മഴ: മൂന്നു മരണം; കാസർകോടും കണ്ണൂരും റെഡ് അലർട്ട്
text_fieldsതിരുവനന്തപുരം: വടക്കൻ കേരളത്തിലടക്കം കാലവർഷം അതിതീവ്രത പ്രാപിച്ച സാഹചര്യത്തിൽ ചൊവ്വാഴ്ച കാസർകോട്, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിൽ ചൊവ്വാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂരിലും കോഴിക്കോടും രണ്ടുപേർ മുങ്ങിമരിച്ചു.
തിങ്കളാഴ്ച പെയ്ത മഴയിൽ സംസ്ഥാനത്ത് 11 വീടുകൾ പൂർണമായും 102 വീടുകൾ ഭാഗികമായും തകർന്നു. ഇതോടെ ഈ മാസം എട്ടുമുതൽ പെയ്ത മഴയിൽ പൂർണമായി തകർന്ന വീടുകളുടെ എണ്ണം 108 ആയി. 1546 വീടുകളാണ് ഭാഗികമായി തകർന്നത്. 45 കുടുംബങ്ങളിലായി 226 പേരെക്കൂടി ഇന്നലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രവേശിപ്പിച്ചു.
26 ദുരിതാശ്വാസ ക്യാമ്പുകളിലായി 379 കുടുംബങ്ങളിലെ 1519 പേരാണുള്ളത്. കോട്ടയം ജില്ലയിലാണ് കൂടുതൽ ക്യാമ്പുകൾ തുറന്നിരിക്കുന്നത് -ഒമ്പത്. തിരുവനന്തപുരത്താണ് ഏറ്റവുമധികം ആളുകൾ ക്യാമ്പുകളിൽ അഭയം തേടിയിരിക്കുന്നത്. ഇവിടെ ആറ് ക്യാമ്പുകളിലായി 170 കുടുംബങ്ങളിലെ 680 പേരാണ് ഉള്ളത്. പത്തനംതിട്ടയിൽ രണ്ടു ക്യാമ്പുകളിലായി 201 പേരും ആലപ്പുഴയിൽ മൂന്ന് ക്യാമ്പുകളിലായി 288 പേരും കോട്ടയത്ത് 208 പേരുമുണ്ട്.
ചൊവ്വാഴ്ച രാത്രി 11.30 വരെ പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള തീരപ്രദേശങ്ങളിൽ 3.5 മുതൽ 4.1 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു. കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആവാനുള്ള സാധ്യതയുള്ളതിനാൽ കേരള, കർണാടക, തെക്ക് തമിഴ്നാട്, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്.
വടക്കൻ കേരളത്തിൽ ബുധനാഴ്ച വരെ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. അതേസമയം, തെക്കൻ കേരളത്തിൽ മഴയുടെ കരുത്ത് ചോർന്നിട്ടുണ്ട്. ഒരാഴ്ചയായി ലഭിച്ച ശക്തമായ മഴമൂലം ഡാമുകളിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. മഴയുടെ കുറവ് 49 ശതമാനത്തിൽനിന്ന് 29ലേക്ക് എത്തിയിട്ടുണ്ട്.തിരുവനന്തപുരത്ത് കടൽക്ഷോഭം തുടരുകയാണ്.
വെള്ളക്കെട്ടിൽ മരിച്ചനിലയിൽ
കാക്കൂർ (കോഴിക്കോട്): കാണാതായ മധ്യവയസ്കൻ വെള്ളക്കെട്ടിൽ മരിച്ചനിലയിൽ. രാമല്ലൂർ പുതുക്കുളങ്ങര കൃഷ്ണൻകുട്ടിയെയാണ് (65) രാമല്ലൂർ സ്കൂളിനു സമീപത്തെ വയലിലെ വെള്ളക്കെട്ടിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. ഞായറാഴ്ച നാലിന് വീട്ടിൽനിന്നിറങ്ങിയ കൃഷ്ണൻകുട്ടി രാത്രി 10 വരെ എത്തിയിരുന്നില്ല. ബന്ധുവീടുകളിലൊന്നും എത്തിയതായുള്ള വിവരവും വീട്ടുകാർക്ക് ലഭിച്ചില്ല. തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് കൃഷ്ണൻകുട്ടി മരിച്ചുകിടക്കുന്നത് കണ്ടത്.
കാക്കൂർ സബ് ഇൻസ്പെക്ടർ കെ.കെ. ആഗേഷ് ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. ഭാര്യ: ശോഭന. മക്കൾ: ദീപ, ദിവ്യ, ദിപിഷ, ദീപ്തി. മരുമക്കൾ: മനോജ്, ഷൈജു, സുധീഷ്, ജിതിൻ. സഹോദരങ്ങൾ: ചിരുതായി, പരേതരായ രാമൻകുട്ടി, കല്യാണി, പറായി.
പയ്യന്നൂരില്‍ യുവാവ് കുളത്തില്‍ തെന്നിവീണ് മരിച്ചു
കണ്ണൂർ: പയ്യന്നൂരില്‍ കുളത്തിലേക്ക് തെന്നിവീണ യുവാവ് മുങ്ങിമരിച്ചു. കുഞ്ഞിമംഗലം കിഴക്കാരിയില്‍ ചന്ദേക്കാരന്‍ രവിയുടെ മകന് രതുല്‍ (22) ആണ് മരിച്ചത്. ശക്തമായ കാറ്റിലും മഴയിലും രതുല്‍ കുളത്തിലേക്ക് തെന്നിവീഴുകയായിരുന്നു.
ഇരിട്ടിയില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ യുവാവിന് വേണ്ടിയുള്ള തിരച്ചിലിനായി നാവികസേനയുടെ സഹായം തേടി. ഇരിട്ടി മണിക്കടവ് മാട്ടറ ചപ്പാത്ത് പാലം കടക്കുമ്പോഴാണ് ജീപ്പ് ഒഴുക്കില്‍പെട്ടത്. കോളിത്തട്ട് സ്വദേശി കാരിത്തടത്തില്‍ ലിതീഷിനെയാണ് കാണാതായത്. ഞാറാഴ്ചയായിരുന്നു അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
