 1250 പേരാണ് ഇപ്പോൾ ക്യാമ്പിലുള്ളത്. ഗതാഗതം പുനഃസ്ഥാപിച്ചു. പമ്പുകളിൽ പെട്രോൾ കിട്ടാനില്ല.
തിരൂർ: ഗതാഗതം പുനഃസ്ഥാപിച്ചു. മമ്മാലിപ്പടി, ക്ലാരി മൂച്ചിക്കലിൽ വെള്ളം കയറിയതിനാൽ തിരൂർ-കോട്ടക്കലിലേക്ക് കോഴിെചന, കുറ്റിപ്പാല വഴിയാണ് വാഹനങ്ങൾ വരുന്നത്. വീടുകളിൽനിന്നും വെള്ളം ഇറങ്ങി. ചില കുടുംബങ്ങൾ ക്യാമ്പുകളിൽനിന്നും വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ഉച്ചയോടെ പമ്പുകളിൽ ഇന്ധനം എത്തി.
കുറ്റിപ്പുറം: കുറ്റിപ്പുറം-തിരൂർ റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു. തിരുനാവായ-പുത്തനത്താണി റോഡിൽ വെള്ളം പൂർണമായി പോയിട്ടില്ല. കുറ്റിപ്പുറം ടൗണിൽ വെള്ളം ഇറങ്ങി. കടകേമ്പാളങ്ങൾ അടഞ്ഞുകിടന്നു. ക്യാമ്പുകളിൽ ഇപ്പോഴും ആളുകൾ തുടരുകയാണ്. മേഖലയിൽ ഇന്ധനക്ഷാമം രൂക്ഷമാണ്. അവശ്യസാധനങ്ങളും കിട്ടാനില്ല.
കോട്ടക്കൽ:ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാനായിട്ടില്ല. കോട്ടക്കൽ ഗവ. ഹയർ െസക്കൻഡറി സ്കൂളിലെ ക്യാമ്പ് തുടരുന്നു. വീടുകൾ ഇേപ്പാഴും വെള്ളത്തിലാണ്. പമ്പുകളിൽ ഇന്ധനം കിട്ടാനില്ല.
അരീക്കോട്: വെള്ളം ഇറങ്ങിത്തുടങ്ങി. ഉരുൾപൊട്ടൽ ഭീഷണി അടക്കം നിലനിൽക്കുന്നതിനാൽ ആളുകൾ ക്യാമ്പുകളിൽ തുടരുകയാണ്. ഗതാഗതം സാധാരണനിലയിലായി.
നിലമ്പൂർ: നാടുകാണി ചുരത്തിലൂടെ യാത്ര പുനരാരംഭിച്ചു. റോഡുകൾ താൽക്കാലികമായി നന്നാക്കി. ഭീഷണികളുള്ളതിനാൽ ആളുകളെ ക്യാമ്പുകളിൽനിന്നും വീടുകളിലേക്ക് വിട്ടിട്ടില്ല.
എടക്കര: നേരിയ മഴ മാത്രമാണ് ശനിയാഴ്ച ഉണ്ടായിരുന്നത്. മൂന്ന് ക്യാമ്പുകൾ തുടരുന്നു. മലേയാരമേഖലയിൽ ഭീഷണി നിലനിൽക്കുന്നതിനാലാണ് ക്യാമ്പുകളിലുള്ളവരെ മടക്കിവിടാത്തത്. ഇന്ധനം പലയിടത്തും കിട്ടാനില്ല.
കരുവാരകുണ്ട്: മേഖലയിൽ ആളുകൾ ക്യാമ്പുകളിൽ തുടരുകയാണ്. ആരോഗ്യവകുപ്പും പൊലീസും കാര്യക്ഷമമായാണ് ഇടപെടുന്നത്. വീടുകൾ വാസയോഗ്യമാകാൻ ദിവസങ്ങളെടുക്കും. പലരുടെയും വീടുകൾ ഭാഗികമായി തകർന്നിരിക്കുകയാണ്. തരിശിൽ പിരിച്ചുവിട്ട ക്യാമ്പ് വീണ്ടും പ്രവർത്തനം ആരംഭിച്ചു.
മഞ്ചേരി: കരുവാരകുണ്ട്-മഞ്ചേരി, മലപ്പുറം-മഞ്ചേരി റൂട്ടിൽ ഗതാഗതം പുനഃസ്ഥാപിച്ചു.
കാളികാവ്: മഴ കുറഞ്ഞെങ്കിലും ക്യാമ്പുകളിൽ ആളുകൾ തുടരുന്നു. ഗതാഗത തടസ്സങ്ങൾ മാറി. രണ്ട് പമ്പുകൾ അടഞ്ഞുകിടക്കുകയാണ്.
പൊന്നാനി: ഭാരതപ്പുഴ സാധാരണനിലയിേലക്ക് എത്തി. സംസ്ഥാന പാതയിലെ വെള്ളം കുറഞ്ഞതോടെ ഗതാഗതം പുനഃസ്ഥാപിക്കാനായി. ബസ് സർവിസുകൾ പൂർണമായി ആരംഭിച്ചിട്ടില്ല. ക്യാമ്പുകളിൽനിന്നും ആളുകൾ മടങ്ങിയിട്ടില്ല. ഇന്ധനക്ഷാമം മേഖലയിലും രൂക്ഷം.
തിരൂരങ്ങാടി: കീരനെല്ലൂർ, നൂക്കട്ട കനാലിലെ തടസ്സം സൈന്യം നീക്കി.
വളാഞ്ചേരി: വെള്ളം ഒഴിവായി തുടങ്ങി. ക്യാമ്പുകൾ തുടരുകയാണ്. ഗതാഗതം പുനഃസ്ഥാപിക്കാനായി. ഇന്ധനക്ഷാമം രൂക്ഷം.
ഇതുവരെ 48 മരണം
കാലവർഷക്കെടുതിയിൽ ജില്ലയിൽ മേയ് 29 മുതൽ ഇതുവരെ ഏഴ് താലൂക്കുകളിലായി 48 മരണം. കൊണ്ടോട്ടി താലൂക്കിൽ 14 പേരാണ് മരിച്ചത്. തിരൂർ -രണ്ട്, നിലമ്പൂർ -11, ഏറനാട് -12, തിരൂരങ്ങാടി -അഞ്ച്, പെരിന്തൽമണ്ണ -രണ്ട്, പൊന്നാനി -രണ്ട് എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. രണ്ടുപേരെ കാണാതാവുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2030.68 മില്ലീമീറ്റർ മഴയാണ് ഇതുവരെ ലഭിച്ചത്. 138 വില്ലേജുകളിലായി ഏഴ് ലക്ഷം പേർ കെടുതി അനുഭവിക്കുന്നു. 24 പശുക്കളും 34 ആടുകളും 5296 താറാവുകളും ചത്തു.
ജില്ലയിൽ ഗതാഗതം പുനഃസ്ഥാപിച്ചു
മലപ്പുറം: മഴ കുറഞ്ഞതോടെ ജില്ലയിലെ പ്രധാന റോഡുകൾ വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ ശനിയാഴ്ച മുതലാണ് ബസ് സർവിസ് ആരംഭിച്ചത്. കൂടുതലും കെ.എസ്.ആർ.ടി.സി ബസുകളാണ് ഒാടിത്തുടങ്ങിയത്. സ്വകാര്യബസുകൾ ഇപ്പോഴും പൂർണമായി ഒാടിത്തുടങ്ങിയിട്ടില്ല. കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ മലപ്പുറം കീരംകുണ്ടിൽ വെള്ളം ഇറങ്ങാത്തതിനാൽ വാഹനങ്ങൾ തിരിച്ചുവിടുകയാണ്. കൂട്ടിലങ്ങാടി-ആനക്കയം-മങ്കട വഴിയാണ് ബസുകൾ സർവിസ് നടത്തുന്നത്. മലപ്പുറം-മഞ്ചേരി റൂട്ടിലും ഗതാഗതം പുനഃസ്ഥാപിച്ചു.
തൃശൂർ-കോഴിക്കോട് റൂട്ടിലും ശനിയാഴ്ച മുതൽ ബസുകൾ സർവിസുകൾ നടത്തി. ഗുരുവായൂരിൽ നിന്നും കോഴിക്കോേട്ടക്കുള്ള കെ.എസ്.ആർ.ടി.സി സർവിസ് നടത്തുന്നുണ്ട്. തൃശൂരിൽ നിന്നും വരുന്ന ബസുകൾ കേച്ചേരിയിൽ നിന്നും തിരിഞ്ഞ് തിണ്ടിലം-വെള്ളറക്കാട്-പന്നിത്തടം വഴി കുന്ദംകുളത്തെത്തിയിട്ടാണ് സർവിസുകൾ നടത്തുന്നത്. ചൂണ്ടലിൽ റോഡ് തകർന്നതിനാലാണിത്. പൊന്നാനി-കോഴിക്കോട് റോഡിൽ ആലത്തൂരിലാണ് ശനിയാഴ്ച പ്രശ്നമുണ്ടായിരുന്നത്.
പൊന്നാനി-എടപ്പാൾ-വളാഞ്ചേരി-കോട്ടക്കൽ-കക്കാട്-തേഞ്ഞിപ്പലം-രാമനാട്ടുകര റൂട്ടിൽ വാഹനങ്ങൾ സർവിസ് നടത്തി. തിരൂർ-നിലമ്പൂർ റോഡിൽ കോട്ടക്കലിനും തിരൂരിനും ഇടയിൽ മമ്മാലിപ്പടിയിലും മലപ്പുറത്തിനും കോട്ടക്കലിനും ഇടയിൽ പൊൻമളയിലുമാണ് ഗതാഗത തടസ്സമുള്ളത്. നിലവിൽ പ്രധാനപാതയിൽ കീരംകുണ്ട്, ഹാജിയാർപള്ളി, പൊൻമള, കൂരിയാട്, കൊടിഞ്ഞി, കട്ടുപ്പാറ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുള്ളത്. മലപ്പുറം-കൊണ്ടോട്ടി-കോഴിക്കോട്, മലപ്പുറം-പാലക്കാട്, മലപ്പുറം-മഞ്ചേരി റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവിസുകളും പുനരാരംഭിച്ചു.
വെളിച്ചം പുനഃസ്ഥാപിക്കാൻ പാടുപെട്ട് കെ.എസ്.ഇ.ബി
മലപ്പുറം: കാലവർഷക്കെടുതിയെ തുടർന്ന് ജില്ലയിൽ ഇരുട്ടിലായ പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു തുടങ്ങി. ഏകദേശം 85 ശതമാനം സ്ഥലങ്ങളിൽ വൈദ്യുതി എത്തിക്കാനായി. മൂന്ന് കോടിയിലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇത് ഇനിയും വർധിക്കും. പുഴക്കരയിലും മറ്റും പൂർണമായി വെള്ളത്തിൽ മുങ്ങിയ ട്രാൻസ്ഫോമറുകളിൽ സുരക്ഷ പരിശോധന നടത്തേണ്ടതുണ്ട്. മഞ്ചേരി, നിലമ്പൂർ, തിരൂർ സർക്കിളുകളിൽ വൻ നഷ്ടമാണ് ഉണ്ടായത്. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായ ഇടങ്ങളിൽ ട്രാൻസ്ഫോമറുകളിൽ പൂർണമായി ൈവദ്യുതി എത്തിക്കാനായിട്ടില്ല. രാപകലില്ലാത്ത പ്രയത്നമാണ് ജീവനക്കാരും ഉദ്യോഗസ്ഥരും നടത്തുന്നത്.
മഞ്ചേരി സർക്കിളിൽ 105 ട്രാൻസ്ഫോമറുകൾ പുനഃസ്ഥാപിക്കേണ്ടതുണ്ട്. 90 ശതമാനത്തോളം സ്ഥലങ്ങളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്. 1.49 കോടിയുടെ നഷ്ടം കണക്കാക്കുന്നു. തകരാറിലായ 33 കെ.വി പുലാമന്തോൾ സബ്സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയില്ല. പുലാമന്തോൾ, കീഴുപറമ്പ്, ഒാടക്കയം ഭാഗങ്ങളിൽ വിതരണം മുടങ്ങി. ഒാടക്കയത്ത് രണ്ടര കിലോമീറ്ററോളം വൈദ്യുതലൈൻ തകർന്നു. മലപ്പുറം വെസ്റ്റ്, ചട്ടിപ്പറമ്പ്, ഭാഗങ്ങളിൽ വെള്ളമുള്ളതിനാൽ വൈദ്യുതി ചാർജ് ചെയ്യാനായില്ല. വെള്ളം ഒഴിയുന്ന മുറക്ക് കൂടുതൽ ട്രാൻസ്ഫോമറുകൾ ചാർജ് ചെയ്യുമെന്ന് മഞ്ചേരി സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ടി.യു. ശോഭന പറഞ്ഞു.
നിലമ്പൂർ സർക്കിളിൽ 26 ട്രാൻസ്ഫോമറുകളിൽ ൈവെദ്യുതി എത്തിക്കാനുണ്ട്. 178 പോസ്റ്റുകൾ ശരിയാക്കാനുണ്ട്. വാളാന്തോട് ദുരിതാശ്വാസ ക്യാമ്പിന് സമീപം അരക്കിലോമീറ്ററോളം ലൈൻ ഒഴുകിപ്പോയി. നിലമ്പൂർ സർക്കിളിൽ അരക്കോടി രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. തിരൂർ സെക്ഷനിൽ 90 ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടമാണ് കണക്കാക്കുന്നത്. സുരക്ഷ ഭീഷണിയെ തുടർന്ന് 584 ട്രാൻസ്ഫോമറുകൾ ഒാഫ് ചെയ്തിരിക്കുകയാണ്. 10 എണ്ണം ഉപയോഗശൂന്യമായി. പരപ്പനങ്ങാടി, കൂരിയാട്, തവനൂർ, ഒതുക്കുങ്ങൽ സബ് സ്റ്റേഷനുകൾ ഒാഫ് ചെയ്തിരിക്കുകയാണ്. പുറത്തൂർ, തിരുനാവായ സെക്ഷൻ ഒാഫിസുകൾ യഥാക്രമം ആലത്തിയൂർ, തിരുനാവായ 33 കെ.വി സബ് സറ്റേഷൻ ഒാഫിസുകളിലാണ് പ്രവർത്തിക്കുന്നത്. 460 പോസ്റ്റുകൾ തകർന്നിട്ടുണ്ട്.
പട്ടാമ്പി പാലം: ദീർഘയാത്ര ദുഷ്കരമാവും
പട്ടാമ്പി: പാലത്തിലൂടെയുള്ള ഗതാഗതം സാധാരണ നിലയിലാവാനെടുക്കുന്ന കാലതാമസം ഏറ്റവുമധികം ബാധിക്കുക ദീർഘദൂരയാത്രക്കാരെ. ഗുരുവായൂർ തീർഥാടകരും തൃശൂർ, എറണാകുളം തുടങ്ങി സംസ്ഥാനത്തിെൻറ മധ്യ-ദക്ഷിണ ഭാഗങ്ങളിലേക്കുള്ളവരും കഷ്ടപ്പെടും. പാലക്കാട് നിന്നുള്ളവർക്ക് കുളപ്പുള്ളി-ദേശമംഗലം വഴി കൂട്ടുപാതയിലെത്തി കുന്നംകുളം ഭാഗത്തേക്ക് പോവുകയാണ് ഒരുവഴി. പെരിന്തൽമണ്ണ ഭാഗത്തുനിന്നുള്ളവർക്ക് കൊപ്പം-മുതുതല-വെള്ളിയാങ്കല്ല് വഴി തൃത്താലയിലെത്തി യാത്ര തുടരേണ്ടിവരും. റോഡിെൻറ ദൈർഘ്യവും ശോച്യാവസ്ഥയും ഈ രണ്ട് മാർഗങ്ങളിലൂടെയുമുള്ള യാത്ര കഠിനമാക്കും. പട്ടാമ്പിയിൽനിന്ന് എടപ്പാൾ, പൊന്നാനി തുടങ്ങിയ ഹ്രസ്വദൂര സർവിസ് നടത്തുന്ന ബസുകൾ പാലംവരെ വന്ന് തിരിച്ചുപോകേണ്ടിവരും. ബസ് സ്റ്റാൻഡിൽനിന്ന് പാലത്തിലൂടെ നടന്ന് മറുകരയെത്തി ബസിൽ കയറണം. തൃത്താല മേഖലയിലുള്ളവർക്ക് പട്ടാമ്പിയുമായി ബന്ധപ്പെടാനും പ്രയാസമാണ്.
നാടുകാണി ചുരത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചു; വലിയ ഭാരവാഹനങ്ങൾ വിടില്ല
നിലമ്പൂർ: താഴെ നാടുകാണിയിൽ പോപ്സൺ എസ്റ്റേറ്റിന് സമീപം പൊട്ടുങ്ങലിൽ തകർന്ന നാടുകാണി ചുരം റോഡ് തമിഴ്നാട് സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കി വാഹന ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാൽ പത്ത്, 12 ചക്ര ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണമുണ്ട്. കെ.എസ്.ആർ.ടി.സിക്ക് യാത്രാനുമതി നൽകി.
ഞായറാഴ്ച മുതൽ ചുരം വഴി സർവിസ് സാധാരണ നിലയിലാകുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. കേരളത്തിെൻറ ആവശ‍്യം പരിഗണിച്ച് അതിവേഗത്തിലാണ് തകർന്ന റോഡ് ഭാഗം പൊളിച്ചുമാറ്റി തമിഴ്നാട് താൽക്കാലിക റോഡ് പണിതത്. പാത മുടങ്ങിയാൽ സംസ്ഥാനം ഒറ്റപ്പെടുമെന്നും നാടുകാണി ചുരം റോഡ് എത്രയും പെെട്ടന്ന് പുനഃസ്ഥാപിക്കണമെന്നുമുള്ള മലപ്പുറം ജില്ല കലക്ടർ അമിത് മീണയുടെ ആവശ‍്യം നീലഗിരി ജില്ല ഭരണകൂടം മുഖവിലക്കെടുക്കുകയായിരുന്നു.
റോഡിൽ 95 മീറ്റർ നീളത്തിലും അഞ്ച് മീറ്റർ വീതിയിലും തകർന്ന ഭാഗം പൂർണമായി പൊളിച്ചുമാറ്റി. ശനിയാഴ്ച രാവിലെ പെരിന്തൽമണ്ണ ഡിവൈ.എസ്.പി പി. മോഹനചന്ദ്രെൻറ നേതൃത്വത്തിൽ പൊലീസെത്തി പതിനൊന്ന് മണിയോടെ ചുരത്തിലൂടെ വാഹനങ്ങൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തിയതോടെ ദ്രുതഗതിയിലാണ് പ്രവൃത്തി പുരോഗമിച്ചത്.
ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ സന്ദർശകരുടെ വരവ് അപായസൂചന വകവെക്കാതെ
ഊർങ്ങാട്ടിരി: ഉരുൾപൊട്ടൽ ഏഴ് പേരുടെ ജീവനെടുത്ത ഓടക്കയത്തെ ദുരന്തഭൂമി കാണാൻ പുറംനാട്ടുകാരെത്തുന്നത് അപകടം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുമായി നാട്ടുകാർ. 12 ഇടങ്ങളിലാണ് ഓടക്കയത്ത് ഉരുൾപൊട്ടിയത്. നെല്ലിയായി കോളനിയിൽ ഏഴുപേർ മരിച്ച പ്രദേശത്താണ് സന്ദർശകരെത്തുന്നത്.
ഏത് സമയവും ഉരുൾപൊട്ടാവുന്ന സാഹചര്യമാണിവിടെ ഇപ്പോഴുമുള്ളത്. മുഴുവൻ കുടുംബങ്ങളേയും ഇവിടെ നിന്ന് മാറ്റിപ്പാർപ്പിച്ചത് തന്നെ ഈ ഭീതി കൊണ്ടാണ്. എന്നാൽ, സുരക്ഷ മുന്നറിയിപ്പ് അനുസരിക്കാതെ ഇവിടങ്ങളിലെത്തുന്നത് വൻ അപകടം സൃഷ്ടിക്കും. റവന്യൂ അധികൃതരും പൊലീസും ഇവിടങ്ങളിലേക്കുള്ള ജനങ്ങളുടെ അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
