28 മരണം കൂടി: മഴക്ക് നേരിയ ശമനം
text_fields2.30 ലക്ഷം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ
ഉരുൾപൊട്ടലുണ്ടായ തൃശൂർ വടക്കാഞ്ചേരി കുറാഞ്ചേരിയിൽ നാലു മൃതദേഹങ്ങൾകൂടി കണ്ടെത്തി
●സംസ്ഥാനത്ത് മഴക്ക് അല്പം ശമനമുണ്ടായെങ്കിലും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിൽ അതി ഗുരുതരസ്ഥിതി തുടരുന്നു. ഇൗ ജില്ലകളില്‍ ആയിരക്കണക്കിന് പേർ കെട്ടിടങ്ങളുടെ മുകളിലും മറ്റും ഒറ്റപ്പെട്ട നിലയിലാണ്. അവരെ അടിയന്തരമായി രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണ്. ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത ദുരന്തത്തെ നേരിടാൻ എല്ലാവരും ഉണർന്നുപ്രവർത്തിക്കുന്ന കാഴ്ചയാണ് എല്ലായിടത്തും. 2.30 ലക്ഷം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്.
●വിവിധ ജില്ലകളിലായി വെള്ളിയാഴ്ച 28 പേർ കൂടി മരിച്ചു.
●പ്രളയം ബാധിച്ച ജില്ലകളിൽ ജനജീവിതം താറുമാറായത് തുടരുകയാണ്. ജലനിരപ് അൽപം താഴ്ന്നെങ്കിലും മിക്ക പ്രദേശങ്ങളും വെള്ളത്തിൽതന്നെയാണ്. പല റൂട്ടിലും ബസുകൾ ഒാടുന്നില്ല. ഇന്ധനക്ഷാമം രൂക്ഷമാണ്. കടകൾ മിക്കതും അടഞ്ഞുതന്നെ. നിത്യോപയോഗ സാധനങ്ങൾക്ക് ക്ഷാമം നേരിടുന്നുണ്ട്.
●പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിൽ വീടുകളിൽ ഒറ്റപ്പെട്ടും ദുരിതാശ്വാസ ക്യാമ്പുകളിലും കഴിയുന്ന 40,000 ത്തോളം പേർക്കും ഭക്ഷണവും കുടിവെള്ളവും എത്തിക്കാൻ പ്രയാസപ്പെടുകയാണ് രക്ഷാപ്രവർത്തകർ. ആറന്മുള, കോഴഞ്ചേരി, പന്തളം, തിരുവല്ലയിലെ രണ്ട് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മാത്രമാണ് അധികൃതർക്ക് എത്താനാവുന്നത്. അവിടെനിന്ന് ബോട്ടുകളിൽ ഭക്ഷണസാധനങ്ങൾ എത്തിക്കാനാണ് ശ്രമം. അതേസമയം, ജില്ലയുടെ കിഴക്കൻ മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
●ഇടുക്കിയിൽ വെള്ളിയാഴ്ച നാലുപേർക്ക് കൂടി ജീവൻ നഷ്ടമായി. വണ്ടിപ്പെരിയാർ, മുട്ടം, മൂലമറ്റം എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്. ഏലപ്പാറ ചപ്പാത്തിലെ പാലത്തിൽ കുടുങ്ങിയ നിലയിൽ ഒരാളുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പലയിടത്തും മണ്ണിടിയുന്നുണ്ട്. വെള്ളിയാഴ്ച പുലർച്ച അടിമാലിയിൽ മൂന്നുനില കെട്ടിടം ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. ആളപായമില്ല.
●വ്യാഴാഴ്ച ഉരുൾപൊട്ടലുണ്ടായ തൃശൂർ വടക്കാഞ്ചേരി കുറാഞ്ചേരിയിൽ നാലു മൃതദേഹങ്ങൾകൂടി കണ്ടെത്തി. ഇതോടെ മരണം 16 ആയി. ഇനിയും മൂന്നുപേർക്കായി തിരച്ചിൽ തുടരുകയാണ്. പാലക്കാട് ചേരിൻകാടും കോട്ടോപാടത്തും വ്യാഴാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. വെള്ളിയാഴ്ച ചാലക്കുടിയിൽ വീട് ഇടിഞ്ഞുവീണ് കോട്ടാറ്റ് കണ്ണമ്പുഴ ഏലിക്കുട്ടിയും (75) മകൻ ആൻസണും (45) മരിച്ചു. െകാടുങ്ങല്ലൂർ ആല ഗോതുരുത്തിൽ യുവാവ് മുങ്ങി മരിച്ചു. ഒറ്റപ്പെട്ട ചാലക്കുടി, മാള, കുഴൂർ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ഉൗർജിത ശ്രമം നടക്കുന്നു.
●എറണാകുളം ജില്ലയിൽ അഞ്ചുപേർ കൂടി മരിച്ചു. രക്ഷാപ്രവർത്തനത്തിനിടെ െവള്ളത്തിൽ വീണ രണ്ടു പേരെ വൈപ്പിൻ ഞാറക്കലിലും ചേരാനല്ലൂർ കുന്നുംപുറത്തുമായി കാണാതായി. ആലുവയിൽ പല സ്ഥലങ്ങളിലും ഒന്നാം നിലക്ക് മുകളിലും വെള്ളമാണ്. പെരിയാർ കടന്നുപോകുന്ന ആലുവ, ഏലൂർ, പറവൂർ, കാലടി, മലയാറ്റൂർ, പെരുമ്പാവൂർ, മൂവാറ്റുപുഴ മേഖലകൾ വെള്ളത്തിലാണ്. വടക്കൻ പറവൂർ, ഞാറക്കൽ എന്നിവയും പ്രളയ ഭീഷണിയിലാണ്. പറവൂർ വഴി പടിഞ്ഞാറൻ മേഖലയിലൂടെയും പെരുമ്പാവൂർ, കാലടി വഴി കിഴക്ക് എം.സി റോഡിലൂടെയും വടക്കൻ ജില്ലകളിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്.
●കുട്ടനാട്ടിലെ സ്ഥിതി അതിഗുരുതരമാണ്. പ്രാണരക്ഷാർഥം കുട്ടനാട്-അപ്പർ കുട്ടനാട് മേഖലകളിൽനിന്ന് ആയിരങ്ങൾ പലായനം ചെയ്യുകയാണ്. കിട്ടുന്ന ബോട്ടുകളിൽ സ്ത്രീകളും കുട്ടികളും അടക്കം നാലായിരത്തോളം പേർ കഴിഞ്ഞദിവസം ചങ്ങനാശ്ശേരിയിൽ എത്തി.
●കൊല്ലം ക്ലാപ്പനയിൽ വെള്ളിയാഴ്ച മീൻ പിടിക്കുന്നതിനിടെ വയലിലെ വെള്ളത്തിൽ വീണ് ഒരാൾ മരിച്ചു. പുനലൂരിൽ മഴക്കൊപ്പം ചുഴലിക്കാറ്റും വീശിയടിച്ചത് ദുരിതം ഇരട്ടിപ്പിച്ചു.
രക്ഷാപ്രവർത്തനത്തിന് 5000 പൊലീസുകാർ കൂടി
തിരുവനന്തപുരം: പ്രളയബാധിത മേഖലയിൽ അടിയന്തര രക്ഷാപ്രവർത്തനത്തിന് 5000 പൊലീസുകാരെക്കൂടി വിന്യസിപ്പിച്ചു. രണ്ടുദിവസമായി 35,000ത്തോളം പൊലീസുകാർ രംഗത്തുണ്ട്. രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനത്തിന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഡി.ഐ.ജി ഷെഫീൻ അഹമ്മദ്, എറണാകുളം ജില്ലയിൽ ഐ.ജി വിജയ് സാക്കറെ, തൃശൂർ ജില്ലയിൽ ഐ.ജി എം.ആർ. അജിത്കുമാർ എന്നിവർ മേൽനോട്ടം വഹിക്കും.
തൃശൂരിൽ റേഞ്ച് ഐ.ജിക്ക് പുറമെ ഐ.ജി എസ്. ശ്രീജിത്തും രക്ഷാപ്രവർത്തനത്തെ സഹായിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് താഴെപ്പറയുന്നവർക്കുകൂടി അധിക ചുമതല നൽകി.
ആറന്മുള, തിരുവല്ല, റാന്നി -കെ.ജി. സൈമൺ, കമാൻഡൻഡ്, കെ.എ.പി 3.
ചെങ്ങന്നൂർ, കുട്ടനാട് -റെജി ജേക്കബ്, അസി. ഡയറക്ടർ.
ആലുവ -കാർത്തികേയൻ ഗോകുലചന്ദ്രൻ, കമാൻഡൻഡ്, കെ.എ.പി 5.
ചാലക്കുടി -കെ.എസ്. സുദർശൻ, എസ്.പി, അനാലിസിസ് വിങ്, സി.ബി.സി.ഐ.ഡി.
വടക്കേക്കര, പരവൂർ, കൊടുങ്ങല്ലൂർ, വലപ്പാട് -സാബു മാത്യു, എസ്.പി, സി.ബി.സി.ഐ.ഡി, എറണാകുളം.
ഗ്രൗണ്ട് ഓപറേഷൻ ചുമതലകളായിരിക്കും ഈ ഉദ്യേഗസ്ഥർ നിർവഹിക്കുക. ബന്ധപ്പെട്ട ഡിവൈ.എസ്.പി ഓഫിസുകളിൽ റീജനൽ കൺേട്രാൾ റൂമുകളും ആരംഭിച്ചിട്ടുണ്ട്. റീജനൽ കൺേട്രാൾ റൂമിെൻറ ചുമതല:
ആറന്മുള, തിരുവല്ല, റാന്നി, പത്തനംതിട്ട ജില്ലയിലെ മറ്റ് ദുരന്തബാധിത പ്രദേശങ്ങൾ -കെ.ടി. ചാക്കോ, ഡെപ്യൂട്ടി കമാൻഡൻഡ്, കെ.എ.പി -3, ഫോൺ: 9497 990 242
ചെങ്ങന്നൂർ, കുട്ടനാട് -റെജി ജേക്കബ്, അസി. ഡയറക്ടർ, ഫോൺ: 9497 996929
ആലുവയും സമീപ പ്രദേശങ്ങളും -കെ.കെ. അജി, അസി. ഡയറക്ടർ, കെ.ഇ.പി.എ, ഫോൺ: 9497 996 932
ചാലക്കുടി -പി.എസ്. ഗോപി, അസി. ഡയറക്ടർ (അഡ്മിൻ), കെ.ഇ.പി.എ, ഫോൺ: 9497 996 931
വടക്കേക്കര, പരവൂർ, കൊടുങ്ങല്ലൂർ, വലപ്പാട് -പി.വി. രാജു, ഡെപ്യൂട്ടി ഡയറക്ടർ, കെ.എ.പി -1, ഫോൺ: 9497 990 240
മുഖ്യമന്ത്രി അമേരിക്കൻ യാത്ര നീട്ടി; ജർമനിയിൽനിന്ന് മന്ത്രി രാജുവിനെ തിരിച്ചു വിളിച്ചു
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയെ നേരിടാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കൻ യാത്ര മാറ്റിവെച്ചു. ചികിത്സക്കായി ഇൗ മാസം 19ന് പുറപ്പെടാനായിരുന്നു തീരുമാനിച്ചിരുന്നത്. അതേസമയം, സംസ്ഥാനം വെള്ളത്തിൽ മുങ്ങിയിരിക്കെ, മന്ത്രി കെ. രാജു ആഗോള മലയാളി സമ്മേളനത്തിൽ സംബന്ധിക്കാൻ ജർമനിയിലേക്ക് പുറപ്പെട്ടത് വിവാദമായി.
ഇദ്ദേഹത്തെ പാർട്ടി ഇടപെട്ട് പിന്നീട് തിരിച്ചുവിളിച്ചു. മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, കെ. രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് ഡോ. എം.കെ. മുനീർ, എം.പിമാരായ ശശി തരൂര്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.കെ. മുനീര്‍ എം.എല്‍.എ എന്നിവരെയാണ് സമ്മേളനത്തിലേക്ക് മുഖ്യാതിഥികളായി ക്ഷണിച്ചത്.
രക്ഷാപ്രവർത്തനം: കൂടുതൽ ഉദ്യോഗസ്ഥർക്ക് ചുമതല
തിരുവനന്തപുരം: ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്കി. ഭക്ഷണത്തിെൻറയും കുടിവെള്ളത്തിെൻറയും ഏകോപനം വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണുവിനും മരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമല്വർധന റാവുവിനുമാണ്. രക്ഷാപ്രവര്‍ത്തകരുടെയും സേനയുടെയും വിന്യാസവും ജില്ല കലക്ടര്‍മാരുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കുന്നതിെൻറയും ചുമതല ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ജ്യോതിലാലിനും ഊര്‍ജ സെക്രട്ടറി സഞ്ജയ് കൗളിനുമാണ്. ക്യാമ്പുകളും അനുബന്ധ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് ജില്ല കലക്ടര്‍മാരുമായി ഏകോപനം നടത്തുന്നതിന് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവനെയും ചുമതലപ്പെടുത്തി.
ഇടുക്കി ജലനിരപ്പ് 2401.92 അടി; മുല്ലപ്പെരിയാർ 140.80
തൊടുപുഴ: മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്ന നിലയിൽ. അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്ത് മഴയും നീരൊഴുക്കും ശക്തമായതാണ് കാരണം. മുല്ലപ്പെരിയാർ ജലനിരപ്പ് വെള്ളിയാഴ്ച 140.80ലേക്ക് എത്തി. അണക്കെട്ടിലെ 13 ഷട്ടറും തുറന്ന നിലയിലാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വെള്ളിയാഴ്ച 2401.92 അടിയാണ്. 2403 ആണ് പൂർണ സംഭരണശേഷി.
പ്രളയക്കെടുതി അതീവ ഗുരുതരം: കൂടുതൽ കേന്ദ്രസഹായം ആവശ്യപ്പെട്ടു-മുഖ്യമന്ത്രിപ്രളയക്കെടുതിയുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ പ്രശ്നങ്ങളുള്ളത് ചാലക്കുടിയിലും ചെങ്ങന്നൂരിലുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചാലക്കുടിയിലും ചെങ്ങന്നൂരിലും കൂടുതല്‍ ഹെലിക്കോപ്റ്ററുകള്‍ ശനിയാഴ്ച രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിക്കും. വലിയ ബോട്ടുകളും നാളെമുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കും. വെള്ളിയാഴ്ച പകല്‍ 82,442 പേരെ രക്ഷപ്പെടുത്തി. 2094 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. 3,14,391 പേര് ക്യാമ്പുകളില്‍ കഴിയുന്നുവെന്ന് മുഖ്യമന്ത്രി.

‘നെടുമ്പാേശ്ശരിയെ’ ഉൾക്കൊള്ളാൻ തിരുവനന്തപുരം സജ്ജം
തിരുവനന്തപുരം: അടിയന്തരസാഹചര്യം കണക്കിലെടുത്ത് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാനസർവിസുകൾ ഉൾക്കൊള്ളാൻ തിരുവനന്തപുരം വിമാനത്താവളം സജ്ജം. പ്രതിദിനം 250 വിമാന സർവിസുകൾ ഒാപറേറ്റ് ചെയ്യാനുള്ള ശേഷിയും അടിസ്ഥാനസൗകര്യവും തിരുവനന്തപുരത്തിനുണ്ട്.
അതേസമയം, നൂറോളം സർവിസുകൾ മാത്രമാണ് ഇപ്പോഴുള്ളത്. ഇൗ സാഹചര്യം കണക്കിലെടുത്ത് ആഗസ്റ്റ് 22 വെര നെടുമ്പാശ്ശേരിയിൽ നിന്നുള്ള സർവിസുകൾ തിരുവനന്തപുരം കേന്ദ്രീകരിച്ച് നടത്താൻ എയർപോർട്ട് അതോറിറ്റി ഇതിനോടകം അനുമതി നൽകി. ഇതനുസരിച്ച് കഴിഞ്ഞദിവസം മുതൽ തന്നെ നെടുമ്പാശ്ശേരിയിലേക്കുള്ള സർവിസുകൾ തിരുവനന്തപുരത്ത് ഇറങ്ങിത്തുടങ്ങി. നെടുമ്പാശ്ശേരി വഴി ടിക്കറ്റെടുത്ത യാത്രക്കാെര വിമാനക്കമ്പനികൾതന്നെ റോഡ്മാർഗം തിരുവനന്തപുരത്തെത്തിക്കുന്നുണ്ട്.
അതേസമയം, തലസ്ഥാനത്തെത്താൻ കഴിയാത്തവർക്ക് മറ്റ് വിമാനത്താവളങ്ങൾ വഴിയും ടിക്കറ്റ് നൽകുന്നുണ്ട്. കൊച്ചിയില്‍ നിന്ന് ചെെന്നെ വഴി മാലിയിലേക്ക് സര്‍വിസ് നടത്തിയിരുന്ന സ്പൈസ് ജെറ്റ് സര്‍വിസ് തിരുവനന്തപുരത്തേക്ക് മാറ്റി. കൂടുതല്‍ വിമാനങ്ങള്‍ എത്തുന്നതോടെ ജീവനക്കാരുടെ ജോലിഭാരം കൂടുമെങ്കിലും അടിയന്തരസാഹചര്യത്തില്‍ കൂടുതല്‍ ഉൗര്‍ജസ്വലരായി പ്രവര്‍ത്തിക്കുകയാണ് ജീവനക്കാര്‍.
കടലിെൻറ എതിര്‍ദിശയില്‍ സ്ഥിതിചെയ്യുന്ന വിമാനത്താവളം എന്ന നിലയിൽ എത് കാലാവസ്ഥയിലും വിമാനങ്ങള്‍ക്ക് ലാന്‍ഡിങ്ങും ടേക്ക്ഓഫും നടത്താന്‍ കഴിയുമെന്നത് തിരുവനന്തപുരത്തിെൻറ പ്രത്യേകതയാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂടല്‍മഞ്ഞ് ഉണ്ടാകുമ്പോള്‍ നേരേത്ത വിമാനങ്ങള്‍ തിരിച്ചുവിടുന്നത് തിരുവനന്തപുരത്താണ്. ഇതിനുപുറെമ വിമാനത്താവള റണ്‍വേയുടെ മറുവശത്തെ ടെക്നിക്കല്‍ ഏരിയയില്‍ കേന്ദ്രീകരിച്ചാണ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി വ്യോമസേനയുടെ വിമാനങ്ങള്‍ പറന്നുയരുന്നത്. ഇവര്‍ക്ക് എല്ലാ സഹായങ്ങളും എയര്‍പോര്‍ട്ട് അതോറിറ്റി നല്‍കുന്നുണ്ട്.
തമിഴ്നാട്ടിൽ നിന്നുള്ള ഒാക്സിജൻ ലോറികൾ നാഗർകോവിൽ വഴി എത്തിക്കാൻ നിർദേശം
തിരുവനന്തപുരം: സംസ്ഥാനെത്ത ആശുപത്രികളിലേക്ക് ഓക്സിജനുമായിവരുന്ന ലോറികള്‍ നാഗര്‍കോവില്‍ വഴി എത്തിക്കാൻ നിർദേശം. സംസ്ഥാനത്തെ റോഡുഗതാഗതം തകരാറായ സാഹചര്യത്തിലാണിത്. ഓക്സിജനുമായി വരുന്ന ലോറികള്‍ പലതും വഴിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതേത്തുടർന്ന് ഗവ, സ്വകാര്യമേഖലയിലെ ആശുപത്രികൾ ഓക്സിജന്ക്ഷാമ ഭീഷണി നേരിടുകയും ചെയ്തിരുന്നു. ഇതോടെയാണ് തെക്കന്‍ജില്ലകളിലേക്കുള്ള ലോറികള്‍ കോയമ്പത്തൂരില്‍നിന്ന് നാഗര്‍കോവില്‍ വഴി എത്തിക്കാന്‍ നിർദേശം നൽകിയത്. ആരോഗ്യവകുപ്പിെൻറ മുന്‍കരുതലുകള്‍ അവലോകനം ചെയ്യാന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിർദേശം.
പ്രളയമേഖലയിലെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ ആരോഗ്യവകുപ്പിലെ സ്ഥലം മാറ്റങ്ങള്‍ താൽക്കാലികമായി മരവിപ്പിക്കും. എല്ലാ പഞ്ചായത്തുകളിലും ആറ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ താൽക്കാലികാടിസ്ഥാനത്തില് ഒരുമാസത്തേക്ക് നിയമിക്കും. എല്ലാ ഒഴിവുകളും നികത്താനും അവധിദിവസങ്ങളില്‍ ആവശ്യത്തിന് ജീവനക്കാരുടെ സാന്നിധ്യം ഉറപ്പാക്കും. വെള്ളം ഇറങ്ങുന്ന സമയത്ത് പാലിക്കേണ്ട നടപടികളെപ്പറ്റി ആരോഗ്യവകുപ്പ് മാര്‍ഗനിർദേശം പുറപ്പെടുവിച്ചു. ശുചീകരണത്തിനും ക്ലോറിനേഷനും ആവശ്യമായ ബ്ലീച്ചിങ് പൗഡര്‍, ക്ലോറിന്‍ തുടങ്ങിയവ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. വെള്ളം ഇറങ്ങുന്നതിെൻറ തൊട്ടടുത്തദിവസം ആരോഗ്യവകുപ്പിെൻറ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങും.
പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന, ജില്ല കണ്ട്രോള് റൂമുകള്‍ തുറക്കും. ടൈഫോയിഡ്, ടെറ്റനസ്, മീസില്‍സ് തുടങ്ങിയ രോഗങ്ങളെ ചെറുക്കാന്‍ പ്രതിരോധ കുത്തിവെപ്പ് ശക്തിപ്പെടുത്തും. വെള്ളം ഇറങ്ങുന്ന സമയത്ത് രോഗസാധ്യത കൂടുതലാണ്. അത് മുന്നില്‍കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
