അപ്രതീക്ഷിത വെള്ളപ്പാച്ചിലിൽ ഒറ്റപ്പെട്ട് പന്തളം
text_fieldsപന്തളം: അപ്രതീക്ഷിതമായ വെള്ളപ്പാച്ചിലിൽ ഒറ്റപ്പെട്ട് പന്തളം. വ്യാഴാഴ്ച രാത്രി 11ഒാടെ അച്ചൻകോവിലാർ കരകവിഞ്ഞ് പന്തളം നഗരത്തിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു. വ്യാഴാഴ്ച പകൽ പന്തളത്തിെൻറ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സുരക്ഷിതമായി മാറ്റിയിരുന്നു. എന്നാൽ, നഗര കേന്ദ്രത്തിലേക്ക് രാത്രി വെള്ളം ഇരച്ചുകയറിയതോടെ നഗരവാസികൾ പരിഭ്രാന്തരായി. ഒരു മുൻകരുതലും സ്വീകരിക്കാതെ വിടൊഴിയേണ്ട സാഹചര്യമായി.
ഇരുനില ക്കെട്ടിടത്തിെൻറ മുകളിലേക്ക് മാറ്റിയവരെ രാവിലെ ബോട്ടുകൾ എത്തിച്ച് രക്ഷപ്പെടുത്തി ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച കടക്കാട്, മുടിയൂർക്കോണം എന്നിവിടങ്ങളിലാരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വെള്ളം കയറിയതും പ്രതിസന്ധിയായി. നഗരത്തിൽ പുതുതായി പത്തോളം ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. ആയിരത്തിലധികം വീടുകളും നഗരകേന്ദ്രത്തിലെ വ്യാപാരസ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. കൊല്ലത്തുനിന്നും തിരുവനന്തപുരത്തുനിന്നും അഞ്ച് ബോട്ടുകൾ എത്തിച്ചാണ് വീടുകളിൽ കുടുങ്ങിക്കിടന്നവരെ രക്ഷിച്ചത്. ഇടക്ക് ഇന്ധനക്ഷാമം രൂക്ഷമായത് ബോട്ടുകളുടെ പ്രവർത്തനത്തിന് തടസ്സമായി. മറ്റ് സ്ഥലങ്ങളിൽനിന്ന് മണ്ണെണ്ണയും പെേട്രാളുമെത്തിച്ചാണ് ബോട്ടുകൾ പ്രവർത്തിച്ചത്.
വെള്ളിയാഴ്ച മഴ മാറിനിന്നത് ദുരിതാശ്വാസ പ്രവർത്തനത്തിന് സഹായമായി. നഗരസഭയുടെ സമീപ പഞ്ചാത്തുകളിലും ദുരിത പൂർണമായിരുന്നു സ്ഥിതി.
ആറ്റിലെ ജലം കരകവിഞ്ഞതോടെ കുളനട, തുമ്പമൺ, പന്തളം തെക്കേക്കര പഞ്ചായത്തുകളിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പന്തളം നഗരസഭയിലെ പുതുമന, നെല്ലിക്കുന്ന് ഭാഗങ്ങൾ പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. പന്തളത്തെ ആശുപത്രികളിൽ ആവശ്യത്തിന് ജീവനക്കാരില്ലാതായതും ദുരിതത്തിന് കാരണമായി. മിക്കവരെയും അടൂരിലേക്ക് മാറ്റുകയായിരുന്നു.അവശ നിലയിലെത്തിയ ഒരു രോഗിയെ കൊണ്ടുപോകാൻ ആരോഗ്യ വകുപ്പിെൻറ വാഹനം നൽകാത്തത് രാവിലെ തർക്കത്തിന് കാരണമായി.
ജലനിരപ്പ് താഴാതെ പമ്പയും മണിമലയും മീനച്ചിലും
കോട്ടയം: മഴക്ക് അൽപം ശമനമുണ്ടായെങ്കിലും മധ്യകേരളം ഇപ്പോഴും പ്രളയഭീതിയിൽ തന്നെ. മഴയുടെ ശക്തി കുറഞ്ഞത് ദുരിതബാധിത മേഖലകളിൽ ആശ്വാസത്തിന് വകനൽകുന്നുണ്ടെങ്കിലും പുഴകളിലെ ജലനിരപ്പ് താഴാത്തത് അപ്പർകുട്ടനാട്ടിലും കുട്ടനാട്ടിലും കോട്ടയം-പത്തനംതിട്ട ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിലും കടുത്ത ആശങ്ക സൃഷ്ടിക്കുന്നു.
മീനച്ചിലും മണിമലയും അച്ചൻകോവിലും അഴുതയും പമ്പയും ചെറുതോടുകളും നിറഞ്ഞൊഴുകുന്നതിനാൽ വരുംദിവസങ്ങളിൽ കുട്ടനാടും അപ്പർകുട്ടനാടും മുങ്ങുമെന്നാണ് റിപ്പോർട്ട്. നിലവിൽ കുട്ടനാട്ടിലെ സ്ഥിതി അതിഗുരുതരമാണെന്ന് സർക്കാർ വൃത്തങ്ങളും അറിയിച്ചു. പ്രാണരക്ഷാർഥം കുട്ടനാട്-അപ്പർ കുട്ടനാട് മേഖലകളിൽനിന്ന് ആയിരങ്ങൾ പലായനം ചെയ്യുകയാണ്. ഇവർക്കായി ജില്ല ഭരണകൂടവും നഗരസഭയും സന്നദ്ധ സംഘടനകളും സഭ നേതൃത്വവും വിപുല സംവിധാനം ഒരുക്കുന്നുണ്ട്.
അതേസമയം, കോട്ടയത്തിെൻറ താഴ്ന്ന പ്രദേശങ്ങളിലും പത്തനംതിട്ടയിലും രക്ഷാപ്രവർത്തനം എങ്ങും എത്തിയിട്ടില്ല. പന്തളം-ആറന്മുള-കോഴേഞ്ചരി-തിരുവല്ല-റാന്നി എന്നിവിടങ്ങളിൽ ആയിരക്കണക്കിനാളുകൾ വീടുകളിൽ കുടുങ്ങിയിരിക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് എവിടെയും. ഇനിയും വീടൊഴിയാത്തവരും നിരവധി. പ്രധാന പാതകളിലെല്ലാം ഗതാഗതം തടസ്സപ്പെട്ടതും പ്രതിസന്ധി രൂക്ഷമാക്കുന്നു. എം.സി റോഡിലും കോട്ടയം-കുമളി, കോട്ടയം-വൈക്കം-എറണാകുളം റോഡിലും ഗതാഗതം ഭാഗികമാണ്. പന്തളത്ത് റോഡിൽ വെള്ളം നിറഞ്ഞതിനാൽ ബസ് സർവിസ് പൂർണമായി നിലച്ചു. കോട്ടയം-കുമരകം-േചർത്തല റോഡും അടച്ചു. കോട്ടയം വഴി ഒറ്റ ട്രെയിനും ഒാടുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
