ഇന്നലെ രക്ഷിച്ചത് 82,442 പേരെ; ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത് 3,14,391 പേർ.
text_fieldsതിരുവനന്തപുരം: പ്രളയക്കെടുതിയിൽപെട്ട 82,442 പേരെയാണ് വെള്ളിയാഴ്ച രക്ഷപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലുവയിൽ 71,591പേരെയും ചാലക്കുടിയിൽ 5550 പേരെയും ചെങ്ങന്നൂരിൽ 3060 പേരെയും കുട്ടനാട്ട് 2000 പേരെയും തിരുവല്ല, ആറന്മുള എന്നിവിടങ്ങളിൽനിന്ന് 741 പേരെയുമാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ മേയ് 29 മുതൽ വെള്ളിയാഴ്ച രാവിലെ വരെ 324 പേർ കാലവർഷക്കെടുതിയിൽ മരിെച്ചന്നാണ് ഒൗദ്യോഗിക കണക്ക്. സംസ്ഥാനത്തെ 2094 ക്യാമ്പുകളിലായി 70,085 കുടുംബങ്ങളിൽനിന്നുള്ള 3,14,391 പേരാണ് കഴിയുന്നത്. ഇവർക്ക് ഭക്ഷണം, മരുന്ന് എന്നിവ ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടുവരുന്നതായും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
40,000 പൊലീസുകാർ, 3200 ഫയർഫോഴ്സ് അംഗങ്ങൾ, നേവിയുടെ 46 ടീം, എയർേഫാഴ്സിെൻറ 13, ആർമിയുടെ 18, കോസ്റ്റ്ഗാർഡിെൻറ 16, എൻ.ഡി.ആർ.എഫിെൻറ 21 ടീമുകളുമാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട് വരുന്നത്. വ്യോമസേനയുടെ 16 ഹെലിേകാപ്ടറുകളും എൻ.ഡി.ആർ.എഫിെൻറ 79 ബോട്ടുകളും മത്സ്യത്തൊഴിലാളികളുടെ ഉൾപ്പെടെ 403 ബോട്ടുകളുമാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്. ചാലക്കുടി, ചെങ്ങന്നൂർ മേഖലകളിലാണ് കൂടുതൽ പ്രശ്നം. ഒഴുക്ക് കൂടുതലായതാണ് ഇവിടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് തടസ്സം. ശനിയാഴ്ചതന്നെ ഇൗ മേഖലകളിലുള്ളവരെ പൂർണമായും രക്ഷിക്കാനാകുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആർമിയുടെ 12 വലിയ ബോട്ടുകൾ ശനിയാഴ്ച ചാലക്കുടിയിൽ എത്തും. കാലടിയിൽ അഞ്ച് േബാട്ടുകളും കൂടുതലായി എത്തും. ചെങ്ങന്നൂരിൽ ആർമിയുടെ 15ഉം തിരുവല്ലയിൽ 10ഉം േബാട്ടുകൾ കൂടുതലായി ഉപയോഗിക്കും. ചാലക്കുടിയിലേക്കും ചെങ്ങന്നൂരിലേക്കും നാല് വ്യോമസേനഹെലികോപ്ടറുകൾ വീതം നാളെ കാലത്തു മുതൽ കൂടുതലായി ഉപയോഗിക്കും. തിരുവല്ല, ആറന്മുള, കോഴഞ്ചേരി ഭാഗങ്ങളിൽ നാവിക സേനയുടെ മൂന്ന് ഹെലികോപ്ടറുകൾ രാവിലെ ആറു മുതൽതന്നെ രക്ഷാപ്രവർത്തനം ആരംഭിക്കും. പഞ്ചാബ്, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങൾ പാക്ക് ചെയ്ത ഭക്ഷണം ലഭ്യമാക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
ആവശ്യത്തിന് ശുദ്ധജലം ലഭ്യമാക്കാമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഒന്നര ലക്ഷം കുപ്പി കുടിവെള്ളം അവർ ലഭ്യമാക്കിയിട്ടുണ്ട്. കാബിനറ്റ് സെക്രട്ടറിയുമായി ചീഫ് സെക്രട്ടറി വിഡിയോ കോൺഫറൻസ് വഴി പ്രശ്നങ്ങൾ ചർച്ച ചെയ്തിരുന്നു. 600ലധികം മോട്ടോർ ബോട്ടുകൾ അടിയന്തരമായി ലഭ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കൂടുതൽ ഹെലികോപ്ടറുകളും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദുരിത മേഖലയിൽ ഫിഷറീസ് വകുപ്പിെൻറ 400 യാനങ്ങൾ
തിരുവനന്തപുരം: പ്രളയദുരിതത്തിൽപെട്ടവരെ രക്ഷിക്കാൻ ഫിഷറീസ് വകുപ്പ് 400ഓളം ഔട്ട്ബോഡ് മോട്ടോർ വള്ളങ്ങളും ബോട്ടുകളും ലഭ്യമാക്കിയതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ മത്സ്യബന്ധന തുറമുഖങ്ങളിൽനിന്നാണ് വിവിധ ബോട്ടുകൾ അയച്ചത്.
അതേസമയം, പ്രളയക്കെടുതിയിലെ രക്ഷാദൗത്യത്തിന് തലസ്ഥാനത്തുനിന്ന് ചെറുവള്ളങ്ങളുമായി മത്സ്യത്തൊഴിലാളികളും. ഒാഖി ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തി പരിചയമുള്ളവരും നീന്തൽ വിദഗ്ധരുമടങ്ങുന്നതാണ് രക്ഷാസംഘം. തലസ്ഥാനത്തുനിന്ന് ഇതുവരെ 60 ബോട്ടുകളാണ് ദുരന്തമേഖലയിലേക്ക് പുറപ്പെട്ടത്. ഒരു ബോട്ടിൽ മൂന്ന് പേരുണ്ടാകും. കുടിവെള്ളവും ഭക്ഷണസാധനങ്ങളുമായാണ് യാത്ര.
സഹായവുമായി എയർ ഇന്ത്യയും മൊബൈൽ കമ്പനികളും
കൊച്ചി: സംസ്ഥാനത്തെ ദുരന്തബാധിതർക്ക് സഹായവുമായി എയർ ഇന്ത്യയും മൊബൈൽ കമ്പനികളും. മഴക്കെടുതി കണക്കിലെടുത്ത് കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് സേവനങ്ങൾക്ക് നിരവധി ഇളവുകൾ പ്രഖ്യാപിച്ചു. ആഗസ്റ്റ് 26 വരെ കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് ടിക്കറ്റുകൾ സൗജന്യമായി റദ്ദാക്കുകയോ മാറ്റംവരുത്തുകയോ ചെയ്യാം.
യാത്രക്കാർക്ക് യാത്രത്തീയതിയോ പുറപ്പെടുന്ന സ്ഥലമോ മാറ്റാം. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിൽനിന്ന് സേവനം ലഭ്യമാകും. സെക്ടർ മാറ്റുന്നതിനും സേവനം സൗജന്യമാണ്. കൊച്ചിയിൽനിന്ന് മാത്രം 92 ദുബൈ സർവിസാണ് എയർ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്നത്. യാത്ര റദ്ദാക്കുന്നവർക്ക് മുഴുവൻ തുകയും തിരിച്ചുനൽകും. ഗൾഫിലെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും.
മൊബൈൽദാതാക്കളും സൗജന്യ സേവനവുമായി രംഗത്തെത്തി. ബി.എസ്.എൻ.എൽ, ജിയോ, എയർടെൽ, വോഡഫോൺ, ഐഡിയ തുടങ്ങിയ സേവനദാതാക്കളാണ് സൗജന്യ ഡാറ്റയും കോളുകളും നൽകുന്നത്. 20 മിനിറ്റ് സൗജന്യ കോളാണ് ബി.എസ്.എൻ.എൽ ഓഫർ. ദിവസവും ബി.എസ്.എൻ.എൽ നമ്പറുകളിലേക്കും മറ്റു നെറ്റ്‌വർക്കുകളിലേക്കും 20 മിനിറ്റ് സൗജന്യമായി വിളിക്കാം. ഏഴു ദിവസത്തേക്ക് സൗജന്യ ഡാറ്റയും എസ്.എം.എസ് സേവനവും ബി.എസ്.എൻ.എൽ വാഗ്ദാനം ചെയ്യുന്നുണ്ട്. 10 രൂപയുടെ ടോക്ക് ടൈമാണ് ഐഡിയ സൗജന്യമായി നൽകുന്നത്. ഒരു ജി.ബി സൗജന്യഡാറ്റയും നൽകുന്നുണ്ട്. ഒരാഴ്ച പരിധിയില്ലാത്ത കോളുകളും ഡാറ്റയുമാണ് ജിയോ വാഗ്ദാനം. വോഡഫോൺ 30 രൂപയുടെ സൗജന്യ സംസാരസമയവും ഒരു ജി.ബി ഡാറ്റയുമാണ് നൽകുന്നത്

പ്രളയക്കെടുതി: എറണാകുളത്ത് അഞ്ച് മരണം; രണ്ടുപേരെ കാണാതായി
കൊച്ചി: പ്രളയം ദുരിതം വിതറിയ എറണാകുളം ജില്ലയിൽ െവള്ളക്കെട്ടിൽ വീണ് മൂന്നുപേരടക്കം അഞ്ചു മരണം. രണ്ടു പേരെ കാണാതായി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന റെയില്‍വേ ആശുപത്രി അറ്റന്‍ഡര്‍ രമണിയുടെ മകന്‍ ഷെറിന്‍ (37), കളമശ്ശേരി വിടാഴക്കുഴ സുധാലയത്തിൽ അശോക്കുമാർ (55), മൂവാറ്റുപുഴ തൃക്കളത്തൂർ എവറസ്റ്റ് കവലയിലെ പാഴ്സൽ കമ്പനി ജീവനക്കാരൻ ശങ്കരൻ (65) എന്നിവരാണ് മുങ്ങി മരിച്ചത്. മൂവാറ്റുപുഴയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയായിരുന്ന പൈക്കാട്ട് പീറ്ററിെൻറ ഭാര്യ മേരി (52), റോഡിലെ വെള്ളക്കെട്ട് മൂലം കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാനാവാതെ ഹൃദയാഘാതത്തെ തുടർന്ന് മൂവാറ്റുപുഴ ആരക്കുഴ പെരിങ്ങഴ ആശാരിപറമ്പിൽ എ. കെ. അജിത്കുമാർ (43) എന്നിവരും മരിച്ചു. അശോക്കുമാർ രക്ഷാപ്രവർത്തനത്തിനിടെയാണ് മുങ്ങിമരിച്ചത്.
വ്യാഴാഴ്ചത്തെ മഴയിൽ റെയില്‍വേ സ്റ്റേഷന് ക്വാര്‍ട്ടേഴ്‌സിന് സമീപം വെള്ളക്കെട്ടുണ്ടായതിനെ തുടര്‍ന്ന് ക്വാര്‍ട്ടേഴ്‌സില്‍നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് സാധനങ്ങള്‍ മാറ്റുന്നതിനിടെ ഷെറിനെ കാണാതാവുകയായിരുന്നു. രാവിലെ വെള്ളമിറങ്ങിയപ്പോഴാണ് ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ കാനയില്‍ മൃതദേഹം കണ്ടെത്തിയത്. ഗവ. ഗേള്‍സ് സ്‌കൂളിന് സമീപം ബേക്കറി നടത്തിവരുകയായിരുന്നു. വ്യാഴാഴ്ച വീട്ടിൽ വെള്ളം കയറുന്നതിനാൽ ഭാര്യയെയും കുട്ടികളെയും ബന്ധു വീട്ടിലാക്കിയശേഷം രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാകുന്നതിനിടെയാണ് അശോക് കുമാർ അപകടത്തിൽപ്പെട്ടത്. ഭാര്യ: മിനി. മക്കൾ: അജിത്, ആതിര.
ആനിക്കാട് സെൻറ് സെബാസ്റ്റ്യൻ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽവെച്ച് വെള്ളിയാഴ്ച പുലർച്ചയാണ് മേരി കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് അവശനായ അജിത്കുമാറിനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും റോഡിൽ വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ സാധിച്ചില്ല. പെരിങ്ങഴ ഗ്രാൻറ്മാസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. മൂവാറ്റുപുഴ എവറസ്റ്റ് കവലയിലെ പാഴ്സൽ കമ്പനിയിൽ ജീവനക്കാരനായ ശങ്കരെൻറ മൃതദേഹം വെള്ളത്തിൽ പൊങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തെ രണ്ടു ദിവസമായി കാണാനില്ലായിരുന്നു. എവറസ്റ്റ് കവലയിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്ന കമ്പനിയിൽ വെള്ളം കയറിയിരുന്നു. സാധാരണ കമ്പനിയിൽ തന്നെയാണ് രാത്രി താമസിച്ചിരുന്നത്. വെള്ളപ്പൊക്കത്തിൽ രക്ഷപ്പെടാനാകാതെ കുടുങ്ങിയതാകാമെന്നാണ് പൊലീസ് കരുതുന്നത്.
ചേരാനല്ലൂർ കുന്നുംപുറത്തും വൈപ്പിനിലുമായാണ് രണ്ടു പേരെ കാണാതായത്.
രക്ഷാപ്രവർത്തനത്തിനിടെ വള്ളം മറിഞ്ഞ് പുതുവൈപ്പ് മറ്റപ്പിള്ളി കുമാരൻറ മകൻ മിഥുൻ കുമാറിനെ (23) കാണാതായി. വൈപ്പിൻ ഒാച്ചന്തുരുത്ത് അത്തോച്ചക്കടവിലായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തിക്കൊണ്ടുവരുന്നതിനിടെ ഒഴുക്കിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുേമ്പാഴാണ് ഓട്ടോ ഡ്രൈവറായ വട്ടേക്കുന്നം വേഴപ്പിള്ളിയിൽ ബാബുവെന്ന അബ്ദുൽ ജലീൽ (55) ഒഴുക്കിൽപ്പെട്ടത്. വീട്ടിൽ വെള്ളം കയറിയതിനാൽ കുടുംബത്തെ ബന്ധു വീട്ടിലെത്തിച്ച് മടങ്ങിവരും വഴി നിറഞ്ഞൊഴുകുന്ന പാലത്തിന് സമീപം രണ്ടുപേർ കളിക്കുന്നതിനിടെ ഒരാൾ വെള്ളത്തിൽ വീണ് ഒഴുക്കിൽപ്പെട്ടു. കൂടെയുള്ളയാൾ ഇയാളെ രക്ഷപ്പെടുത്തുന്നത് കണ്ട ജലീലും ഒപ്പം കൂടി. യുവാവിനെ രക്ഷപ്പെടുത്തി മടങ്ങും വഴി ജലീൽ ഒഴുക്കിൽപ്പെട്ടു. മറ്റ് രണ്ട് പേരും നീന്തി രക്ഷപ്പെട്ടു. ആലുവ പൊലീസ് ക്ലബിന് സമീപം ആളുകളെ രക്ഷിച്ചുകൊണ്ടുവരുന്നതിനിടെ വള്ളം മറിഞ്ഞ് നിരവധി ആളുകൾ വെള്ളത്തിൽ വീണെങ്കിലും എല്ലാവരെയും രക്ഷപ്പെടുത്തി. മറ്റ് പല സ്ഥലങ്ങളിലും ആളുകളെ കാണാതായെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.

സർക്കാർ ജീവനക്കാരുടെ ഉത്സവബത്തയും ദുരിതാശ്വാസ നിധിയിലേക്ക്
തിരുവനന്തപുരം: പ്രളയദുരന്തത്തിെൻറ സാഹചര്യത്തിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഉത്സവബത്തയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ധാരണ. നേരത്തേ രണ്ടുദിവസത്തെ ശമ്പളം നൽകാൻ സർവിസ് സംഘടനകളുടെ യോഗത്തിൽ ധാരണയായിരുന്നു.
കഴിഞ്ഞ ദിവസം ചേർന്ന പ്രത്യേക മന്ത്രിസഭയോഗത്തിലാണ് ഉത്സവ ബത്ത കൂടി ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് അഭ്യർഥിക്കാൻ തീരുമാനിച്ചത്. ചീഫ് സെക്രട്ടറി ടോം ജോസ് വെള്ളിയാഴ്ച സർവിസ് സംഘടനകളുടെ യോഗം വീണ്ടും വിളിച്ച് ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നു. എല്ലാ സംഘടനകളും ഇത് അംഗീകരിച്ചതായാണ് വിവരം. ഉത്സവബത്ത വഴി 110 കോടി ദുരിതാശ്വാസ നിധിയിലേക്കെത്തും.
മാസം 26,000 രൂപക്ക് മുകളിൽ ശമ്പളം വാങ്ങുന്ന ജീവനക്കാർക്കാണ് 2750 രൂപ ഉത്സവബത്തക്ക് അർഹത. അതിന് താഴെയുള്ളവർക്ക് ബോണസും. സ്ഥിതി ഒരാഴ്ച മുമ്പുള്ളതിനെക്കാൾ ഗുരുതരമാണെന്ന് ചീഫ് സെക്രട്ടറി യോഗത്തിൽ വിശദീകരിച്ചു. 5.10 ലക്ഷം ജീവനക്കാരിൽ അര ലക്ഷത്തിൽ താഴെ പേർ മാത്രമാണ് ബോണസിന് അർഹത. ബാക്കിയുള്ളവരെല്ലാം ഉത്സവബത്ത വാങ്ങുന്നവരാണ്. കഴിഞ്ഞ ദിവസം ഏഴ് കോടിയോളം രൂപ ഉത്സവബത്തയായി ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചിരുന്നു. ഇൗ തുക സെപ്റ്റംബറിൽ തിരിച്ചു പിടിക്കുമെന്ന് ധനകാര്യ സെക്രട്ടറി യോഗത്തിൽ അറിയിച്ചു. സർക്കാർ നിർദേശം സ്വാഗതാർഹമാണെന്ന് എൻ.ജി.ഒ യൂനിയൻ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
