Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെങ്ങന്നൂരിൽ സ്ഥിതി...

ചെങ്ങന്നൂരിൽ സ്ഥിതി അതീവ ഗുരുതരം; സൈന്യത്തിൻെറ സഹായം തേടി എം.എൽ.എ

text_fields
bookmark_border
ചെങ്ങന്നൂരിൽ സ്ഥിതി അതീവ ഗുരുതരം; സൈന്യത്തിൻെറ സഹായം തേടി എം.എൽ.എ
cancel

ആലപ്പുഴ: ചെങ്ങന്നൂരിൽ ഏറ്റവും അപകടകരമായ സാഹചര്യം നിലനിൽക്കുന്നു എന്ന് എം.എൽ.എ സജി ചെറിയാൻ. പതിനായിരക്കണക്കിന് പേര് മരണാസന്നരാണെന്ന് എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു. അര ലക്ഷത്തോളം പേർ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നു. എയർ ലിഫ്റ്റിങ് അല്ലാതെ മറ്റു മാര്ഗങ്ങളൊന്നുമില്ല. അടിയന്തിരമായി സൈന്യം വരണമെന്നും എം.എൽ.എ അഭ്യർത്ഥിച്ചു.

"ദയവു ചെയ്ത് ഞങ്ങൾക്കൊരു ഹെലികോപ്ടർ താ... ഞാൻ കാലുപിടിച്ചു പറയാം.. ഞങ്ങളെ ഒന്നു സഹായിക്ക്... എൻറെ നാട്ടുകാര് മരിച്ചുപോകും. എൻറെ നാട്ടിലെ അമ്പതിനായിരം പേര് മരിച്ചുപോകും. ഞങ്ങളെ സഹായിക്ക്... എയർ ലിഫ്റ്റിംഗല്ലാതെ ഇവിടെ വേറെ വഴിയില്ല, രാഷ്ട്രീയ ഇടപെടൽ കൊണ്ട് മത്സ്യബന്ധന വള്ളങ്ങൾ കൊണ്ടുവന്ന് ഞങ്ങളാവുന്നത് ചെയ്യുകയാണ്. ഞങ്ങൾക്കൊന്നും ചെയ്യാനാകുന്നില്ല. എൻറെ വണ്ടിയടക്കം നിലയില്ലാവെള്ളത്തിൽ കിടക്കുകയാണ്. ഇവിടെ പട്ടാളമിറങ്ങണം. ഞങ്ങൾ മരിച്ചുപോകും ഞങ്ങളെ സഹായിക്ക്... പ്ലീസ്... പ്ലീസ്... പ്ലീസ്....", സജി ചെറിയാന്റെ വാക്കുകൾ.

കുട്ടനാട്ടില​ും ചെങ്ങന്നൂരിലും രക്ഷാപ്രവർത്തനത്തിന് പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം -മന്ത്രി
ആലപ്പുഴ: ദ്വീപുകളിലും ചെങ്ങന്നൂരിലും ഇനിയും രക്ഷിക്കാനുള്ളവരുടെ പട്ടിക അടിയന്തരമായി തയാറാക്കാൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ജില്ല ഭരണകൂടത്തിന് നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിന് ചെങ്ങന്നൂരിലും കുട്ടനാട്ടിലും പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം. കുട്ടനാട്ടിൽ രക്ഷാപ്രവർത്തനം നിയന്ത്രണവിധേയമായതോടെ ചെങ്ങന്നൂരിൽ കൂടുതൽ ശ്രദ്ധിക്കാനും മന്ത്രി കലക്ടറോട് ആവശ്യപ്പെട്ടു. ചെങ്ങന്നൂരിൽ ഇതുവരെ സഹായമെത്താത്തയിടങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. രക്ഷാപ്രവർത്തനത്തിന് എത്തിക്കുന്ന എല്ലാ ബോട്ടും ഉപയോഗപ്പെടുത്തണം. കുടിവെള്ളം തിളപ്പിച്ച് നൽകാൻ അതത് പഞ്ചായത്തുകളെ ചുമതലപ്പെടുത്താനും അദ്ദേഹം നിർദേശിച്ചു. കലക്ടറേറ്റിലെത്തിയ മന്ത്രി കലക്ടർ എസ്. സുഹാസ്, സ്‌പെഷൽ ഓഫിസർ എൻ. പദ്മകുമാർ, സബ് കലക്ടർ വി.ആർ. കൃഷ്ണതേജ, ബന്ധപ്പെട്ട വകുപ്പ്​ ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി രക്ഷാപ്രവർത്തനം വിലയിരുത്തി.

ചെങ്ങന്നൂരിലെ രക്ഷാപ്രവർത്തനം ഊർജിതമായി
ആലപ്പുഴ: പ്രതികൂല കാലാവസ്ഥയും ആറ്റിലെ ഒഴുക്കും മഴയും മൂലം പ്രതിസന്ധി നേരിട്ട ചെങ്ങന്നൂരിലെ രക്ഷാപ്രവർത്തനം വെള്ളിയാഴ്ച നേരം പുലർന്നതോടെ ഊർജിതമായി. കൊടിക്കുന്നിൽ സുരേഷ് എം.പി, സജി ചെറിയാൻ എം.എൽ.എ, അഡീഷനൽ ജില്ല മജിസ്​ട്രേറ്റ്​, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ എന്നിവരുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ താലൂക്ക് ഓഫിസിൽ കൺട്രോൾ റൂം സജ്ജമാക്കിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 41 മത്സ്യത്തൊഴിലാളി ബോട്ടുകൾ സക്രിയമായി ചെങ്ങന്നൂരിൽ വെള്ളക്കെട്ടിലകപ്പെട്ടവരെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കാൻ രാവിലെ മുതൽ രംഗത്തുണ്ടായിരുന്നു. കൊല്ലത്തുനിന്നുള്ള മത്സ്യത്തൊഴിലാളികളുടെ ബോട്ടും എത്തി. ആവശ്യമായ അധികം ബോട്ടുകൾ ചള്ളിയുൾ​െപ്പടെയുള്ള കടപ്പുറത്തുനിന്നും ഇവിടെ എത്തിക്കാനുള്ള ശ്രമം നടത്തുന്നതായി മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ പറഞ്ഞു. ജില്ല ഭരണകൂടം ഇടപെട്ട് കൂടുതൽ വള്ളങ്ങൾ ചെങ്ങന്നൂരിൽ എത്തിക്കുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ 19 വള്ളങ്ങൾ കൂടി ചെങ്ങന്നൂരിന്​ അനുവദിച്ചു.

രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി ജില്ല ഭരണകൂടം
ആലപ്പുഴ: രക്ഷാപ്രവർത്തനത്തിന് എല്ലാവിധ നേതൃത്വവും നൽകി ജില്ല ഭരണകൂടം രംഗത്തുണ്ട്. മുഴുസമയ കൺട്രോൾ റൂമിൽ ലഭിക്കുന്ന വിവരങ്ങൾക്കനുസരിച്ച് രക്ഷാപ്രവർത്തനത്തിന് പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ് ഈ ടീം ചെയ്യുന്നത്. കലക്ടർ എസ്. സുഹാസ്, സ്പെഷൽ ഓഫിസർ എൻ. പദ്​മകുമാർ, സബ്കലക്​ടർ കൃഷ്ണ തേജ എന്നിവരാണ് എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത്. ഇവർക്ക് വേണ്ട നിർദേശങ്ങൾ നൽകി ജില്ലയിലെ മന്ത്രിമാരും രംഗത്തുണ്ട്.


എസ്.പിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ സേനയുടെ പ്രവർത്തനം
ആലപ്പുഴ: വ്യാഴാഴ്ച രാത്രിയോടെ ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ ചെങ്ങന്നൂരിൽ എത്തി വിവിധ സേനാവിഭാഗങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നു. എൻ.ഡി.ആർ.എഫ്, എ.ടി.ബി.പി എന്നിവർ രംഗത്തുണ്ട്. കൂടാതെ ഫയർഫോഴ്സ്, കേരള പൊലീസ് എന്നിവരെയും രംഗത്തിറക്കിയിട്ടുണ്ട്. ചെങ്ങന്നൂരിൽ ഒറ്റപ്പെട്ടുപോയവരെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാനാണ് സേന മുൻഗണന നൽകുന്നത്. നിലവിലുള്ളതുകൂടാതെ നൂറോളം പൊലീസ് സേനാംഗങ്ങളെക്കൂടി രക്ഷാപ്രവർത്തനത്തിന് വിനിയോഗിച്ചിട്ടുണ്ട്.

കുത്തിയൊഴുകി നദികൾ; ഭീതിയോടെ ജനം
ചെങ്ങന്നൂർ: ഭീതിവിതച്ച്​ വെള്ളം കുത്തിയൊഴുകുന്ന കാഴ്ചകളാണ് പമ്പ, അച്ചൻകോവിൽ, മണിമലയാറുകളുടെ പല ഭാഗത്തും അനുഭവപ്പെടുന്നത്. ഗ്രാമങ്ങളും നഗരങ്ങളും ഒരേ പോലെ നദിയായി ഒഴുകി. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തും പരിപൂർണമായി കെടുതിയിലമർന്നു. ചെങ്ങന്നൂർ നഗരസഭ പ്രദേശം കൂടാതെ പാണ്ടനാട്, പുലിയൂർ, ബുധനൂർ, മാന്നാർ, വെൺമണി, ചെറിയനാട്, ചെന്നിത്തല-തൃപ്പെരുന്തുറ, തിരുവൻവണ്ടൂർ, മുളക്കുഴ, ആലാ ഗ്രാമപഞ്ചായത്തുകളിലെ നൂറുകണക്കിന്​ കുടുംബങ്ങൾ ഒന്നാംനിലയുടെ മുകളിലും ടെറസിലും ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഫലപ്രദമായ ഏകീകരണമില്ലാതെ രക്ഷാപ്രവർത്തനങ്ങൾ നടക്കാതെ അവതാളത്തിലായിരിക്കുകയാണ്. ശക്തമായ ഒഴുക്കുമൂലം പലഭാഗത്തും എത്തിച്ചേരാനും കഴിയുന്നില്ല.

മാന്നാർ മുസ്​ലിം ജുമാമസ്ജിദിലെ മദ്​റസ ഹാൾ, ചെങ്ങന്നൂർ എൻജിനീയറിങ്​ കോളജ്, സി.എസ്.ഐ പള്ളി, കത്തോലിക്ക പള്ളി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളിൽ ആയിരക്കണക്കിന്​ ആളുകളാണ് കഴിയുന്നത്. ചെങ്ങന്നൂർ നഗരത്തിലെ കടകളിൽ ഭക്ഷ്യവസ്തുക്കൾ എല്ലാം തീർന്നു. വെൺമണി ഗ്രാമത്തിലെ ഉയർന്ന പ്രദേശങ്ങളൊഴികെയുള്ള ഭാഗങ്ങൾ വെള്ളക്കെട്ടിലമർന്നു. റോഡരികിലെ ഇരുനില വീടുകളിൽ താഴെ ജലം കയറിയതോടെ മുകളിലത്തെ നിലയിലേക്ക് അഭയം തേടിയിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളായി മാറിയ കല്യാത്ര ജെ.ബി സ്കൂൾ, മലങ്കര കത്തോലിക്ക പള്ളി, പെന്തക്കോസ്ത് ഹാൾ എന്നിവിടങ്ങളിൽ വെള്ളം കയറി. എം.സി റോഡി​​​െൻറയും സംസ്ഥാന പാതകളുടെയും മിക്കഭാഗത്തും രൂക്ഷ വെള്ളക്കെട്ടുകളാണ്. മംഗലം, ഇടനാട്, പാണ്ടനാട്, തിരുവൻവണ്ടൂർ, പുലിയൂർ, ബുധനൂർ എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക്​ എത്തിച്ചേർന്നവർ പോലും കുടുങ്ങി. കൊല്ലം, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന്​ മത്സ്യബന്ധന വള്ളങ്ങൾ ബോഡി ഉയർന്ന ലോറികളിൽ ഈ ഭാഗങ്ങളിലേക്ക്​ നൂറുകണക്കിന്​ എത്തിച്ചേരുന്നു. കൂടാതെ, പല ഭാഗത്തുനിന്നായി രക്ഷാപ്രവർത്തനങ്ങൾക്കും കൂടുതൽ പേർ എത്തുന്നത് ആശ്വാസകരമായി മാറിയിട്ടുണ്ട്.

മഴയും വെള്ളപ്പൊക്കവും; ജനജീവിതം ദുസ്സഹം
ചെങ്ങന്നൂർ: ദിവസങ്ങളായി തുടരുന്ന മഴയും വെള്ളപ്പൊക്കവും ജനജീവിതം ആകെ ദുസ്സഹമാക്കി. സംസ്ഥാന പാതകളിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കേ, തീരദേശ പാതയിലൂടെയുള്ള യാത്രയും മുടങ്ങാൻ സാധ്യത ഏറെയാണെന്ന വിവരം ജനങ്ങളെ ആശങ്കയിലാഴ്ത്തി. പെട്രോൾ, -ഡീസൽ ടാങ്കർ ലോറികളുടെ വരവ്​ കുറഞ്ഞത്​ ഇന്ധനക്ഷാമം എപ്പോഴും ഉണ്ടാകാമെന്ന അവസ്ഥയാണ് ആളുകളിൽ സൃഷ്​ടിച്ചിട്ടുള്ളത്. രണ്ടുദിവസമായി ഓരോരുത്തരും തങ്ങളുടെ വാഹനങ്ങളിൽ പരമാവധി ഇന്ധന ശേഖരണം നടത്തുകയാണ്. ഇതോടെ പെട്രോൾ പമ്പുകളിൽ തിക്കും തിരക്കുമായി. വാഹനങ്ങൾ നിരന്ന് ക്യൂ റോഡുകളിലേക്ക്​ നീങ്ങുകയാണ്. 

പാണ്ടനാട്, മുളക്കുഴ, ചെങ്ങന്നൂർ, ബുധനൂർ തുടങ്ങിയ സ്ഥലങ്ങളിലെ പമ്പുകൾ വെള്ളക്കെട്ടിലമർന്നപ്പോൾ പ്രവർത്തനം നിർത്തിവെക്കാൻ നിർബന്ധിതമായതോടെ ഇവിടെനിന്ന്​ സ്ഥിരമായി ഇന്ധനം നിറക്കുന്നവർകൂടി മറ്റ്​ സ്ഥലങ്ങളിലേക്ക്​ മാറി. ദീർഘദൂര-^ഹ്രസ്വദൂര യാത്രകൾ നടത്താൻ ഇപ്പോൾ കഴിയില്ലെങ്കിലും മറ്റ് അടിയന്തരവും അത്യാവശ്യവുമായ കാര്യങ്ങൾ ഒഴിച്ചുകൂടാനാകാത്ത സാഹചര്യം എപ്പോഴാണ് ഉണ്ടാകുന്നത് എന്നറിയില്ല. സ്വകാര്യബസ് സർവിസുകൾ വ്യാഴാഴ്ച നാമമാത്രമായിരുന്നു. വെള്ളിയാഴ്ച അതുപോലുമില്ല. മാന്നാർ^-കായംകുളം റൂട്ടിൽ ഏതാനും കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണ് സർവിസ് നടത്തുന്നത്. ചരക്കുഗതാഗതം നിലച്ചതോടെ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള നാഷനൽ പെർമിറ്റ് ലോറികൾ വരുന്നില്ല. കടകമ്പോളങ്ങൾ വിജനമാണ്. പച്ചക്കറി, -പലചരക്ക് സാധനങ്ങൾക്ക് ക്ഷാമമായി.

പല ബാങ്കിലും ഉദ്യോഗസ്ഥർക്ക്​ വിവിധ സ്ഥലങ്ങളിൽനിന്നും എത്തിച്ചേരാൻ കഴിയാഞ്ഞതോടെ പ്രവർത്തിക്കുന്നില്ല. റോഡുകൾ പുഴ പോലെയായി. വീടുകളിൽനിന്നും ജനങ്ങൾ കഴുത്തറ്റം വെള്ളത്തിലൂടെ നടന്ന്, ഈറൻ മാറുന്നതിനുവേണ്ടി മാത്രം മാറോട് അടുക്കിപ്പിടിച്ച വളരെ അത്യാവശ്യം വേണ്ട തുണികൾ കരുതി ആത്മരക്ഷാർഥം ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കോ പത്തനാപുരം, കൊല്ലം തുടങ്ങിയ ദൂരെ സ്ഥലങ്ങളിലെ ബന്ധു-സൃഹൃത്ത് വീടുകളിലേക്കോ അഭയം പ്രാപിച്ച് നീങ്ങുന്ന കാഴ്ചയാണ്. മഴക്ക് വെള്ളിയാഴ്​ച അൽപം ശമനമുണ്ടായെങ്കിലും വെള്ളത്തി​​​െൻറ വരവ് കൂടി ജലവിതാനം ഉയരുകയാണ്. സംസ്ഥാനപാതയിലൂടെ അനേകം ലോറികളിലായി വള്ളങ്ങൾ ഒന്നിനുപിറകെ മറ്റൊന്നായി ചെങ്ങന്നൂരി​​​െൻറ വിവിധ ഭാഗങ്ങളിലേക്ക്​ പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്.

 


 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsdisaster in keralaKerala SOSKerala FloodsKerala Flood Relief. heavy rain
News Summary - heavy rain disaster in kerala- kerala news
Next Story